വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ 'മലയാറ്റൂർ ഫീമെയിൽ നാല്' കാട്ടാനയുടെ ശരീരത്തിൽ ഗുരുതര പരിക്ക്;
Ernakulam , 26 ജൂണ് (H.S.) മലയാറ്റൂർ വനമേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിരന്തരം നാശനഷ്ടമുണ്ടാക്കി ഭീതി പരത്തിയ ''മലയാറ്റൂർ ഫീമെയിൽ നാല്'' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. പരിശോധനയിൽ ആനയുടെ ഇടതുവശത്തെ മുൻ നിരപ്പല്ലിൻ്റെ ഭാഗത്ത് ഗ
Malayattoor female 4


Ernakulam , 26 ജൂണ് (H.S.)

മലയാറ്റൂർ വനമേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിരന്തരം നാശനഷ്ടമുണ്ടാക്കി ഭീതി പരത്തിയ 'മലയാറ്റൂർ ഫീമെയിൽ നാല്' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. പരിശോധനയിൽ ആനയുടെ ഇടതുവശത്തെ മുൻ നിരപ്പല്ലിൻ്റെ ഭാഗത്ത് ഗുരുതരമായ ക്ഷതം കണ്ടെത്തി. പന്നിപ്പടക്കമോ മറ്റ് സ്ഫോടകവസ്തുക്കളോ കടിച്ചതിനെ തുടർന്നാണ് ഈ പരിക്ക് സംഭവിച്ചതെന്നാണ് വനപാലകരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റ ഭാഗം വൃത്തിയാക്കി അണുബാധ ഒഴിവാക്കുന്നതിനാവശ്യമായ ആൻ്റിബയോട്ടിക്കുകളും മറ്റ് അടിയന്തര മരുന്നുകളും നൽകിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ വനത്തിലേക്ക് തന്നെ തിരിച്ചുവിട്ടു.

തുടർച്ചയായ മൂന്ന് മയക്കുവെടിപിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ ഏതാനും ആഴ്ചകളായി ഈ ആന വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആന നിരന്തരം പ്രവേശിച്ചതോടെ നാട്ടുകാർ കനത്ത ഭീതിയിലായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാർശപ്രകാരമാണ് ഒടുവിൽ ആനയെ മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചത്.

വ്യാഴാഴ്ച പുലർച്ചെ 5.30നാണ് വനംവകുപ്പിൻ്റെ ദൗത്യസംഘം കാട്ടാനയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്രമുഖ വെറ്ററിനറി ഡോക്ടർമാരായ കോടനാട് അഭയാരണ്യം ആന പുനരധിവാസ കേന്ദ്രത്തിലെ ഡോ. ബിനോയ് സി ബാബു, തൃശൂരിലെ ഡോ. മിഥുൻ ഒ വി എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. രാവിലെ 8.30ന് ആനയ്ക്ക് ആദ്യ മയക്കുവെടി വച്ചെങ്കിലും പൂർണമായും മയങ്ങാതെ കാട്ടിനുള്ളിലേക്ക് നീങ്ങി.

ഇതോടെ ദൗത്യം സങ്കീർണമായി. തുടർന്ന് വനപാലകർ ആനയെ പിന്തുടരുകയും ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് 3.30നും വീണ്ടും മയക്കുവെടി വയ്ക്കുകയുമായിരുന്നു. മൂന്നാമത്തെ വെടിയിലാണ് ആനയെ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. തുടർന്ന് വെറ്ററിനറി സംഘം ആനയുടെ വായിലെ ഗുരുതരമായ പരിക്ക് കണ്ടെത്തുകയും ആവശ്യമായ ചികിത്സകൾ നൽകുകയും ചെയ്തു. ഇതിനുശേഷം വൈകിട്ട് അഞ്ചിന് ആനയുടെ ശരീരത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ഘടിപ്പിച്ചു.

