Enter your Email Address to subscribe to our newsletters

Kochi, 27 ജൂണ് (H.S.)
കൊച്ചി: വിദേശ ധനസഹായ നിയന്ത്രണ നിയമ (FCRA) ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനോട് കടുത്ത പ്രക്ഷോഭങ്ങളിലേക്ക് കടക്കാതെ മൃദുസമീപനം സ്വീകരിക്കാൻ ക്രൈസ്തവ സഭയിൽ തീരുമാനം. കൊച്ചിയിൽ ചേർന്ന കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (KCBC) യോഗത്തിലാണ് ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിർണായക വിലയിരുത്തലുണ്ടായത്. കടുത്ത പ്രതികരണങ്ങൾ സഭയ്ക്ക് കൂടുതൽ നിയമപരമായ കുരുക്കുകൾക്കും പ്രതിസന്ധികൾക്കും ഇടയാക്കുമെന്നാണ് മെത്രാന്മാരുടെ പൊതുവിലയിരുത്തൽ.
മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ ഭേദഗതി ചർച്ചയായപ്പോൾ സഭ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പുതിയ ചട്ടങ്ങളിൽ കടുത്ത നിർദ്ദേശങ്ങൾ വന്നതോടെ സഭാനേതൃത്വം നിശബ്ദത പാലിക്കുകയായിരുന്നു. കേന്ദ്രവുമായി അനുനയത്തിലൂടെയും ചർച്ചകളിലൂടെയും കർശന വ്യവസ്ഥകളിൽ ഇളവ് നേടിയെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. ജൂലൈ അവസാനവാരം പാർലമെന്റിൽ ഈ ബിൽ ചർച്ചയ്ക്ക് വരുമ്പോൾ പ്രതിപക്ഷ കക്ഷികളുടെ മുഴുവൻ പിന്തുണ ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കളെയും ഒപ്പം ബിജെപി, ആർഎസ്എസ് നേതാക്കളെയും സഭാ പ്രതിനിധികൾ നേരിൽ കണ്ട് തങ്ങളുടെ ആശങ്കകൾ ബോധിപ്പിക്കും.
പുതിയ എഫ്സിആർഎ ചട്ടങ്ങളിൽ സഭയ്ക്ക് വലിയ രീതിയിലുള്ള ആശങ്കകളുണ്ട്. വിദേശത്തുനിന്ന് വരുന്ന ഫണ്ടുകൾ എന്തിനാണോ വരുന്നത് അതിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്ന വ്യവസ്ഥയാണ് ഇതിലൊന്ന്. ഫണ്ടുകളുടെ വകമാറ്റി വിനിയോഗം ഇനി സാധ്യമാകില്ല. നിയമത്തിൽ പറയുന്ന 18 വ്യവസ്ഥകളിലെ 105 ഇനങ്ങൾക്ക് മാത്രമേ പണം ചിലവഴിക്കാൻ പാടുള്ളൂ. ഇതിൽ ആരോഗ്യം ഉൾപ്പെടെയുള്ള പല പ്രധാന ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൾപ്പെട്ടിട്ടില്ല എന്നാണ് സഭ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, വിദേശത്ത് ജോലി ചെയ്യുന്ന സഭയിലെ പുരോഹിതർ തങ്ങളുടെ വരുമാനം എഫ്സിആർഎ വഴി അയക്കുമ്പോൾ അത് സംഭാവനയായി കണക്കാക്കുമോ എന്നതിലും ആശങ്കയുണ്ട്.
മറ്റൊരു പ്രധാന ആശങ്ക 'മതപരിവർത്തനം' എന്ന പദത്തിന് പകരം 'മതപരിവർത്തനത്തിനുള്ള ശ്രമം' എന്ന് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതാണ്. ഉത്തരേന്ത്യയിലെയും ആദിവാസി മേഖലകളിലെയും മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പുരോഹിതർക്കെതിരെ ചെറിയ കാര്യങ്ങളിൽ പോലും വേഗത്തിൽ കേസുകൾ വരാൻ ഇത് കാരണമാകുമെന്ന് സഭ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ ബിൽ ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സബ്ജക്ട് കമ്മിറ്റിയുടെ വിശദമായ പഠനത്തിന് വിടണമെന്നും, ബാധിക്കപ്പെടുന്ന സംഘടനകളുമായി ചർച്ച നടത്തണമെന്നുമാകും സഭ കേന്ദ്രത്തോട് ആവശ്യപ്പെടുക.
---------------
Hindusthan Samachar / Roshith K