Enter your Email Address to subscribe to our newsletters

Lucknow , 26 ജൂണ് (H.S.)
ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ ലഭിച്ച കാണിക്കപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഉത്തർപ്രദേശ് പോലീസ്. കേസിൽ ഇതുവരെ എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയതായും വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചു.
ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്ന രാമശങ്കർ യാദവ് എന്ന ടിന്നു യാദവാണ് അറസ്റ്റിലായവരിൽ പ്രധാനി. ഇയാൾക്ക് പുറമെ അനുകൽപ് മിശ്ര, അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, ലവ് കുഷ് മിശ്ര, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ക്ഷേത്രത്തിൽ ലഭിക്കുന്ന കാണിക്കപ്പണം എണ്ണുന്ന പ്രക്രിയയിൽ നേരിട്ട് പങ്കാളികളായവരാണ് പിടിയിലായ എട്ടുപേരുമെന്ന് പോലീസ് സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ്
കാണിക്ക എണ്ണുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പണം തട്ടിയതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കോ ട്രസ്റ്റ് അംഗം അനിൽ മിശ്രയ്ക്കോ എതിരെ നിലവിൽ എഫ്.ഐ.ആർ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
ലഭിച്ച പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. കുറ്റക്കാർ ആരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയോടും കുറ്റകൃത്യങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത 'സീറോ ടോളറൻസ്' നയമാണ് യോഗി സർക്കാരിന്റേത്. തെറ്റ് ചെയ്തവർ ആരായാലും കർശനമായി ശിക്ഷിക്കപ്പെടും, യുപി ധനമന്ത്രി സുരേഷ് ഖന്ന പ്രതികരിച്ചു.
രാഷ്ട്രീയ വിവാദം പുകയുന്നു; സർക്കാരിനെതിരെ പ്രതിപക്ഷം
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ രാമക്ഷേത്ര കാണിക്ക തട്ടിപ്പ് കേസ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉയർത്തിയിരിക്കുന്നത്. കേസിൽ കൃത്യമായ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആർ വെറും പ്രഹസനം മാത്രമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് കുറ്റപ്പെടുത്തി.
തട്ടിപ്പ് കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തിയെന്നും ഭരണകക്ഷിയായ ബിജെപി ഇതിന് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണെന്നും ആം ആദ്മി പാർട്ടിയും ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിയ സർക്കാർ, സമഗ്രമായ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K