ഓരോ 10 മിനിറ്റിലും നിരീക്ഷണംറേഡിയോ കോളറിൽ നിന്നും ലഭിക്കുന്ന ശക്തമായ ജിപിഎസ് സിഗ്നലുകൾ ഉപയോഗിച്ച് ഈ ആനയുടെ സഞ്ചാരപഥം ഓരോ 10 മിനിറ്റിലും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ആന വീണ്ടും ജനവാസ മേഖലകളിലേക്ക് പ്രവേശിക്കാൻ മുതിർന്നാൽ വനംവകുപ്പിന് അത് മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ഇത് സഹായിക്കും. കരിമ്പാനി വനമേഖലയിലേക്കാണ് ആനയെ ചികിത്സയ്ക്ക് ശേഷം തിരിച്ചുവിട്ടതെന്ന് വനംവകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

ദൗത്യത്തിൽ വൻ ഉദ്യോഗസ്ഥ പങ്കാളിത്തംകാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിൻ്റെ ദൗത്യത്തിന് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ എം വെങ്കടേശ്വരൻ, കോടനാട് റേഞ്ച് ഓഫിസർ ലുധീഷ് ഇ ബി, തുണ്ടത്തിൽ റേഞ്ച് ഓഫിസർ നിഖിൽ ജേറോം, കുട്ടമ്പുഴ റേഞ്ച് ഓഫിസർ മുരളീദാസ് വി പി എന്നിവർ ദൗത്യത്തിന് തത്സമയം മേൽനോട്ടം വഹിച്ചു. ഇവർക്ക് പുറമെ മേയ്ക്കാപ്പാല ഡെപ്യൂട്ടി റേഞ്ചർ ലുധീഷ്, മലയാറ്റൂർ ആർആർടി ഡെപ്യൂട്ടി റേഞ്ചർ അബിൻ, സെൻട്രൽ സർക്കിളിലെ കൺസർവേഷൻ ബയോളജിസ്റ്റ് അർജുൻ സി പി, എൻജിഒ പ്രതിനിധി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘവും ദൗത്യത്തിൽ സജീവമായി പങ്കെടുത്തു. മലയാറ്റൂർ ആർആർടി, മേയ്ക്കാപ്പാല, ഭൂതത്താൻകെട്ട്, പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ നിരവധി ജീവനക്കാരും ദൗത്യത്തിൻ്റെ ഭാഗമായി വനത്തിലുണ്ടായിരുന്നു.

നേരത്തെ നേച്ചർ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയ ജ്യോതിഷ് ജെ ഒഴക്കൽ, കോടനാട് റേഞ്ച് ഓഫിസർ ഇ ബി ലുധീഷ് എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായും പ്രദേശവാസികളുമായും വിപുലമായ യോഗം ചേർന്നിരുന്നു. ദൗത്യത്തിൻ്റെ വിശദാംശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയും പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ശേഷമാണ് വനംവകുപ്പ് കാട്ടിലേക്ക് ഇറങ്ങിയത്.

വനംവകുപ്പിനെതിരെ ജനങ്ങളുടെ പ്രതിഷേധംആനയെ മയക്കുവെടി വച്ച് പിടികൂടിയെങ്കിലും അതേ വനമേഖലയിൽ തന്നെ വീണ്ടും തുറന്നുവിട്ടതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആനയെ കരിമ്പാനി മേഖലയിലേക്ക് മാറ്റിയെന്ന വനംവകുപ്പിൻ്റെ അവകാശവാദം പൂർണമായും ശരിയല്ലെന്ന് നാട്ടുകാരനും പൊതുപ്രവർത്തകനുമായ ജുവൽ ജൂഡി ആരോപിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ ആനയെ ഈ പ്രദേശത്തുനിന്നും പൂർണമായി ജനവാസമില്ലാത്ത മറ്റൊരു വിദൂര വനമേഖലയിലേക്ക് മാറ്റണമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. ഭീതി വിതയ്ക്കുന്ന വന്യമൃഗങ്ങളെ റേഡിയോ കോളർ ഘടിപ്പിച്ച് വീണ്ടും ഇതേ കാട്ടിൽ തന്നെ വിടുന്നത് വെറും പ്രഹസനമാണെന്നും വന്യമൃഗശല്യം തടയാൻ വനംവകുപ്പ് കൂടുതൽ ശക്തവും ശാശ്വതവുമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വീണ്ടും ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News