കീം 2026 ഫലം പ്രഖ്യാപിച്ചു;എഞ്ചിനീയറിംഗിൽ റോഷൻ രാജുവിനു ഒന്നാം റാങ്ക്
Ernakulam , 27 ജൂണ് (H.S.) 2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്ങ്-ഫാർമസി പൊതു പ്രവേശന പരീക്ഷാ (KEAM) ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കൊച്ചിയിൽ പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ അമലാപുരം സ്വദേശി റോഷൻ രാജു ഒന്
KEAM


Ernakulam , 27 ജൂണ് (H.S.)

2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്ങ്-ഫാർമസി പൊതു പ്രവേശന പരീക്ഷാ (KEAM) ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കൊച്ചിയിൽ പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ അമലാപുരം സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി.

കണ്ണൂർ ചെറുവാഞ്ചേരി പൂവത്തൂർ സ്വദേശി ധ്യാൻ തേജസ്സിനാണ് രണ്ടാം റാങ്ക്. തൃശ്ശൂർ സ്വദേശി വിസ്മയ മൂന്നാം റാങ്കും നേടി. ഫാർമസി വിഭാഗത്തിൽ വിനായക് നാരായണൻ ഒന്നാം റാങ്ക് നേടി. റാങ്ക് വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ മന്ത്രി റോഷൻ രാജുവിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

പിന്നീട് ഒന്നാം റാങ്കുകാരനെ നേരിട്ട് വീട്ടിലെത്തിയും ഉന്നത വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. ജെഇഇ പരീക്ഷയിലെ ഒന്നാം റാങ്ക് നേട്ടത്തിന് പിന്നാലെയാണ് അയ്യമ്പുഴക്കാരന് റോഷന് രാജുവിനെ തേടി കീമിലെ ഒന്നാം റാങ്കുമെത്തിയത്

മികച്ച വിജയം; റാങ്ക് ലിസ്റ്റിൽ പതിനായിരങ്ങൾ

ഈ വർഷത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ 96,750 വിദ്യാർത്ഥികളിൽ 79,717 പേർ പ്രവേശനത്തിന് അർഹത നേടി. നിശ്ചിത സമയത്തിനകം പ്ലസ് ടു മാർക്ക് വിവരങ്ങൾ സമർപ്പിച്ച 64,759 പേരെ ഉൾപ്പെടുത്തിയാണ് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഫാർമസി പരീക്ഷയിൽ ആകെ പങ്കെടുത്ത 31,141 പേരിൽ 26,943 പേർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. സർക്കാർ അംഗീകരിച്ച പ്രത്യേക നോർമലൈസേഷൻ ഫോർമുല പ്രകാരമാണ് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.

പ്രതിസന്ധികളെ അതിജീവിച്ച് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ദുബായ് സെന്ററിൽ പരീക്ഷ നടത്തുന്നതിൽ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്കായി പരീക്ഷാ സൗകര്യം ഒരുക്കണമെന്ന ആവശ്യത്തെ തുടർന്ന്, യുദ്ധകാലാടിസ്ഥാനത്തിലാണ് സർക്കാർ ഇടപെടലുകൾ നടത്തിയത്. ദുബായിൽ സ്കൂളുകൾ അടച്ചതിനാൽ അവിടുത്തെ വിദ്യാർത്ഥികൾക്കായി ഷാർജയിൽ പുതിയ സെന്റർ അനുവദിച്ചു. കൂടാതെ കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലും പുതുതായി സെന്ററുകൾ കണ്ടെത്തി പരീക്ഷ വിജയകരമായി പൂർത്തിയാക്കി.വിദേശത്ത് എംബസികളുടെ മേൽനോട്ടത്തിലും, സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയുമാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടന്നത്. കേരളത്തിലെ 152 പരീക്ഷാ കേന്ദ്രങ്ങളിലായി 192 വെന്യൂകൾ ഇതിനായി സജ്ജീകരിച്ചിരുന്നു. കേരളത്തിന് പുറമേ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.

അലോട്ട്മെന്റ് നടപടികൾ ജൂൺ 30 മുതൽ; ആദ്യ അലോട്ട്മെന്റ് ജൂലൈ 8 ന്

പ്രവേശന പരീക്ഷാ നടപടികൾ വേഗത്തിലാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഒന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ജൂൺ 30-ന് ആരംഭിച്ച് ജൂലൈ 04-ന് അവസാനിക്കും. ആവശ്യമായ മറ്റ് പരിശോധനകൾക്ക് ശേഷം ജൂലൈ 08-ന് ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.സാമുദായിക/പ്രത്യേക സംവരണം, വരുമാനം, നേറ്റിവിറ്റി എന്നിവയ്ക്ക് അർഹരായവരുടെ കാറ്റഗറി ലിസ്റ്റ് ജൂലൈ 29-ന് പ്രസിദ്ധീകരിക്കും. AICTE അക്കാദമിക് കലണ്ടർ പ്രകാരം മൂന്ന് കേന്ദ്രീകൃത അലോട്ട്മെന്റുകളും സ്പോട്ട് അലോട്ട്മെന്റും പൂർത്തിയാക്കി ആഗസ്റ്റ് 14-നകം ബി.ടെക് പ്രവേശന നടപടികൾ അവസാനിപ്പിക്കേണ്ടതുണ്ട്.അതേസമയം, നാറ്റ (NATA) സ്കോർ ലഭ്യമാകുന്ന മുറയ്ക്ക് ആർക്കിടെക്ചർ (B.Arch) കോഴ്സിന്റെ അലോട്ട്മെന്റ് നടപടികൾ ആരംഭിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News