കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ തുടരെ മൂന്നാം വിജയവുമായി എറണാകുളം
Thiruvananthapuram , 27 ജൂണ് (H.S.) കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ തുടരെ മൂന്നാം വിജയവുമായി എറണാകുളം. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണമെന്റിലെ ഗ്രൂപ്പ് എ മത്സരങ്ങളിൽ എറണാകുളത്തിനും ഇടുക്കിക്ക
Cricket


Thiruvananthapuram , 27 ജൂണ് (H.S.)

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ തുടരെ മൂന്നാം വിജയവുമായി എറണാകുളം. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണമെന്റിലെ ഗ്രൂപ്പ് എ മത്സരങ്ങളിൽ എറണാകുളത്തിനും ഇടുക്കിക്കും വിജയം.

എറണാകുളം കൊല്ലത്തെ അഞ്ച് വിക്കറ്റിന് തോല്പിച്ചപ്പോൾ കണ്ണൂരിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇടുക്കിയുടെ വിജയം.

ഇടുക്കിക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 40 പന്തുകളിൽ 52 റൺസെടുത്ത എം ശ്രീരൂപാണ് കണ്ണൂരിന്റെ ടോപ് സ്കോറർ. ധീരജ് പ്രേം 34ഉം ഒമർ അബൂബക്കർ 30ഉം റൺസെടുത്തു. ഇടുക്കിക്ക് വേണ്ടി അനന്തു പ്രസാദ് മൂന്നും വസുദേവ് ആർ നായർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇടുക്കി 18.4 ഓവറിൽ ലക്ഷ്യത്തിലെത്തി.

47 പന്തുകളിൽ പത്ത് ഫോറും രണ്ട് സിക്സും അടക്കം 79 റൺസുമായി പുറത്താകാതെ നിന്ന സച്ചിൻ ബേബിയുടെ ഇന്നിങ്സാണ് ഇടുക്കിക്ക് വിജയമൊരുക്കിയത്. ജോബിൻ ജോബി 28ഉം ബെഥൽ ജോസ് 25ഉം റൺസെടുത്തു. കണ്ണൂരിന് വേണ്ടി പി ജിഷ്ണു രണ്ട് വിക്കറ്റ് വീഴ്ത്തി.

എറണാകുളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് പടുത്തുയർത്തി. ഓപ്പണർമാരായ ഷഹാൻ ഫയാസും പി എസ് സച്ചിനും ചേർന്നുള്ള 91 റൺസിന്റെ കൂട്ടുകെട്ടാണ് കൊല്ലത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഷഹാൻ 28 പന്തുകളിൽ 41ഉം സച്ചിൻ 46 പന്തുകളിൽ 76ഉം റൺസെടുത്തു. എറണാകുളത്തിന് വേണ്ടി ഇബ്നുൾ അഫ്താബും ആസിഫ് സലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എറണാകുളം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. വിപുൽ ശക്തി (37), ഗോവിന്ദ് ദേവ് പൈ (38), പ്രീതിഷ് പവൻ (34) എന്നിവരാണ് എറണാകുളത്തിന് വേണ്ടി തിളങ്ങിയത്. അവസാന ഓവറുകളിൽ പുറത്താകാതെ 14 പന്തുകളിൽ നിന്ന് 27 റൺസെടുത്ത അബ്ദുൾ ബാസിദും 12 പന്തുകളിൽ 20 റൺസെടുത്ത ജയദേവ് ജെ നായരും എറണാകുളത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കൊല്ലത്തിന് വേണ്ടി അശ്വന്ത് ശങ്കർ രണ്ട് വിക്കറ്റ് വീഴ്ത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News