ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ വാതക പ്ലാൻ്റ് സ്ഫോടനത്തിൽ മരിച്ച തൂണേരി സ്വദേശി അർജുൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Kozhikode , 26 ജൂണ് (H.S.) ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ വാതക പ്ലാൻ്റ് സ്ഫോടനത്തിൽ മരിച്ച തൂണേരി സ്വദേശി അർജുൻ്റെ (29) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവാവിൻ്റെ മൃതദേഹം വ
QATAR EXPLOSION INDIAN VICTIMS


Kozhikode , 26 ജൂണ് (H.S.)

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ വാതക പ്ലാൻ്റ് സ്ഫോടനത്തിൽ മരിച്ച തൂണേരി സ്വദേശി അർജുൻ്റെ (29) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവാവിൻ്റെ മൃതദേഹം വെള്ളൂരിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വിയോഗത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്.

പൊതുദർശനവും സംസ്കാരവും

പുലർച്ചെ 2.30ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാവിലെ 6.30ഓടെയാണ് വെള്ളൂരിലെ വീട്ടിലെത്തിച്ചത്. തുടർന്ന് നടന്ന പൊതുദർശനത്തിൽ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. രാവിലെ എട്ടിന് വീട്ടുവളപ്പിൽ തന്നെയായിരുന്നു സംസ്കാര ചടങ്ങുകൾ. സംസ്കാരത്തിന് ശേഷം തൂണേരി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ അനുശോചന യോഗവും ചേർന്നു. അർജുൻ്റെ ആകസ്മിക വിയോഗത്തിൻ്റെ കടുത്ത ദുഃഖത്തിലാണ് വെള്ളൂർ പാറപ്പട്ടോളി പ്രദേശത്തുകാർ.

കണ്ണീരായി അർജുൻ്റെ ഓർമകൾ

പുറമേരിയിൽ തയ്യൽക്കട നടത്തുന്ന കളരിയുള്ളതിൽ ബാബുവിൻ്റെയും സീനയുടെയും (മോളി) മകനാണ് അർജുൻ. വിസ്മയയാണ് ഏക സഹോദരി. ഒന്നര വർഷം മുൻപായിരുന്നു വാണിമേൽ സ്വദേശിനിയായ അതുല്യയുമായുള്ള അർജുൻ്റെ വിവാഹം. കഴിഞ്ഞ ഓണത്തിന് അവധിക്ക് നാട്ടിൽ വന്ന സമയത്തായിരുന്നു വിവാഹം നടന്നത്. ഇതിനുശേഷം വീണ്ടും പ്രവാസലോകത്തേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ദുബായിലെ ഒരു കമ്പനിയിൽ പ്ലാൻ്റ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു അർജുൻ. ആറ് മാസം മുൻപാണ് ഒരു കരാർ കമ്പനി വഴി ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്. പുതിയ ജോലിയിൽ പ്രവേശിച്ച് മാസങ്ങൾക്കകമാണ് നാടിനെ നടുക്കിയ ദുരന്തം അർജുൻ്റെ ജീവനെടുത്തത്.

ഖത്തറിനെ നടുക്കിയ ദുരന്തം

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ ബാർസാൻ ഗ്യാസ് പ്ലാൻ്റിൽ വലിയ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അറ്റകുറ്റപ്പണികൾക്ക് ശേഷം പ്ലാൻ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിൽ അർജുൻ ഉൾപ്പെടെ 13 പേർ മരിച്ചതായി ഖത്തർ ഊർജ മന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരിൽ 12 പേരും ഇന്ത്യക്കാരാണ്.

ഒരാൾ പാകിസ്ഥാൻ സ്വദേശിയുമാണ്. ദോഹയിലെ ഇന്ത്യൻ എംബസിയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ ഖത്തർ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി നേരത്തെ അറിയിച്ചിരുന്നു.

സ്ഫോടനത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവർക്ക് മികച്ച ചികിത്സയാണ് നൽകിവരുന്നതെന്നും ഖത്തർ ഭരണകൂടം അറിയിച്ചു.

ദോഹയിൽനിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ വ്യവസായ നഗരത്തിലാണ് അപകടമുണ്ടായ ബാർസാൻ ഗ്യാസ് പ്ലാൻ്റ് പ്രവർത്തിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാതക കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. ഇവിടെയുണ്ടായ അപകടം പ്രവാസലോകത്തെയാകെ വലിയ ഞെട്ടലിലാക്കിയിരിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News