‘ബില്ല് പാസാക്കിയാൽ പിന്നെ എറിഞ്ഞ കല്ല് പോലെ’; മദ്യനികുതി വിവാദത്തിൽ സർക്കാരിനെതിരെ കെ.എൻ. ബാലഗോപാൽ
Thiruvananthapuram , 27 ജൂണ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ കടുത്ത വിമർശനവുമായി മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാ
‘ബില്ല് പാസാക്കിയാൽ പിന്നെ എറിഞ്ഞ കല്ല് പോലെ’; മദ്യനികുതി വിവാദത്തിൽ സർക്കാരിനെതിരെ കെ.എൻ. ബാലഗോപാൽ


Thiruvananthapuram , 27 ജൂണ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ കടുത്ത വിമർശനവുമായി മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് ഈ സർക്കാർ പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്ത് മാത്രമേ നയം നടപ്പിലാക്കൂ എന്ന എക്സൈസ് മന്ത്രി എം. ലിജുവിന്റെ പ്രസ്താവനയെയും ബാലഗോപാൽ പരിഹസിച്ചു. ബില്ല് പാസാക്കിയ ശേഷം നടത്തുന്ന ചർച്ചകൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

‘മുഖ്യമന്ത്രിയുടേത് വസ്തുതാവിരുദ്ധമായ വാദങ്ങൾ’

വീര്യം കുറഞ്ഞ മദ്യത്തിന്റെ (Ready to Drink) നികുതി ഘടനയിൽ മാറ്റം വരുത്തിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് കർഷകരെ സഹായിക്കാനായി പഴവർഗങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ‘ഹോർട്ടി വൈനുകളുടെ’ നികുതി മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സർക്കാർ ബജറ്റിലൂടെ നികുതി കുത്തനെ കുറച്ചത് വൻകിട മദ്യക്കമ്പനികളെ സഹായിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ തോതിൽ സമ്മർദ്ദമുണ്ടായിരുന്നിട്ടും, സംസ്ഥാനത്ത് മദ്യവ്യാപനം കൂട്ടുമെന്നതിനാലും യുവാക്കളെയും സ്ത്രീകളെയും സോഷ്യൽ ഡ്രിങ്കിങ്ങിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ വിഭാഗത്തെ ഇത് സൃഷ്ടിക്കുമെന്നതിനാലും ഞങ്ങൾ ഈ തീരുമാനത്തിൽ നിന്ന് ബോധപൂർവ്വം പിന്തിരിയുകയായിരുന്നു. എന്നാൽ നിലവിലെ സർക്കാർ വൻകിട കമ്പനികൾക്ക് വേണ്ടി റെക്കോർഡ് വേഗതയിലാണ് ഫയലുകൾ നീക്കിയത്. - കെ.എൻ. ബാലഗോപാൽ പറഞ്ഞു.

എറിഞ്ഞ കല്ല് പോലെയാണ് ബില്ല്; ചർച്ചകൾ പ്രഹസനം

യുഡിഎഫിലും ഘടകകക്ഷികളിലും ചർച്ച ചെയ്ത് മാത്രമേ മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന വെറും പ്രഹസനമാണെന്ന് മുൻ ധനമന്ത്രി കുറ്റപ്പെടുത്തി. ബജറ്റിലൂടെയും ഫിനാൻസ് ബില്ലിലൂടെയും നിയമസഭയിൽ തീരുമാനം പാസാക്കിയെടുത്ത ശേഷം ചർച്ച നടത്തുന്നതിൽ യാതൊരു അർത്ഥവുമില്ല.

ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത് എറിഞ്ഞ കല്ല് പോലെയാണ്, പിന്നീട് അതിൽ ചർച്ച നടത്തിയിട്ട് എന്ത് കാര്യം? എന്ന് അദ്ദേഹം ചോദിച്ചു. നികുതി ഘടന വന്നത് എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്ന തരത്തിലുള്ള വാർത്തകൾ സർക്കാരിലെ കൂട്ടുത്തരവാദിത്തമില്ലായ്മയാണ് വ്യക്തമാക്കുന്നത്. മദ്യനയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുന്നത് നല്ലതാണെന്നും എന്നാൽ മദ്യത്തിന്റെ നിരക്കുകൾ നിശ്ചയിക്കുന്നത് പാർട്ടി ഓഫീസുകളിൽ ഇരുന്നാകരുതെന്നും അദ്ദേഹം വി.ഡി. സതീശനെ പരിഹസിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

മദ്യവ്യാപനത്തിനെതിരെ കടുത്ത വിയോജിപ്പ്

ഈഗോയുടെയോ വാശിയുടെയോ പ്രശ്നമായി കാണാതെ, ജനവികാരം മാനിച്ചു സർക്കാർ ഈ അപകടകരമായ തീരുമാനത്തിൽ നിന്നും നികുതിയിളവിൽ നിന്നും അടിയന്തരമായി പിന്മാറണമെന്ന് ബാലഗോപാൽ ആവശ്യപ്പെട്ടു. യുഡിഎഫ് മുന്നണിക്കുള്ളിൽ നിന്നും വി.എം. സുധീരനെപ്പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള സാമൂഹിക സംഘടനകളിൽ നിന്നും ഈ നീക്കത്തിനെതിരെ ഇതിനകം തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. വരുമാനം കൂട്ടാനെന്ന വ്യാജേന സംസ്ഥാനത്തെ മദ്യശാലകളാക്കി മാറ്റുന്ന ഇത്തരം നയങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Roshith K


Latest News