Enter your Email Address to subscribe to our newsletters

Thiruvananthapruam, 26 ജൂണ് (H.S.)
തിരുവനന്തപുരം/ആലപ്പുഴ: നിയമസഭയിൽ യു.ഡി.എഫ് ഘടകക്ഷിയായ കേരള കോൺഗ്രസ് നേതാവും കുട്ടനാട് എം.എൽ.എയുമായ റെജി ചെറിയാന്റെ കന്നി സബ്മിഷന് മറുപടി നൽകിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ രഹസ്യപരാമർശം വിവാദത്തിൽ. ജൂൺ 29-ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നതായിരുന്നു എം.എൽ.എയുടെ ആവശ്യം. എന്നാൽ അവധി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് മൈക്കിലൂടെ ഔദ്യോഗിക മറുപടി നൽകിയ മുഖ്യമന്ത്രി, തൊട്ടടുത്ത നിമിഷം സീറ്റിലിരുന്ന് ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന് രഹസ്യമായി പറഞ്ഞത് മൈക്കിലൂടെ പുറത്താവുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സഭയിൽ സംഭവിച്ചത് എന്ത്?
കുട്ടനാടിന്റെ സാംസ്കാരിക ഉത്സവമായ മൂലം വള്ളംകളി ദിവസമായ ജൂൺ 29-ന് താലൂക്ക് പരിധിയിൽ പ്രാദേശിക അവധി വേണമെന്നത് ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് റെജി ചെറിയാൻ സഭയിൽ സബ്മിഷൻ ഉന്നയിച്ചത്.
-
മുഖ്യമന്ത്രിയുടെ മറുപടി: മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കും എന്ന് വി.ഡി. സതീശൻ എഴുതിത്തയ്യാറാക്കിയ മറുപടി വായിച്ചു.
-
മൈക്ക് ചതിച്ച നിമിഷം: മറുപടി നൽകി സീറ്റിലേക്ക് തിരികെയിരുന്ന മുഖ്യമന്ത്രി, തൊട്ടടുത്തിരുന്ന മന്ത്രിയോട് സ്വരം താഴ്ത്തി ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന് വ്യക്തമായി പറയുന്നത് തത്സമയ സംപ്രേഷണത്തിന്റെ ഓഡിയോയിലൂടെ പുറത്തുവന്നു. മൈക്ക് ഓഫ് ആകാതിരുന്നതാണ് മുഖ്യമന്ത്രിയുടെ 'മനസ്സിലിരിപ്പ്' പരസ്യമാകാൻ കാരണമായത്.
വ്യക്തിപരമായ ആവശ്യത്തിനല്ല, നാടിന് വേണ്ടിയാണ് ചോദിച്ചത്: റെജി ചെറിയാൻ
മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പ് വലിയ രീതിയിൽ വിഷമിപ്പിച്ചതായി കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ പ്രതികരിച്ചു. താനും ഒരു മനുഷ്യനാണ്. സഭയിലെ തന്റെ കന്നി സബ്മിഷനിൽ തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായതിൽ വല്ലാത്ത സങ്കടമുണ്ട്. കുട്ടനാടിന്റെ വലിയൊരു ഉത്സവത്തെക്കുറിച്ചാണ് താൻ സഭയിൽ സംസാരിച്ചത്. അത് തന്റെ വ്യക്തിപരമായ ഒരു ആവശ്യമായിരുന്നില്ല, മറിച്ച് ഒരു നാടിന്റെ ആവശ്യമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ച് തിങ്കളാഴ്ച സഭ ചേരുമ്പോൾ മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്നും, ഏത് സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ ഒരു പരാമർശം നടത്തിയതെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും റെജി ചെറിയാൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
വിഷയം പുറത്തുവന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും ജനങ്ങളോടും സർക്കാരിനുള്ള പുച്ഛമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് സി.പി.ഐ.എം നേതാക്കൾ ആരോപിച്ചു. സഭയിൽ എഴുതി നൽകുന്ന മറുപടി വെറും നാടകമാണെന്നും യഥാർത്ഥ നയം മറ്റൊന്നാണെന്നും തെളിഞ്ഞതായും ഭരണപക്ഷത്തെ എം.എൽ.എയെപ്പോലും മുഖ്യമന്ത്രി സഭയിൽ പരിഹസിക്കുകയാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
---------------
Hindusthan Samachar / Roshith K