നീറ്റ് റീ-എക്സാം ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം വ്യാജം; നിയമനടപടിയുമായി എൻ.ടി.എ, ബീഹാറിൽ 'മുന്നാഭായ്' തട്ടിപ്പ് അന്വേഷിക്കാൻ സിറ്റും രൂപീകരിച്ചു
Newdelhi , 27 ജൂണ് (H.S.) ന്യൂഡൽഹി: ജൂൺ 21-ന് നടന്ന നീറ്റ് യു.ജി (NEET UG 2026) പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഇത്തരം വ്യാജ സന്ദേശങ്ങളും വീഡിയോക
നീറ്റ് റീ-എക്സാം ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം വ്യാജം; നിയമനടപടിയുമായി എൻ.ടി.എ, ബീഹാറിൽ 'മുന്നാഭായ്' തട്ടിപ്പ് അന്വേഷിക്കാൻ സിറ്റും രൂപീകരിച്ചു


Newdelhi , 27 ജൂണ് (H.S.)

ന്യൂഡൽഹി: ജൂൺ 21-ന് നടന്ന നീറ്റ് യു.ജി (NEET UG 2026) പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഇത്തരം വ്യാജ സന്ദേശങ്ങളും വീഡിയോകളും നിർമ്മിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എൻ.ടി.എ മുന്നറിയിപ്പ് നൽകി. ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ പരീക്ഷാ ക്രമക്കേടുകൾ നടന്നു എന്ന് കാണിച്ച് വീഡിയോകൾ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ഏജൻസി വ്യക്തമാക്കി.

ദയവായി ആരും ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കരുത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ പരീക്ഷാ ഐഡി വ്യക്തമായി കാണാം. ജൂൺ 21-ലെ പരീക്ഷാ സമയത്ത് ഏത് വിദ്യാർത്ഥിക്കാണ് ഈ ചോദ്യപേപ്പർ നൽകിയതെന്ന് ഞങ്ങൾ കൃത്യമായി പരിശോധിച്ചു വരികയാണ്. വ്യാജ വീഡിയോകൾ ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും, എൻ.ടി.എ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വീഡിയോ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന വാദവുമായി ചില സോഷ്യൽ മീഡിയ പ്രൊഫൈലുകൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് എൻ.ടി.എയുടെ ഈ വിശദീകരണം.

അതേസമയം, നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ബീഹാറിലെ ലഖിസരായ് ജില്ലയിൽ വൻ പരീക്ഷാ തട്ടിപ്പ് (Munna Bhai MBBS style scam) പുറത്തുവന്നിട്ടുണ്ട്. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം ഡമ്മി ഉദ്യോഗാർത്ഥികളെ (Solvers) പരീക്ഷയ്ക്ക് ഇരുത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOU) 12 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു എസ്.പി, അഞ്ച് ഡി.എസ്.പിമാർ, അഞ്ച് ഇൻസ്പെക്ടർമാർ എന്നിവരാണുള്ളത്.

അറസ്റ്റിലായ പ്രതികളിൽ പലരും പട്ന മെഡിക്കൽ കോളേജ് (PMCH), ഗയയിലെ അനുഗ്രഹ് നാരായൺ മഗധ മെഡിക്കൽ കോളേജ് (ANMMCH), കൂടാതെ ഡൽഹിയിലെ ചില പ്രമുഖ മെഡിക്കൽ കോളേജുകളിലെയും വിദ്യാർത്ഥികളാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. '220' എന്ന പ്രത്യേക കോഡ് നമ്പറാണ് ഈ ഡമ്മി പരീക്ഷാർത്ഥികൾക്കായി സംഘം ഉപയോഗിച്ചിരുന്നത്.

തട്ടിപ്പ് നടന്നത് ഇങ്ങനെ:

യഥാർത്ഥ പരീക്ഷാർത്ഥി പരീക്ഷാ കേന്ദ്രത്തിന് 100 മീറ്റർ അകലെ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ വെച്ച് ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കും. തുടർന്ന് പരീക്ഷാ ഹാളിലേക്ക് കയറുന്ന ഡമ്മി ഉദ്യോഗാർത്ഥി അകത്തുള്ള ബയോമെട്രിക് സ്റ്റാഫിനോട് '220' എന്ന കോഡ് വാക്ക് പറയും. ഈ കോഡ് കേൾക്കുന്നതോടെ, പുറത്തുനിന്നും വെരിഫിക്കേഷൻ കഴിഞ്ഞ ആളാണ് ഇതെന്നും തങ്ങളുടെ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നും അകത്തുള്ള ഉദ്യോഗസ്ഥന് മനസ്സിലാകും. തുടർന്ന് യാതൊരുവിധ സംശയങ്ങൾക്കും ഇടനൽകാത്ത രീതിയിൽ ലാപ്ടോപ്പിൽ വെരിഫിക്കേഷൻ നടത്തുന്നത് പോലെ അഭിനയിച്ച് ഡമ്മി ഉദ്യോഗാർത്ഥിയെ പരീക്ഷ എഴുതാൻ ഹാളിലേക്ക് കടത്തിവിടുകയാണ് ചെയ്തിരുന്നത്.

ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങൾക്കിടയിലും ബീഹാറിലെ ഈ ഹൈടെക് പരീക്ഷാ തട്ടിപ്പ് കേസ് കേന്ദ്ര ഏജൻസികളും അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് സിറ്റ് (SIT) ഉദ്യോഗസ്ഥർ അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News