Enter your Email Address to subscribe to our newsletters

Newdelhi , 26 ജൂണ് (H.S.)
ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് പ്രവാസികൾക്കും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്കും തിരിച്ചടിയായി പാസ്പോർട്ട് നിരക്കുകൾ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാസ്പോർട്ട് അപേക്ഷാ ഫീസ് കേന്ദ്ര സർക്കാർ പരിഷ്കരിക്കുന്നത്. ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗികമായി അറിയിച്ചു. 'പാസ്പോർട്ട് (അമൻഡ്മെന്റ്) റൂൾസ്, 2026' പ്രകാരമാണ് പുതിയ ഫീസ് ഘടന വിജ്ഞാപനം ചെയ്തിരിക്കുന്നത്.
മുമ്പ് 2012-ലായിരുന്നു അവസാനമായി പാസ്പോർട്ട് ഫീസ് വർദ്ധിപ്പിച്ചത്. അന്ന് 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ നിരക്ക് 1,000 രൂപയിൽ നിന്നും 1,500 രൂപയായി ഉയർത്തിയിരുന്നു. ദീർഘകാലത്തിന് ശേഷം വരുത്തിയ ഈ പുതിയ മാറ്റം വഴി സാധാരണ, തത്കാൽ വിഭാഗങ്ങളിലെ നിരക്കുകളിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ (മുതിർന്നവർക്ക്):
-
36 പേജ് സാധാരണ പാസ്പോർട്ട്: നിലവിലെ ഫീസായ 1,500 രൂപയിൽ നിന്നും 2,500 രൂപയായി വർദ്ധിപ്പിച്ചു.
-
36 പേജ് തത്കാൽ പാസ്പോർട്ട്: നിലവിലെ 3,500 രൂപയിൽ നിന്നും 5,000 രൂപയായി ഉയർത്തി.
-
60 പേജ് സാധാരണ പാസ്പോർട്ട്: 2,000 രൂപയിൽ നിന്നും 3,500 രൂപയായി വർദ്ധിപ്പിച്ചു.
-
60 പേജ് തത്കാൽ പാസ്പോർട്ട്: 4,000 രൂപയിൽ നിന്നും 6,000 രൂപയായി ഉയർത്തി.
കുട്ടികൾക്കുള്ള നിരക്കുകൾ:
18 വയസ്സിന് താഴെയുള്ള അപേക്ഷകർക്ക് പുതുതായി പാസ്പോർട്ട് എടുക്കാനും പുതുക്കാനുമുള്ള (36 പേജ്) സാധാരണ നിരക്ക് 1,750 രൂപയായി നിശ്ചയിച്ചു. ഇതേ വിഭാഗത്തിൽ തത്കാൽ സ്കീം വഴി അപേക്ഷിക്കാൻ ഇനി മുതൽ 4,250 രൂപ നൽകേണ്ടി വരും.
പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ:
പാസ്പോർട്ട് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള ചാർജുകളും സർക്കാർ കുത്തനെ കൂട്ടിയിട്ടുണ്ട്.
-
36 പേജ് ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട്: സാധാരണ വിഭാഗത്തിൽ 5,000 രൂപയും തത്കാലിൽ 7,500 രൂപയും ആയിരിക്കും പുതിയ നിരക്ക്.
-
60 പേജ് ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട്: സാധാരണ വിഭാഗത്തിൽ 6,000 രൂപയും തത്കാലിൽ 8,500 രൂപയും നൽകണം.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ സാധാരണ വിഭാഗത്തിന് 4,250 രൂപയും തത്കാൽ വിഭാഗത്തിന് 6,750 രൂപയും ഈടാക്കും.
മറ്റ് യാത്രാ രേഖകളുടെ നിരക്കുകളിലും മാറ്റം
പാസ്പോർട്ടിന് പുറമെ അനുബന്ധ സേവനങ്ങൾക്കുള്ള നിരക്കുകളിലും വിദേശകാര്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി തുടരുമെങ്കിലും, വിദേശത്ത് നിന്ന് ഇതിനായി അപേക്ഷിക്കുന്നവരിൽ നിന്നും 15 യു.എസ് ഡോളർ ഈടാക്കും. സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റിക്ക് ഇന്ത്യയിൽ 1,000 രൂപയും വിദേശത്ത് 50 ഡോളറുമാണ് ഫീസ്.
കൂടാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവയുടെ ചാർജ് ഇന്ത്യയിൽ 750 രൂപയായും വിദേശത്ത് 40 ഡോളറായും നിശ്ചയിച്ചിട്ടുണ്ട്.
ജൂലൈ 1-നോ അതിനു ശേഷമോ സമർപ്പിക്കുന്ന എല്ലാ പാസ്പോർട്ട് അപേക്ഷകൾക്കും ഈ പുതിയ നിരക്കുകൾ ബാധകമായിരിക്കും. അപേക്ഷകർ എപ്പോഴാണ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തത് എന്നത് പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K