എക്സൈസ് കമ്മിഷണറുടെ കടുത്ത മുന്നറിയിപ്പ് തള്ളി; ബക്കാഡിക്കായി ഫയൽ നീക്കാൻ നിർദേശിച്ചത് മന്ത്രി ടി.പി. രാമകൃഷ്ണൻ; രേഖകൾ പുറത്ത്
Thiruvananthapuram, 26 ജൂണ് (H.S.) തിരുവനന്തപുരം: കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാനുള്ള മദ്യക്കമ്പനികളുടെ നീക്കങ്ങൾക്ക് പിന്നിൽ വൻ സർക്കാർ ഇടപെടൽ നടന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. വീര്യം കുറഞ്ഞ മദ്യം വിദ്യാർത്ഥികൾക്കിടയിൽ വ്യാപക
എക്സൈസ് കമ്മിഷണറുടെ കടുത്ത മുന്നറിയിപ്പ് തള്ളി; ബക്കാഡിക്കായി ഫയൽ നീക്കാൻ നിർദേശിച്ചത് മന്ത്രി ടി.പി. രാമകൃഷ്ണൻ; രേഖകൾ പുറത്ത്


Thiruvananthapuram, 26 ജൂണ് (H.S.)

തിരുവനന്തപുരം: കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാനുള്ള മദ്യക്കമ്പനികളുടെ നീക്കങ്ങൾക്ക് പിന്നിൽ വൻ സർക്കാർ ഇടപെടൽ നടന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. വീര്യം കുറഞ്ഞ മദ്യം വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാകുമെന്ന അന്നത്തെ എക്സൈസ് കമ്മിഷണർ ആർ. ഋഷിരാജ് സിംഗിന്റെ ഗുരുതരമായ റിപ്പോർട്ട് പൂർണ്ണമായും അവഗണിച്ച്, പ്രമുഖ മദ്യക്കമ്പനിയായ ബക്കാഡിക്കായി തുടനടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചത് അന്നത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഉദ്യോഗസ്ഥ തലത്തിൽ ഉയർന്ന ശക്തമായ എതിർപ്പുകളെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് എങ്ങനെയാണ് മറികടന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഫയൽ വിവരങ്ങൾ. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനവുമായി ബന്ധപ്പെട്ട് ഏത് സാഹചര്യത്തിലാണെങ്കിലും ഒരു പുനർചിന്തനത്തിന്റെ ആവശ്യമില്ലെന്ന് വരുംവരായ്കകൾ അക്കമിട്ടു നിരത്തി ഋഷിരാജ് സിംഗ് മന്ത്രി ടി.പി. രാമകൃഷ്ണന് നേരിട്ട് കത്ത് നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകളെല്ലാം മന്ത്രിയുടെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെടുകയായിരുന്നു.

എക്സൈസ് കമ്മിഷണറുടെ കത്ത് തള്ളാൻ നികുതിവകുപ്പിന്റെ 'അനുകൂല കുറിപ്പ്'

വീര്യം കുറഞ്ഞ മദ്യമെത്തുന്നത് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാക്കുമെന്നും, കാലക്രമേണ ഇത് വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്നതിലേക്കുള്ള ചവിട്ടുപടിയായി മാറുമെന്നുമായിരുന്നു ഋഷിരാജ് സിംഗിന്റെ കത്തിലെ പ്രധാന ഉള്ളടക്കം. എന്നാൽ ബക്കാഡി കമ്പനിയുമായി നിലനിന്നിരുന്ന വ്യക്തമായ ധാരണകളുടെ അടിസ്ഥാനത്തിൽ ഈ ആശങ്കകളെ നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അനുകൂല കുറിപ്പിലൂടെ സർക്കാർ മറികടക്കുകയായിരുന്നു.

കമ്പനിക്ക് അനുകൂലമായി ജോയിന്റ് സെക്രട്ടറി തയ്യാറാക്കിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:

-

ആശങ്കകൾക്ക് അടിസ്ഥാനമില്ല: ഇത്തരം മദ്യങ്ങൾ ജനങ്ങൾക്കിടയിലോ പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിലോ വ്യാപകമാകുമെന്ന എക്സൈസ് വകുപ്പിന്റെ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

-

ബെവ്കോ വായന: മദ്യത്തിന്റെ വിൽപന പൂർണ്ണമായും ബെവ്കോ മുഖേന മാത്രമായിരിക്കും നടക്കുക. അതിനാൽ നിശ്ചിത പ്രായപരിധിക്ക് മുകളിലുള്ളവർക്ക് മാത്രമേ ഇത് ലഭ്യമാകൂ എന്ന് ഉറപ്പുവരുത്താൻ സാധിക്കും.

-

ആരോഗ്യ പ്രശ്നങ്ങളില്ല: വീര്യമുള്ള മറ്റു മദ്യങ്ങളെപ്പോലെ ഇത് ആരോഗ്യത്തെ കൂടുതൽ ഹാനികരമായി ബാധിക്കുമെന്ന് കാണുന്നില്ല.

-

സാമ്പത്തിക നേട്ടം: എ.പി. ഉദയഭാനു കമ്മിഷനും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയും വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത പ്രോത്സാഹിപ്പിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് സർക്കാരിന് ഗുണമുള്ളതാണെന്നും, ടൂറിസം, ഐ.ടി മേഖലകളിൽ വലിയ ഉണർവുണ്ടാക്കാൻ സഹായകരമാണെന്നും ഈ കുറിപ്പിൽ വ്യക്തമാക്കുന്നു.

സബ്ജക്റ്റ് കമ്മിറ്റി വരെ നീണ്ട അതിവേഗ നീക്കങ്ങൾ

മദ്യക്കമ്പനിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ തലത്തിൽ അസാധാരണമായ വേഗതയിലാണ് ഫയലുകൾ നീങ്ങിയത്. നികുതി വകുപ്പിന്റെ അനുകൂലമായ ഈ സൂചനക്കത്ത് മന്ത്രി ടി.പി. രാമകൃഷ്ണൻ വഴി നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ മുന്നിൽ വരെയെത്തിച്ച് അതിവേഗം അംഗീകാരം നേടിയെടുത്തു. ഒരു ഭാഗത്ത് ഉന്നത ഉദ്യോഗസ്ഥർ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോഴാണ് മറുഭാഗത്ത് മദ്യലോബിക്കായി നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ അനുമതി വരെ നേടിയെടുക്കാൻ സർക്കാർ അതിവേഗ നടപടികളുമായി മുന്നോട്ട് പോയത്.

ബക്കാഡിയുടെ പക്കാ ഇടപാടുകൾക്ക് ഭരണകൂടം പൂർണ്ണ പിന്തുണ നൽകിയെന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ പുനർചിന്തനം പോലും ആവശ്യമില്ലെന്ന് കൽപ്പിച്ച മന്ത്രിയുടെ നിലപാട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News