Enter your Email Address to subscribe to our newsletters

Newdelhi, 27 ജൂണ് (H.S.)
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷയും സാമ്പത്തിക സഹകരണവും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ 'വിഷൻ മഹാസാഗർ' (Vision MAHASAGAR) പദ്ധതി വീണ്ടും ആഗോള ശ്രദ്ധ നേടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സെഷെൽസിൽ എത്തിയതോടെയാണ് ഈ സമുദ്ര സുരക്ഷാ നയം വീണ്ടും സജീവ ചർച്ചയായി മാറിയത്. സന്ദർശന വേളയിൽ സെഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. കൂടാതെ സെഷെൽസിന്റെ ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കുകയും ചെയ്യും.
ഇന്ത്യൻ സായുധ സേനയുടെ ഒരു പ്രത്യേക സംഘവും ഇന്ത്യൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും സെഷെൽസ് ദേശീയ ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയും സെഷെൽസും തമ്മിലുള്ള ദൃഢവും ദീർഘകാലവുമായ സൗഹൃദം പുനരുജ്ജീവിപ്പിക്കാനും എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ സന്ദർശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന സമുദ്ര അയൽക്കാരനായ സെഷെൽസിന് ഇന്ത്യയുടെ 'വിഷൻ മഹാസാഗർ' നയത്തിലും ഗ്ലോബൽ സൗത്ത് (Global South) കൂട്ടായ്മയിലും സവിശേഷമായ സ്ഥാനമാണുള്ളത്.
എന്താണ് ഇന്ത്യയുടെ 'വിഷൻ മഹാസാഗർ'?
MAHASAGAR എന്നാൽ 'Mutual and Holistic Advancement for Security and Growth Across Regions' (മേഖലകളിലുടനീളമുള്ള സുരക്ഷയ്ക്കും വളർച്ചയ്ക്കുമായുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി) എന്നാണ് അർത്ഥമാക്കുന്നത്. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കായി ന്യൂഡൽഹി രൂപം നൽകിയ സമഗ്രമായ സമുദ്ര-തന്ത്രപ്രധാന കാഴ്ചപ്പാടാണിത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പരസ്പര സുരക്ഷ, സാമ്പത്തിക സഹകരണം, സുസ്ഥിര വികസനം എന്നിവയിലാണ് ഈ പദ്ധതി പ്രധാനമായും കേന്ദ്രീകരിക്കുന്നത്.
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രകൃതിദുരന്തങ്ങളിലും സുരക്ഷാ പ്രതിസന്ധികളിലും ഏറ്റവും ആദ്യമേ പ്രതികരിക്കുന്ന രാജ്യമായും (First Responder), മേഖലയുടെ ആകെ സുരക്ഷാ ദാതാവായും (Net Security Provider) ഇന്ത്യയെ പ്രതിഷ്ഠിക്കാൻ ഈ നയത്തിലൂടെ സാധിക്കുന്നു. സമുദ്ര സുരക്ഷയെ സാമ്പത്തിക നയതന്ത്രം, കാലാവസ്ഥാ പ്രതിരോധം, ശേഷി വികസനം, സാങ്കേതിക സഹകരണം എന്നിവയുമായി ഇത് സമന്വയിപ്പിക്കുന്നു. ആഫ്രിക്കൻ, ഇന്ത്യൻ മഹാസമുദ്ര പങ്കാളിത്ത രാജ്യങ്ങളിൽ 'ബ്ലൂ ഇക്കണോമി' (Blue Economy - സമുദ്രവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ), വിതരണ ശൃംഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
മുൻപ് 2026 ഫെബ്രുവരിയിൽ സെഷെൽസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ച വേളയിൽ കാലാവസ്ഥാ പ്രതിരോധം, പുനരുപയോഗ ഊർജം, ഡിജിറ്റൽ പരിവർത്തനം, സമുദ്ര നിരീക്ഷണം, ഹൈഡ്രോഗ്രാഫി ഉൾപ്പെടെയുള്ള സമുദ്ര ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും ഏഴ് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിരുന്നു.
ഇന്ത്യ-സെഷെൽസ് ബന്ധത്തിന്റെ ചരിത്രം
ഇന്ത്യയും സെഷെൽസും തമ്മിൽ 1770-കൾ മുതൽ ആരംഭിക്കുന്ന ആഴത്തിലുള്ള ചരിത്രപരമായ ബന്ധമുണ്ട്. ഫ്രഞ്ച് ഭരണകാലത്ത് ഈ ദ്വീപുകളിൽ ആദ്യമായി താമസമാക്കിയവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ സെഷെൽസ് കുറച്ചുകാലം ബോംബെ പ്രസിഡൻസിയുടെ കീഴിലാണ് ഭരിക്കപ്പെട്ടിരുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-കുടിയേറ്റ ബന്ധങ്ങൾ ശക്തമാക്കാനും സെഷെൽസിലെ ക്രിയോൾ (Creole) സമൂഹത്തിൽ ഇന്ത്യൻ ഡയസ്പോറയ്ക്ക് ശക്തമായ അടിത്തറയിടാനും കാരണമായി.
1976-ൽ സെഷെൽസ് സ്വാതന്ത്ര്യം നേടിയതിന് ശേഷം നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അന്ന് സെഷെൽസിന്റെ സ്വാതന്ത്ര്യ ആഘോഷങ്ങളിൽ ഇന്ത്യൻ നാവികസേനയുടെ 'ഐ.എൻ.എസ് നീലഗിരി' പങ്കെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്ര പങ്കാളിത്തത്തിന്റെ പ്രതീകാത്മകമായ തുടക്കമായിരുന്നു. 1979-ൽ ഇന്ത്യ വിക്ടോറിയയിൽ തങ്ങളുടെ നയതന്ത്ര മിഷൻ ആരംഭിച്ചു.
ഇന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ഈ പങ്കാളിത്തത്തിന്റെ ഏറ്റവും ശക്തമായ തൂണാണ്. സെഷെൽസ് പ്രതിരോധ സേനയ്ക്ക് ആവശ്യമായ സൈനിക പരിശീലനം, നാവിക-വ്യോമ ആസ്തികൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ നൽകി ഇന്ത്യ നിരന്തരം പിന്തുണയ്ക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന 'ലാമിറ്റിയെ' (Exercise LAMITYE) സൈനികാഭ്യാസത്തിന്റെ പന്ത്രണ്ടാമത് പതിപ്പും ഈ സമുദ്ര സുരക്ഷാ സഹകരണത്തിന്റെ തുടർച്ചയാണ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ചൈനയുടെ സമുദ്ര സ്വാധീന ശ്രമങ്ങൾക്ക് തടയിടാനും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ മേധാവിത്വം ഉറപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
---------------
Hindusthan Samachar / Roshith K