Enter your Email Address to subscribe to our newsletters

Chennai , 27 ജൂണ് (H.S.)
തമിഴ് സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി പ്രമുഖ നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ് സിനിമയിൽ തിരക്കഥകളുടെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം തെന്നിന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
1953 ജനുവരി ഏഴിന് ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയത്തിനടുത്തുള്ള വെള്ളങ്കോവിൽ എന്ന ഗ്രാമത്തിലാണ് കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന കെ. ഭാഗ്യരാജ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാലോകത്തേക്ക് ചുവടുവച്ചത്. തുടർന്ന് 1979ൽ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്തിരങ്കൾ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് സംവിധായകൻ, നടൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിൽ അദ്ദേഹം തമിഴ് സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
'16 വയതിനിലേ' (1977), 'കിഴക്കേ പോകും റെയിൽ', 'സിഗപ്പ് റോജാക്കൾ' തുടങ്ങിയ ഭാരതിരാജ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ഭാരതിരാജ സംവിധാനം ചെയ്ത 'പുതിയ വാർപ്പുകൾ' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലൂടെ തന്നെ മികച്ച സംഭാഷണ രചയിതാവിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.
നർമം, കുടുംബബന്ധങ്ങളുടെ വൈകാരികത, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ വളരെ മനോഹരമായി കോർത്തിണക്കിയാണ് അദ്ദേഹം തൻ്റെ സിനിമകൾ ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായ വഴിത്തിരിവുകളും തികച്ചും സ്വാഭാവികമായ സംഭാഷണങ്ങളുമായിരുന്നു അദ്ദേഹത്തിൻ്റെ തിരക്കഥകളുടെ ഏറ്റവും വലിയ പ്രത്യേകത. 'മൗന ഗീതങ്ങൾ', 'അന്ത ഏഴു നാട്കൾ', 'ഡാർലിങ് ഡാർലിങ് ഡാർലിങ്', 'മുന്താനൈ മുടിച്ച്', 'ചിന്ന വീട്' തുടങ്ങിയവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ച കെ. ഭാഗ്യരാജ് 25-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
1983ൽ പുറത്തിറങ്ങിയ 'മുന്താനൈ മുടിച്ച്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ 2014ൽ സൈമയുടെ (SIIMA) ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും ഭാഗ്യരാജ് പരീക്ഷണം നടത്തിയിട്ടുണ്ട്.1989 ഫെബ്രുവരിയിൽ 'എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം' (MGR MMK) എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി 1991-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചു. എ.ഐ.എ.ഡി.എം.കെ (AIADMK) യിലും, തുടർന്ന് 2006-ൽ കരുണാനിധിയുടെ സാന്നിധ്യത്തിൽ ഡി.എം.കെ (DMK) യിലും ഭാഗ്യരാജ് ചേര്ന്നു. പിന്നീട് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി.
'ഭാഗ്യ' എന്ന ജനപ്രിയ തമിഴ് വാരികയുടെ എഡിറ്ററുകൂടിയായിരുന്നു ഭാഗ്യരാജ്. നിരവധി നോവലുകളും സിനിമാസംബന്ധമായ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അടുത്തിടെ 'കണിതൻ' (2016), 'തുപ്പറിവാളൻ' (2017), 'പൊന്മകൾ വന്താൽ' (2020), 'സൂപ്പർ സീനിയർ ഹീറോസ്' (2022) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
നടി പൂർണിമയാണ് ഭാര്യ. മക്കൾ: ശരണ്യ, ശന്തനു ഭാഗ്യരാജ് (നടൻ).
---------------
Hindusthan Samachar / CHANDHU CHANDRASEKHAR