Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ജൂണ്‍ (H.S.)
കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന വേതനം തികച്ചും അപര്യാപ്തവും നിരാശാജനകവുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (കങഅ) കേരള സ്റ്റേറ്റ് ബ്രാഞ്ച് അഭിപ്രായപ്പെടുന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഏറ്റവും കഠിനവുമായ പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, രോഗികളുടെ ജീവന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന യുവഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അവരുടെ യോഗ്യതയ്ക്കും ഉത്തരവാദിത്വത്തിനും ഒരിക്കലും നീതി പുലര്‍ത്തുന്നതല്ല.
സമീപകാലത്ത് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഇങഛ) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ എം.ബി.ബി.എസ്. യോഗ്യതയുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 42,000 രൂപ മാത്രമാണ് വേതനമായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ ബി.എസ്.സി. യോഗ്യതമാത്രം ആവശ്യമായ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയ്ക്ക് 55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ആരംഭ ശമ്പളം നിശ്ചയിച്ചിരിക്കുന്നു.
ഈ താരതമ്യം സെക്യൂരിറ്റി ഓഫീസര്‍ തസ്തികയുടെ വേതനത്തെ ചോദ്യം ചെയ്യാനോ മറ്റേതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ എതിര്‍ക്കാനോ അല്ല. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ ജോലിക്കനുസരിച്ചുള്ള ന്യായമായ വേതനം ലഭിക്കണമെന്നതാണ് ഐ.എം.എയുടെ നിലപാട്. എന്നാല്‍ അഞ്ചര വര്‍ഷത്തിലേറെ നീണ്ട മെഡിക്കല്‍ വിദ്യാഭ്യാസവും നിര്‍ബന്ധിത പരിശീലനവും പൂര്‍ത്തിയാക്കി, അടിയന്തര ചികിത്സാ വിഭാഗങ്ങളില്‍ ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായക തീരു മാനങ്ങള്‍ എടുക്കുകയും, മെഡിക്കോ-ലീഗല്‍ ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും ചെയ്യുന്ന ഒരു ഡോക്ടര്‍ക്ക് ഇതിലും കുറഞ്ഞ വേതനം നല്‍കുന്നത് തീര്‍ത്തും അന്യായമാണ്.
ജൂനിയര്‍ ഡോക്ടര്‍മാരാണ് സര്‍ക്കാര്‍ ആശുപത്രികളുടെ നട്ടെല്ല്. അത്യാഹിത വിഭാഗങ്ങള്‍, ഐ.സി.യു., മെഡിക്കല്‍, സര്‍ജിക്കല്‍, പ്രസവ വാര്‍ഡുകള്‍ തുടങ്ങി ആശുപത്രിയുടെ എല്ലാ നിര്‍ണായക മേഖലകളിലും രാവും പകലും സേവനം ചെയ്യുന്നത് ഇവരാണ്. തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടികള്‍, അതിശക്തമായ മാനസിക-ശാരീരിക സമ്മര്‍ദ്ദം, രോഗികളുടെയും ബന്ധുക്കളുടെയും പ്രതീക്ഷകള്‍, നിയമപരമായ ഉത്തരവാദിത്വങ്ങള്‍ എന്നിവയ്ക്കിടയിലും അതീവ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ സേവനം ചെയ്യുന്നത്. ഇത്രയും ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന ഒരു വിഭാഗത്തിന് പ്രതിമാസം 42,000 രൂപ മാത്രം നല്‍കുന്നത് അവരുടെ സേവനത്തിന്റെ മൂല്യം അംഗീകരിക്കാത്ത സമീപനമാണ്.
കേരളത്തില്‍ മികച്ച യുവഡോക്ടര്‍മാര്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളുമാണ് ഇതിന് പ്രധാന കാരണം. യുവ ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ സാമ്പത്തിക അംഗീകാരം നല്‍കാന്‍ കഴിയാത്ത സാഹചര്യം തുടര്‍ന്നാല്‍ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന് മികച്ച മനുഷ്യവിഭവശേഷി നിലനിര്‍ത്താന്‍ സാധിക്കില്ല.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുമായി മത്സരിച്ച് മികവ് തെളിയിച്ചവര്‍ക്കാണ് എംബിബിഎസ് സീറ്റ് ലഭിക്കുന്നത്. സമൂഹം വര്‍ഷങ്ങളുടെ പ്രതീക്ഷയും വിശ്വാസവും ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയില്‍ നിക്ഷേപിക്കുന്നു. അത്തരത്തില്‍ രൂപപ്പെടുന്ന ഡോക്ടര്‍മാരെ പ്രൊഫഷന്റെ തുടക്കത്തില്‍ തന്നെ നിരുത്സാഹപ്പെടുത്തുന്ന വേതനനയം സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിന് ഗുണകരമല്ല.
ഐ.എം.എ കേരള സ്റ്റേറ്റ് ബ്രാഞ്ച് മുന്‍പും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കുറഞ്ഞത് 80,000 രൂപ പ്രതിമാസ വേതനം അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ജീവിതച്ചെലവും തൊഴില്‍സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ഇത് ആഡംബരാവശ്യമല്ല; മറിച്ച് സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന യുവ ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ഏറ്റവും കുറഞ്ഞ അംഗീകാരമാണ്.
അതിനാല്‍, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയുള്‍പ്പെടെയുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലവിലെ വേതനനിര്‍ണയം കേരള സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കുകയും, കുറഞ്ഞത് 80,000 രൂപ പ്രതിമാസ വേതനം ഉറപ്പാക്കുകയും ചെയ്യണമെന്ന് ഐ.എം.എ കേരള സ്റ്റേറ്റ് ബ്രാഞ്ച് ശക്തമായി ആവശ്യപ്പെടുന്നു. യുവ ഡോക്ടര്‍മാരുടെ ആത്മാഭിമാനവും തൊഴില്‍സന്തോഷവും സംരക്ഷിക്കപ്പെടുമ്പോഴേ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഗുണനിലവാരവും ഭാവിയും സുരക്ഷിതമാകുകയുള്ളു എന്ന് ഐ.എം.എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും പത്രപ്രസ്ഥാവനയിലൂടെ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S