Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 ജൂണ്‍ (H.S.)
പറയുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കാത്തയാളാണ് വി.ഡി. സതീശനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയാകുമ്പോള്‍ ഈ ഇരട്ടത്താപ്പില്‍ മാറ്റം ഉണ്ടാകും എന്നാണ് കരുതിയത്. എന്നാല്‍ അത് ഉണ്ടായിട്ടില്ല. പി.എം. ശ്രീ പദ്ധതിയിലും കരിമണല്‍ ഘനനവുമായി ബന്ധപ്പെട്ടും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെല്ലാം ഇതേ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ ഉള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇടതുസര്‍ക്കാരിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായിരുന്നു എങ്കില്‍ ഒരുകാരണവശാലും പി.എം.ശ്രീ പദ്ധതി നടപ്പിലാക്കില്ലായിരുന്നു. പി.എം. ശ്രീ എതിര്‍ത്തതിന്റെ പേരില്‍ ഇടത് നേതാക്കളെ അറബിക്കടലിലേക്കും ചവറ്റുകുട്ടയിലേക്കും എറിയും എന്ന് പറഞ്ഞിരുന്നവരാണ് യുഡിഎഫുകാര്‍. എന്നാല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ തന്നെ യാതൊരു ജാള്യതയുമില്ലാതെ ആ പദ്ധതി നടപ്പിലാക്കും എന്നാണ് സതീശന്‍ പ്രഖ്യാപിച്ചത്. ഈ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുഖമുദ്ര.
മുഖ്യമന്ത്രിയുടെ രീതികള്‍ കഴിഞ്ഞ ദിവസം കുട്ടനാട് എംഎല്‍എയ്ക്ക് നല്‍കിയ മറുപടില്‍ നിന്നും വ്യക്തമാണ്. അദ്ദേഹം മാറാന്‍ തയ്യാറല്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. കരിണമല്‍ ഘനനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്ക് ഇതേ നിലപാടാണെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സ്വകാര്യവത്കരിക്കും എന്ന് പരസ്യമായി പറയുക, സ്വകാര്യവത്കരിക്കില്ല എന്ന് അസംബ്ലിയില്‍ പറയുക. ഇതാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S