Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 ജൂണ് (H.S.)
കെഎസ്ആർടിസിയിൽ ഒരുമാസത്തെ ശമ്പളച്ചെലവ് 106 കോടി രൂപ. പെൻഷനു ചെലവാകുന്നത് 72 കോടി രൂപയാണ്. നിലവിൽ കെഎസ്ആർടിസിയിൽ 28,228 ജീവനക്കാരും 42,585 പെൻഷൻകാരുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. ആകെയുള്ള 28,228 ജീവനക്കാരിൽ 20,904 പേർ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്. ആകെ ജീവനക്കാരിൽ 3,414 പേർ വനിതകളാണ്.
കഴിഞ്ഞ ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിനായി കോർപ്പറേഷന് മൊത്തം 106,34,53,076 രൂപയാണ് ചെലവായത്. ഇതിൽ നെറ്റ് ശമ്പളമായി മാത്രം 94,20,04,993 രൂപ വിതരണം ചെയ്തു. സ്ഥിരം ജീവനക്കാരുടെ ഗ്രോസ് ശമ്പളം മാത്രം 93.30 കോടി രൂപ വരും. ശമ്പളത്തിന് പുറമെ കോർപ്പറേഷൻ്റെ വലിയൊരു ബാധ്യത പെൻഷൻ വിതരണമാണ്. 2026 ഏപ്രിലിലെ കണക്കനുസരിച്ച് 42,585 പേർക്ക് പെൻഷൻ നൽകാനായി മാത്രം 72,44,10,133 രൂപ ചെലവഴിച്ചു.
2026 ഏപ്രിൽ മാസത്തിൽ ടിക്കറ്റ് ഇനത്തിൽ കോർപ്പറേഷന് ലഭിച്ച വരുമാനം 227.63 കോടി രൂപയാണ്. എന്നാൽ തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷമായ 2025- 26 ൽ ടിക്കറ്റിതര വരുമാനമായി 330.96 കോടി രൂപ കെഎസ്ആർടിസിക്ക് ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാന സർക്കാർ പരസ്യ ഇനത്തിൽ 3,87,66,151 രൂപ കോർപ്പറേഷന് നൽകി.
2021 മുതൽ കെഎസ്ആർടിസി നേരിട്ട് ബസുകളിൽ പരസ്യം ചെയ്ത് തുടങ്ങിയതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. 2021ൽ 1.31 കോടിയായിരുന്ന പരസ്യവരുമാനം 2022ൽ 8.53 കോടിയായും, 2024ൽ അത് 8.77 കോടിയായും ഉയർന്നു. 2025ൽ 7.51 കോടി രൂപയാണ് പരസ്യ ഇനത്തിൽ നേരിട്ട് സമാഹരിച്ചത്.
2016- 17 സാമ്പത്തിക വർഷം മുതൽ 2025- 26 വരെയുള്ള കഴിഞ്ഞ പത്തുവർഷത്തിനിടെ വായ്പകൾ എന്ന ശീർഷകത്തിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചത്. കണക്കുകൾ പ്രകാരം 2023- 24 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും ഉയർന്ന തുക (2065.57 കോടി രൂപ) സർക്കാർ സഹായമായി നൽകിയത്. തൊട്ടുപുറകിൽ 2021- 22 വർഷത്തിൽ 2037.51 കോടി രൂപയും നൽകി.
കോർപ്പറേഷൻ്റെ ആസ്തി ബാധ്യതകൾ സംബന്ധിച്ച കൃത്യമായ ഓഡിറ്റ് വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്. സിഎജിയുടെ ഓഡിറ്റിന് വിധേയമാക്കി നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ളത് 2021- 22 സാമ്പത്തിക വർഷം വരെയുള്ള കണക്കുകൾക്ക് മാത്രമാണെന്നും വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാല സമർപ്പിച്ച അപേക്ഷക്ക് മറുപടി ലഭിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR