ഇന്ത്യൻ നാവികസേനയിലെ കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ.
Ernakulam , 27 ജൂണ് (H.S.) ഇന്ത്യൻ നാവികസേനയിലെ കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം സ്വദേശിയായ ബിമൽ എസ് നമ്പൂതിരിയാണ് കൊച്ചിയിൽ പിടിയിലായത്. നാവികസേനയുടെ ഇൻ്റല
Fraud case


Ernakulam , 27 ജൂണ് (H.S.)

ഇന്ത്യൻ നാവികസേനയിലെ കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം സ്വദേശിയായ ബിമൽ എസ് നമ്പൂതിരിയാണ് കൊച്ചിയിൽ പിടിയിലായത്. നാവികസേനയുടെ ഇൻ്റലിജൻസ് വിഭാഗവും കേരള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്ഇന്ത്യൻ നാവികസേനയിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് താനെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ തട്ടിപ്പുകൾ ആസൂത്രണം ചെയ്തത്. ഇതിനായി നാവികസേനയുടെ ഔദ്യോഗിക യൂണിഫോം ധരിച്ചുള്ള ഫോട്ടോയും പ്രതി വ്യാപകമായി ഉപയോഗിച്ചിരുന്നു.

നാവികസേനയിൽ ജോലി ആഗ്രഹിക്കുന്ന നിരവധി യുവതീയുവാക്കളെയും മറ്റ് ഉദ്യോഗാർഥികളെയും സമീപിച്ച് ഇയാൾ വ്യാജ വാഗ്ദാനങ്ങൾ നൽകി വലയിലാക്കുകയായിരുന്നു. പ്രതിരോധ വകുപ്പിലെ ഉയർന്ന സ്വാധീനവും ഉന്നത ഉദ്യോഗസ്ഥരുമായുള്ള വ്യക്തിപരമായ അടുപ്പവും ഉപയോഗിച്ച് എളുപ്പത്തിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകളിൽനിന്ന് വൻ തുകകൾ കൈക്കലാക്കിയത്. മിൽമ, കാംകോ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.

ഇയാളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് പ്രതിരോധ മിലിട്ടറി ഇൻ്റലിജൻസ് ഏജൻസികൾക്ക് കൃത്യമായ രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. ഈ സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി പ്രതി ഇൻ്റലിജൻസ് ഏജൻസികളുടെ കർശനമായ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ഫോൺ കോളുകളും സമ്പർക്കങ്ങളും നിരീക്ഷിച്ച ശേഷമാണ് തട്ടിപ്പ് പൂർണമായും ബോധ്യപ്പെട്ടത്.

തുടർന്ന് കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യൻ നാവികസേനയും കേരള പൊലീസും ചേർന്ന് സംയുക്ത ഓപ്പറേഷൻ നടത്തുകയും ജൂൺ 25ന് പ്രതിയെ ഇയാളുടെ ഒളിത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതി ബിമൽ എസ് നമ്പൂതിരിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം. ഇയാൾ എത്രപേരിൽനിന്ന് പണം തട്ടിയിട്ടുണ്ടെന്നും ഇതിന് പിന്നിൽ മറ്റ് പ്രതികളുണ്ടോ എന്നും വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

നാവികസേന റിക്രൂട്ട്മെൻ്റുകൾ സുതാര്യം

നാവികസേനയിലേക്കുള്ള എല്ലാവിധ റിക്രൂട്ട്മെൻ്റുകളും പൂർണമായും സുതാര്യവും കണിശമായ യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിലുമാണ് നടത്തുന്നതെന്ന് ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നാവികസേനാ അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. സൈന്യത്തിലേക്ക് ആളുകളെ എടുക്കുന്നതിനായി യാതൊരുവിധ ഇടനിലക്കാരെയോ ഏജൻ്റുമാരെയോ മറ്റ് അനധികൃത വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക റിക്രൂട്ട്മെൻ്റ് പോർട്ടലുകൾ വഴിയും കേന്ദ്ര സർക്കാരിൻ്റെ അംഗീകൃത വിജ്ഞാപന ചാനലുകൾ വഴിയും മാത്രമാണ് നാവികസേനയുടെ എല്ലാ തൊഴിൽ അവസരങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നത്.

സായുധ സേനയിലെ ജോലി വാഗ്ദാനം ചെയ്തെത്തുന്ന തട്ടിപ്പ് സംഘങ്ങളിൽപെട്ട് പൊതുജനങ്ങളും ഉദ്യോഗാർഥികളും വഞ്ചിതരാകരുതെന്നും അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ജോലി സംബന്ധമായ ഔദ്യോഗിക വിവരങ്ങൾ www.joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്. പണം നൽകിയാൽ നാവികസേനയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിക്കുകയാണെങ്കിൽ അത്തരം വിവരങ്ങൾ അടിയന്തരമായി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഇന്ത്യൻ നേവി അധികൃതരെയോ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News