Enter your Email Address to subscribe to our newsletters

Wayanad , 27 ജൂണ് (H.S.)
മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യുന്നതിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്. കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പുനപ്പരിശോധനാ ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ജസ്റ്റിസ് ഈശ്വരൻ എസ് ഉത്തരവിട്ടിരിക്കുന്നത്.
മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് പിടികൂടി കുപ്പാടിയിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ഈട്ടി മരത്തടികൾ ലേലം ചെയ്യാൻ ഈ മാസം 16 നാണ് സുൽത്താൻബത്തേരി മുൻസിഫ് മജിട്രേറ്റ് ഒന്നാം കോടതി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ മുൻസിഫ് മജിട്രേറ്റ് ഒന്നാം കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ റിവിഷൻ ഹർജിയിലാണ് ഉത്തരവ്. മുട്ടിൽ മരംമുറി കേസിൽ 112 ഈട്ടി മരങ്ങളുടെ എണ്ണൂറ് കഷ്ണം തടികളാണ് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത്. 2020,2021 കാലയളവിലാണ് വിവാദമായ മുട്ടിൽ മരംമുറി നടന്നത്. കേസിൽ അഗസ്റ്റിൻ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികൾ. ഇവരെക്കൂടാതെ റവന്യൂ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.
കേസിൻ്റെ പശ്ചാത്തലം
ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് റവന്യൂ ഉത്തരവിന്റെ മറവില് പട്ടയ ഭൂമിയില് നിന്ന് വന ഭൂമിയില് നിന്ന് വ്യാപകമായി മരം മുറിച്ച് കടത്തിയതാണ് കേസിൽ വലിയ വിവാദമായത്. വിവിധ ജില്ലകളില് നിന്നായി 14.42 കോടിയുടെ മരങ്ങളാണ് അനധികൃതമായി മുറിച്ചു കടത്തിയത്. പട്ടയഭൂമിയില് കര്ഷകര് നട്ടുവളര്ത്തിയ മരങ്ങള് മുറിച്ചു മാറ്റാന് അനുവാദം നല്കിക്കൊണ്ട് 2020 ഒക്ടോബറില് റവന്യൂ പ്രിന്സിപ്പല് സെക്രട്ടറി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിൻ്റെ മറവിലാണ് നൂറ്റാണ്ടുകള് പഴക്കമുള്ള ഈട്ടിമരങ്ങള് സര്ക്കാര് അനുമതിയില്ലാതെ പ്രതികള് മുറിച്ചുകടത്തിയത്. തൃശൂര് കേരള വനം ഗവേഷണ കേന്ദ്രത്തില് നടത്തിയ ഡിഎന്എ പരിശോധനയില് മുറിച്ചുമാറ്റിയവ നൂറ്റാണ്ടുകള് പഴക്കമുള്ള മരങ്ങളാണെന്നും സ്ഥിരീകരിക്കുകയുണ്ടായി.
തുടർന്ന് 2023 ഡിസംബറോടെ പൊലീസ് പ്രത്യേക അന്വേഷണ സംഘം പ്രതികള്ക്കെതിരെ കോടതിയിൽ കുറ്റപത്രം സമര്പ്പിച്ചു. പ്രധാന പ്രതികള് ഉള്പ്പെടെ 36 കേസുകളിലായി 85,000 പേജുകളുള്ള കുറ്റപത്രമാണ് സുല്ത്താന് ബത്തേരി ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ചത്. ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാല് വര്ഷം കൊണ്ട് കുറ്റപത്ര സമര്പ്പണം പൂര്ത്തിയാക്കിയത്.
ആദിവാസികളായ ഭൂവുടമകളെ കബളിപ്പിച്ച് റവന്യു വകുപ്പില് നിന്ന് ഇറക്കിയ വിവാദ ഉത്തരവിൻ്റെ മറവിൽ, സര്ക്കാരിലേക്ക് നിക്ഷിപ്തമാക്കിയ മരങ്ങള് മുറിച്ചു എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. നാല് കോടി രൂപ വിലയുള്ള മരങ്ങള് ഭൂവുടമകള്ക്ക് വെറും 14 ലക്ഷം രൂപ നല്കിയായിരുന്നു മുറിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മുട്ടില് കേസുകളില് മാത്രമായി 14 കോടി രൂപയാണ് സര്ക്കാരിൻ്റെ നഷ്ടമായി കണക്കാക്കുന്നത്. ഇതേ ഉത്തരവിൻ്റെ ചുവടുപിടിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും കോടിക്കണക്കിന് രൂപയുടെ മരങ്ങള് മുറിച്ചു കടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR