Enter your Email Address to subscribe to our newsletters

Ernakulam , 26 ജൂണ് (H.S.)
ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രത്യേകിച്ച് ജന്മനാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന അഭയാർഥികൾക്കും പ്രത്യാശയുടെയും മോചനത്തിന്റെയും സന്ദേശം നൽകിക്കൊണ്ടാണ് മുഹറം സമാഗതമായത്. നിരോധിക്കപ്പെട്ടത്, ആദരണീയമായത് എന്നൊക്കെ അർഥമുള്ള 'മുഹറം' മാസത്തെ തികഞ്ഞ ബഹുമാനത്തോടെയും ആത്മീയ ചിന്തകളോടെയുമാണ് മുസ്ലിം സമൂഹം സ്വീകരിക്കുന്നത്.
പ്രവാചകൻ മുഹമ്മദ് നബി ജന്മനാടായ മക്കയിൽ നിന്നും മദീനയിലേയ്ക്ക് നടത്തിയ പലായനത്തെ അടിസ്ഥാനമാക്കിയാണ് ഹിജ്റ കലണ്ടർ നിലവിൽ വന്നത്. ഈ കലണ്ടറിലെ പ്രഥമ മാസം കൂടിയാണ് മുഹറം. ഇസ്ലാമിക നാഗരികതയുടെ മുന്നേറ്റത്തിൽ ഒരു നാഴിക കല്ല് കൂടിയാണ് മുഹറം. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളെ അടിച്ചമർത്തുന്ന ഏകാധിപതികൾക്കുള്ള ശക്തമായ താക്കീതാണ് മുഹറം നൽകുന്നതെന്ന് ഫൈളു റഹ്മാൻ ഇർഫാനി അഭിപ്രായപ്പെട്ടു.
ചരിത്രത്തിൽ ഒരിക്കലും അക്രമികൾക്ക് ശാശ്വത വിജയം ഉണ്ടായിട്ടില്ലെന്നും പീഡിത ജനതയുടെ ഉയിർത്തെഴുന്നേൽപ്പാണ് ലോകം കണ്ടിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾക്കായി ഈ പുണ്യമാസത്തിൽ വിശ്വാസികൾ പ്രാർഥനകൾ അധികരിപ്പിക്കേണ്ടതുണ്ട്. നന്മയോടെയുള്ള ഒരു തുടക്കം വർഷം മുഴുവൻ അനുകൂലമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ, ഈ പുതുവർഷാരംഭത്തെ പുണ്യകർമ്മങ്ങൾ കൊണ്ട് ധന്യമാക്കാൻ വിശ്വാസികൾ തയ്യാറെടുക്കുന്നു. ദുഃഖാചരണങ്ങൾക്കോ അമിതമായ ആഘോഷങ്ങൾക്കോ ഉള്ള വേദിയല്ല മുഹറം, മറിച്ച് അത് സൃഷ്ടാവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കേണ്ട ആരാധനകളുടെ മാസമാണ്.
ചരിത്ര സംഭവങ്ങളുടെ സംഗമഭൂമി: ആശൂറാ
മുഹറം പത്താം ദിവസമായ 'ആശൂറാ' ഇസ്ലാമിക ചരിത്രത്തിലെ സമാനതകളില്ലാത്ത അനേകം അത്ഭുതങ്ങൾക്കും അനുഗ്രഹങ്ങൾക്കും സാക്ഷ്യം വഹിച്ച ദിനമാണ്. മുൻകാല പ്രവാചകന്മാർക്ക് അല്ലാഹു സവിശേഷമായ ആദരവും മോചനവും നൽകിയ പത്ത് ചരിത്ര മുഹൂർത്തങ്ങളെ മുൻനിർത്തിയാണ് ഇതിന് ആശൂറാ എന്ന പേര് വന്നതെന്നാണ് പണ്ഡിത അഭിപ്രായം. മൂസാ നബിയെയും അനുയായികളെയും ക്രൂരനായ ഫിർഔന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയും ശത്രുക്കളെ നൈൽ നദിയിൽ മുക്കി നശിപ്പിക്കുകയും ചെയ്തത് ഈ പവിത്ര ദിനത്തിലായിരുന്നു.
