എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചു
Ernakulam , 27 ജൂണ് (H.S.) മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ഹൈക്കോടതിയെ സമ
Enforcement directorate


Ernakulam , 27 ജൂണ് (H.S.)

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരീഷ് കുമാറിന് ജാമ്യം നൽകിയത് സർക്കാർ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അപ്പീൽ നൽകിയത്. കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ശക്തമായ വാദങ്ങളാണ് കേന്ദ്ര ഏജൻസി നിരത്തുന്നത്.

തെളിവെടുപ്പ് ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പൂർത്തിയാക്കാതെയാണ് പ്രതിക്ക് കീഴ്കോടതി ജാമ്യം അനുവദിച്ചതെന്ന് ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവങ്ങളിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച കർശന ഉത്തരവുകൾ കീഴ്കോടതി മുഖവിലക്കെടുത്തില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് റിപ്പോർട്ട് അവഗണിച്ച് ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന ഗുരുതര ആരോപണവും നേരത്തെ ഉയർന്നിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച വടി ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. എന്നാൽ കേസിൻ്റെ അന്വേഷണം ഏകദേശം പൂർത്തിയായെന്നും പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് പ്രോസിക്യൂട്ടർ കീഴ്കോടതിയിൽ സ്വീകരിച്ചത്. ഇതോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന നടപടിയാണ് പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇ.ഡി ആരോപിക്കുന്നു.

ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതാണ് സിപിഎമ്മിൻ്റെ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. മുതിർന്ന സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നത്.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ കാർ തല്ലിത്തകർക്കുകയും വനിത ഉൾപ്പെടെയുള്ള ഇ.ഡി സംഘത്തിന് പരിക്കേൽക്കുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ വലിയ കൈയാങ്കളിയുണ്ടായി. തുടർന്നാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

അതേസമയം പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി രാഷ്ട്രീയ പകപോക്കലിൻ്റെ ഉദാഹരണമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ ഇ.ഡി ഉദ്യോഗസ്ഥരെ മർദിക്കണമെന്ന ഉദ്ദേശ്യം പാർട്ടി പ്രവർത്തകർക്ക് ഉണ്ടായിരുന്നില്ലെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു. വാഹനം തകർക്കപ്പെട്ടത് യാദൃച്ഛികമായി സംഭവിച്ചതാണെന്നും അത്തരമൊരു ആക്രമണം സിപിഎം മുൻകൂട്ടി തീരുമാനിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടവും ജനകീയ പ്രതിഷേധവും തുടരുമെന്നും ഇടത് നേതാക്കൾ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News