Enter your Email Address to subscribe to our newsletters

Thrissur , 26 ജൂണ് (H.S.)
സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാൻ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. മദ്യനയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്നും, ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മദ്യത്തിൽ മുക്കിക്കൊല്ലുന്ന തീരുമാനം ഉണ്ടായിരുന്നത് മുൻപത്തെ ഇടതുപക്ഷ സർക്കാരിൻ്റെ കാലഘട്ടത്തിലാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേവലം 29 ബാറുകളിൽനിന്ന് 700ൽപരം ബാറുകളിലേക്ക് സംസ്ഥാനത്തെ നയിച്ചത് എൽഡിഎഫ് സർക്കാരാണ്. മദ്യത്തിൻ്റെ നികുതിയിൽ കുറവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് അന്ന് കത്ത് നൽകിയത് എം.വി. ഗോവിന്ദൻ മാഷാണ്. 2021ൽ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് തുടങ്ങിയ ഒരു പ്രക്രിയയുടെ ഭാഗമായിട്ടാണ് നികുതി കുറഞ്ഞുകൊണ്ടിരുന്നത്. ആ സർക്കാർ തന്നെയാണ് വിദേശ മദ്യത്തിൻ്റെ നികുതി കുറയ്ക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം ചെയ്തതെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.
പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ലനിലവിലെ യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. നികുതി സംബന്ധിച്ച പ്രപ്പോസൽ മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. യുഡിഎഫ് ആലോചിച്ച് ഇത് നടപ്പാക്കേണ്ട എന്ന് തീരുമാനിച്ചാൽ ഒരിക്കലും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഇതിനെ സംബന്ധിച്ച് വിശദമായ ചർച്ചകൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മദ്യനയത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് കാണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ രംഗത്തെത്തിയതിനോടും ഒ.ജെ. ജനീഷ് പ്രതികരിച്ചു. അദ്ദേഹം അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളാണ് പറഞ്ഞത്. അത് പറയാനുള്ള പൂർണ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ബജറ്റിൽ പ്രഖ്യാപിക്കുന്ന നികുതി ഘടന സ്വാഭാവികമായിട്ടും ബജറ്റ് അവതരണത്തിന് മുൻപ് മറ്റാരുമായും ചർച്ച ചെയ്യാറില്ല. അതൊരു പ്രപ്പോസൽ മാത്രമാണ്. അത് വേണോ വേണ്ടയോ എന്നുള്ളത് യുഡിഎഫ് നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പുനഃസംഘടനഅതേസമയം, യൂത്ത് കോൺഗ്രസ് പുനഃസംഘടന നടത്താനുള്ള സാഹചര്യത്തിലേക്ക് നിലവിൽ കടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഒ.ജെ. ജനീഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് മന്ത്രിസഭയിൽ എത്തിയത്. തന്നെ ചുമതല ഏൽപ്പിച്ച എട്ട് മാസ കാലയളവ് പൂർത്തിയാക്കിയപ്പോഴായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതും മന്ത്രിയായി പ്രവർത്തിക്കേണ്ട അവസരവും വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി പറഞ്ഞത് പ്രകാരമാണ് താൻ മത്സരിച്ചത്. മന്ത്രിയാവുക എന്നതും പാർട്ടി നൽകിയ ഉത്തരവാദിത്തമാണ്.
യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് എന്ന പദവിയും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം തന്നെയാണ്. പുനഃസംഘടനയെക്കുറിച്ച് പാർട്ടി നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആറാം തീയതി മുതൽ യൂത്ത് കോൺഗ്രസിൻ്റെ നാഷണൽ എക്സിക്യൂട്ടീവ് നടക്കുകയാണ്. അതിൻ്റെ ഭാഗമായി താൻ അതിൽ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR