Enter your Email Address to subscribe to our newsletters

Ernakulam , 26 ജൂണ് (H.S.)
നഗര ഗതാഗത രംഗത്ത് വന് മാറ്റങ്ങൾ സൃഷ്ടിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിൾ സൗകര്യങ്ങൾ തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ വിജയകരമായി ഏകോപിപ്പിച്ചുകൊണ്ടുള്ള നൂതന മൾട്ടിമോഡൽ ഇന്റഗ്രേഷൻ പദ്ധതിക്ക് കൊച്ചി മെട്രോയ്ക്ക് 'യു.ഐ.ടി.പി ഇംപാക്ട് അവാർഡ് 2026' ലഭിച്ചു.
പൊതുഗതാഗത മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ബഹുമതികളിലൊന്നാണിത്. ബെൽജിയത്തിലെ ബ്രസൽസിൽ ജൂൺ 23-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ലോകമെമ്പാടുമുള്ള മികച്ചതും നൂതനവുമായ പൊതുഗതാഗത പദ്ധതികളെ വിലയിരുത്തിയാണ് ഈ പുരസ്കാരം നൽകുന്നത്.
ആഗോള ശ്രദ്ധ നേടിയ കൊച്ചി മാതൃക
മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ, കാൽനടയാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങൾ, സൈക്കിൾ ഷെയറിംഗ് സംവിധാനം, ഡിജിറ്റൽ മൊബിലിറ്റി സേവനങ്ങൾ എന്നിവയെ ഒരൊറ്റ ശൃംഖലയിലേക്ക് ഏകോപിപ്പിച്ചതാണ് കൊച്ചിയെ ഈ നേട്ടത്തിന് അർഹമാക്കിയത്. യാത്രക്കാർക്ക് തടസ്സമില്ലാത്തതും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ യാത്രാനുഭവം ഒരുക്കിയ പദ്ധതിയെന്ന നിലയിലാണ് കൊച്ചിൻ മോഡൽ അന്താരാഷ്ട്ര തലത്തിൽ ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത്.പുരസ്കാര നേട്ടത്തിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ സന്തോഷം പ്രകടിപ്പിച്ചു. ലോകോത്തര നിലവാരത്തിലുള്ള, സുസ്ഥിരവും യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതുമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കാനുള്ള കെ.എം.ആർ.എല്ലിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിക്കായി ഒരു സംയോജിത ഗതാഗത ശൃംഖല സൃഷ്ടിക്കണമെന്ന കെ.എം.ആർ.എല്ലിന്റെ ദീർഘവീക്ഷണത്തിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണിത്. ഈ നേട്ടം ഓരോ ജീവനക്കാരുടെയും ഞങ്ങളുടെ സഹപങ്കാളികളുടെയും സുസ്ഥിര പൊതുഗതാഗത സംവിധാനത്തെ ഹൃദയപൂർവ്വം സ്വീകരിച്ച കേരള ജനതയുടെയും കൂട്ടായ വിജയമാണ്, ലോക്നാഥ് ബെഹ്റ കൂട്ടിച്ചേർത്തു.
രാജ്യത്തിന് മാതൃകയായി കെ.എം.ആർ.എൽ
കൊച്ചി വാട്ടർ മെട്രോയിലൂടെ കായലുകളാൽ ചുറ്റപ്പെട്ട കൊച്ചിക്ക് പുതിയൊരു യാത്രാസംസ്കാരം നൽകാൻ കെ.എം.ആർ.എല്ലിന് സാധിച്ചിട്ടുണ്ട്. ഒപ്പം, ഒറ്റ ടിക്കറ്റിൽ വിവിധ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്ന സംയോജിത ടിക്കറ്റിംഗ് സംവിധാനം, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഇലക്ട്രിക് ഫീഡർ ബസ് സർവീസുകൾ, ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് (TOD) തുടങ്ങിയ സുസ്ഥിരമായ പല സംരംഭങ്ങളിലൂടെയും കാർബൺ പുറന്തള്ളൽ വൻതോതിൽ കുറയ്ക്കാൻ കൊച്ചിക്ക് കഴിഞ്ഞു.
മൾട്ടിമോഡൽ ഗതാഗത സംവിധാനങ്ങൾ ഫലപ്രദമായി വികസിപ്പിക്കുന്നതിൽ ഇന്ത്യയിലെ മറ്റ് നഗരങ്ങൾക്ക് വലിയൊരു മാതൃകയാണ് കൊച്ചി ഇപ്പോൾ സമ്മാനിച്ചിരിക്കുന്നത്. ഈ അന്താരാഷ്ട്ര അംഗീകാരം കൊച്ചിയുടെ സുസ്ഥിര നഗരഗതാഗത മാതൃകയ്ക്ക് ആഗോള തലത്തിൽ കൂടുതൽ പ്രശസ്തി നേടിക്കൊടുക്കും. അതോടൊപ്പം തന്നെ, രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ഇത്തരം സംയോജിത ഗതാഗത പരിഹാരങ്ങൾ വ്യാപിപ്പിക്കാനുള്ള കെ.എം.ആർ.എല്ലിന്റെ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇത് വലിയൊരു ഊർജ്ജമാകുമെന്നാണ് വിലയിരുത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR