Enter your Email Address to subscribe to our newsletters

Kochi 27 ജൂണ്‍ (H.S.)
കൊച്ചി മെട്രോ സ്റ്റേഷനുകളിലെ മിൽമ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളുടെ ഉദ്ഘാടനം ക്ഷീരവികസന- മൃഗസംരക്ഷണ വനിത-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ നിർവ്വഹിച്ചു. എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനാണ് (ഇആർസിഎംപിയു - മിൽമ) പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ മുന്നോട്ടുവച്ച ഒരുകോടി ലിറ്റർ പാലുൽപാദനം എന്ന ലക്ഷ്യം കൈവരിക്കാൻ മിൽമ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മിൽമയുടെ എല്ലാ പരിപാടികളിലും ക്ഷീരകർഷകരുടെ സാന്നിധ്യം കൂടുതലായി ഉറപ്പാക്കണം എന്നും മന്ത്രി അറിയിച്ചു.
പാലാരിവട്ടം മൺസൂൺ എംപ്രസ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മിൽമയുടെ വിപണി യുവതലമുറയിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള 'ചിൽ മിൽ' ഫ്രാഞ്ചൈസികളുടെ ഉദ്ഘാടനം എറണാകുളം എം പി ഹൈബി ഈഡൻ നിർവ്വഹിച്ചു. ഉമ തോമസ് എം.എൽ.എ. ക്യാമ്പസുകളിലെ ലഹരി വിരുദ്ധ സന്ദേശം നൽകി. മിൽമാ ഉൽപ്പന്നങ്ങളുടെ വിപണി സാന്നിധ്യം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അബാദ് ഫുഡ്സുമായി ഉണ്ടാക്കിയ ധാരണാപത്രം മിൽമ ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ് അബാദ് ഫുഡ്‌സ് സിഇഒ ഫറാസ് ജാവേദ് എന്നിവർ ചടങ്ങിൽ കൈമാറി.
കൊച്ചി മേയർ മിനിമോൾ വി.കെ, എം.എൽ.എമാരായ ദീപക് ജോയ്, ടോണി ചമ്മിണി എന്നിവർ പങ്കെടുത്തു.
മിൽമ എറണാകുളം യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള സ്വാഗതവും മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട് നന്ദിയും രേഖപ്പെടുത്തി. മേഖല യൂണിയൻ മുൻ ചെയർമാന്മാർ, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, മിൽമ ഉദ്യോഗസ്ഥർ, ക്ഷീരസംഘം പ്രസിഡന്റുമാർ, ക്ഷീരകർഷകർ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.
---------------
Hindusthan Samachar / Sreejith S