ഈ പാരമ്പര്യം ഉൾക്കൊണ്ട് മുസ്ലിങ്ങളോടും ആശൂറാ ദിനത്തിൽ വ്രതമനുഷ്ഠിക്കാൻ പ്രവാചകൻ കൽപ്പിക്കുകയുണ്ടായി. ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഒരു ഹദീസിൽ ഖൈബർ നിവാസികൾ ആശൂറാ ദിവസം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അതിനെ അവർ ആഘോഷ ദിവസമാക്കിയിരുന്നു. സ്ത്രീകൾക്ക് ആഭരണങ്ങളും നല്ല വസ്ത്രങ്ങളും ധരിപ്പിക്കുമായിരുന്നു. അപ്പോൾ നബി(സ) പറഞ്ഞു. ആ ദിവസം നിങ്ങൾ നോമ്പനുഷ്ഠിക്കുക.
പ്രവാചകന്മാരുടെ മോചന ചരിത്രം
പ്രവാചക ചരിത്രത്തിലെ വഴിത്തിരിവായ ഒട്ടേറെ സംഭവങ്ങൾ ഈ ദിനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ആദം നബിയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു. ഇദ്രീസ് നബിയെ ഉന്നതമായ സ്ഥാനങ്ങളിലേക്ക് ഉയർത്തി. ഇബ്രാഹീം നബിയെ നംറൂദിന്റെ അഗ്നികുണ്ഡത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂസാ നബിക്ക് തൗറാത്ത് വേദഗ്രന്ഥം ലഭിക്കുകയും ബനൂ ഇസ്രായീല്യർക്കായി സമുദ്രം പിളരുകയും ചെയ്തു. യൂസുഫ് നബി ജയിൽ മോചിതനായപ്പോൾ, മകനെ ഓർത്ത് കരഞ്ഞ് കാഴ്ച നഷ്ടപ്പെട്ട യഅ്ഖൂബ് നബിക്ക് കാഴ്ച തിരിച്ചുകിട്ടി.
അയ്യൂബ് നബിയുടെ മാറാവ്യാധി നീങ്ങുകയും യൂനുസ് നബി തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് മോചിതനാവുകയും ചെയ്തു. ദാവൂദ് നബിക്ക് പാപ സുരക്ഷയും സുലൈമാൻ നബിക്ക് വിപുലമായ ഭരണാധികാരവും ലഭിച്ചു. നൂഹ് നബി പ്രളയകാലത്ത് പെട്ടകം സുരക്ഷിതമായി തീരത്തണഞ്ഞത് മുഹറം പത്തിനാണെന്ന ഹദീസിലുണ്ട്. വ്രതാനുഷ്ഠാനവും പുണ്യകർമ്മങ്ങളും റമളാൻ കഴിഞ്ഞാൽ നോമ്പെടുക്കാൻ ഏറ്റവും അനുയോജ്യമായ മാസം മുഹറ മാസമാണെന്ന് മുഹമ്മദ് നബി വ്യക്തമാക്കിയിട്ടുണ്ട്.
മുൻകാല സമൂഹങ്ങളുടെ തൗബ സ്വീകരിച്ചതുപോലെ വരാനിരിക്കുന്ന ജനതയുടെ പശ്ചാത്താപവും അല്ലാഹു സ്വീകരിക്കുന്ന മാസമാണിത് എന്ന് പ്രവാചകൻ പറഞ്ഞതായി ഹദീസുകൾ വ്യക്തമാക്കുന്നു. ആത്മീയ വിജയം ലക്ഷ്യമിട്ട് മുഹറം ഒൻപത് (താസൂആഅ്), പത്ത് (ആശൂറാ) ദിവസങ്ങളിൽ വിശ്വാസികൾ വ്രതമനുഷ്ഠിക്കുന്നു. കുടുംബങ്ങളിൽ നല്ല ഭക്ഷണവും സമ്മാനങ്ങളും നൽകി കുടുംബ ബന്ധങ്ങൾ പുതുക്കുക, ഖബറിടങ്ങൾ സന്ദർശിക്കുക എന്നിവ ഈ ദിനങ്ങളിലെ സത്ക്കർമ്മങ്ങളാണ്. കൂടാതെ അനാഥരെയും അശരണരെയും ചേർത്ത് പിടിക്കാനും അവരെ സന്തോഷിപ്പിക്കാനും ഈ പുണ്യദിനങ്ങൾ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR