കെ-ഫോൺ സംസ്ഥാനത്ത് ഇതുവരെ നൽകിയത് 1.47 ലക്ഷം കണക്ഷനുകൾ
Thiruvananthapuram , 27 ജൂണ് (H.S.) സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റുവർക്ക്) വഴി കേരളത്തിൽ നാളിതുവരെ ഒരു ലക്ഷത്തിലധികം (1,47,485) കണക്ഷനുകൾ വിതരണം ചെയ്തതായി വിവരാവകാശ രേഖകൾ. ഇതിൽ 1.16
K-Fone


Thiruvananthapuram , 27 ജൂണ് (H.S.)

സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റുവർക്ക്) വഴി കേരളത്തിൽ നാളിതുവരെ ഒരു ലക്ഷത്തിലധികം (1,47,485) കണക്ഷനുകൾ വിതരണം ചെയ്തതായി വിവരാവകാശ രേഖകൾ. ഇതിൽ 1.16 ലക്ഷത്തിലധികം (1,16,360) കണക്ഷനുകൾ സാധാരണക്കാരായ ഉപഭോക്താക്കൾക്കും ദാരിദ്ര രേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങൾക്കുമായാണ് നൽകിയിട്ടുള്ളത്. ബാക്കി കണക്ഷനുകളിൽ ഭൂരിഭാഗവും സർക്കാർ ഓഫിസുകൾക്കാണ്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് കെ-ഫോൺ അധികൃതർ നൽകിയ വിവരാവകാശ മറുപടിയിലാണ് പദ്ധതിയുടെ കൃത്യമായ കണക്കുകൾ പുറത്തുവന്നത്.

മലപ്പുറം ഒന്നാമത്, കാസർകോട് പിന്നിൽ

കണക്ഷനുകളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ളത്. ആകെ 31,352 കണക്ഷനുകളാണ് മലപ്പുറം ജില്ലയിൽ ഇതുവരെ നൽകിയിട്ടുള്ളത്. കോട്ടയം (13,000), കോഴിക്കോട് (12,792), എറണാകുളം (11,879) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. എന്നാൽ ഏറ്റവും കുറവ് കണക്ഷനുകൾ ഉള്ളത് കാസർകോടാണ്. 3,229 എണ്ണം മാത്രം. ഇതിന് പുറമേ പത്തനംതിട്ട ജില്ലയിലും കണക്ഷനുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 3,920 എണ്ണമാണ് ജില്ലയിൽ വിതരണം ചെയ്തിട്ടുള്ളത്. നാളിതുവരെ സംസ്ഥാനത്തൊട്ടാകെയുള്ള 30,897 സർക്കാർ ഓഫിസുകളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സർക്കാർ ഓഫിസുകൾക്ക് കണക്ഷൻ നൽകിയിരിക്കുന്നത് മലപ്പുറം (3,435), തിരുവനന്തപുരം (3,187) ജില്ലകളിലാണ്.

ചെലവഴിച്ചത് 1,041 കോടി, കിഫ്ബി വിഹിതം 715 കോടി

പദ്ധതിയുടെ സാമ്പത്തിക വിവരങ്ങളും വിവരാവകാശ മറുപടിയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കെ-ഫോൺ പദ്ധതിക്കായി നാളിതുവരെ ആകെ 1,041.05 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിൽ 715.90 കോടി രൂപ ലഭ്യമാക്കിയത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (KIIFB) വഴിയാണ്.

ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം

അതേസമയം, കെഫോൺ പ്രോജക്റ്റിൽ നിലവിൽ ആകെ 29 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ ഉന്നത തസ്തികകളിലുള്ള ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങളാണ് പ്രതിമാസ ശമ്പളമായി നൽകുന്നത്. ചീഫ് ടെക്നോളജി ഓഫിസർ, ചീഫ് സെയിൽസ് ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ എന്നിവർക്ക് 2,24,000 രൂപ വീതമാണ് പ്രതിമാസ ശമ്പളം. ജനറൽ മാനേജർക്ക് 1,51,400 രൂപയും, ഡിജിഎം തസ്തികകളിൽ ഉള്ളവർക്ക് 1,37,500 രൂപ മുതൽ 1,40,000 രൂപ വരെയും പ്രതിമാസം ശമ്പളം നൽകുന്നുണ്ട്. വിവിധ ജില്ലകളിലായി ജോലി ചെയ്യുന്ന 15 ഡിസ്ട്രിക്റ്റ് ടെലികോം എക്സിക്യൂട്ടീവുമാർക്ക് 30,000 രൂപ അടിസ്ഥാന ശമ്പളവും ഇൻസെൻ്റീവും നൽകിവരുന്നു.

പൊതുജനങ്ങൾക്ക് കെഫോൺ പോർട്ടൽ വഴിയോ 'എൻ്റെ കെഫോൺ' (ente KFON) മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ കണക്ഷനായി അപേക്ഷിക്കാമെന്നും ലൊക്കേഷൻ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം കെവൈസി (KYC) സമർപ്പിക്കുന്ന മുറയ്ക്ക് കണക്ഷനുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ ജീവനക്കാരുടെ എണ്ണവും അവരുടെ ശമ്പള സ്കെയിലും സംബന്ധിച്ച വിവരങ്ങൾ അപൂർണമാണെന്ന് രാജു വാഴക്കാല ഇടിവി ഭാരതിനോട് പറഞ്ഞു. പല വകുപ്പുകളും ഇത്തരത്തിലാണ് മറുപടി നൽകുന്നത്. അപ്പീൽ കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News