Enter your Email Address to subscribe to our newsletters

Wayanad , 27 ജൂണ് (H.S.)
ജില്ലയിലെ പന്നിയിറച്ചി വിലയിലെ ആശയക്കുഴപ്പത്തിന് വിരാമം. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കിയിരുന്ന സാഹചര്യത്തിൽ പന്നിയിറച്ചിയുടെ വില ഏകീകരിക്കാൻ തീരുമാനമായി. ജൂലൈ ഒന്ന് മുതൽ ജില്ലയിലുടനീളം ഒരു കിലോ പന്നിയിറച്ചിക്ക് 340 രൂപയായിരിക്കും.
ആറുമാസം മുമ്പ് വരെ ജില്ലയിൽ ഒരു കിലോ പന്നിയിറച്ചിക്ക് 300 രൂപയായിരുന്നു വില. അന്ന് ജില്ലയിൽ ആവശ്യത്തിന് ഉത്പാദനമുണ്ടായിരുന്നതോടൊപ്പം അയല് സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നികളുടെ വരവും സജീവമായിരുന്നു. എന്നാൽ നിലവിൽ അയല് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും തീറ്റ ഉൾപ്പെടെയുള്ള ഉത്പാദനച്ചെലവ് വർധിച്ചതും ഉത്പാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി. ഇതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 320 മുതൽ 350 രൂപ വരെ വ്യത്യസ്ത നിരക്കുകളിലാണ് പന്നിയിറച്ചി വിറ്റിരുന്നത്.
കര്ഷകര്ക്കും വ്യാപാരികള്ക്കും പ്രയോജനപ്പെടുന്ന വില
വയനാട് ജില്ലയില് പന്നിയിറച്ചിയുടെ വില ഏകീകരിച്ചെന്ന് റെജി എടത്തറ പറഞ്ഞു. കര്ഷകരും വ്യാപാരികളും ഒരുമിച്ച് ചര്ച്ച ചെയ്താണ് അന്തിമ വിലയില് എത്തിച്ചേര്ന്നതെന്നും അദ്ദേഹം പറഞ്ഞു. വിലയിലെ മാറ്റം കര്ഷകര്ക്കും വ്യാപാരികള്ക്കും പ്രയോജനപ്പെടുന്ന രീതിയിലാണെന്നും പ്രതികരണം. വയനാടില് പന്നിയിറച്ചിക്ക് ക്ഷാമമുണ്ടായതിന് പിന്നാലെയാണ് വിലയില് ഏറ്റക്കുറച്ചിലുകള് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ജൂലൈ ഒന്ന് മുതൽ വില പ്രാബല്യത്തിൽ വരും
വിലയിൽ ഏകീകരണം കൊണ്ടുവരുന്നതിനായി പോർക്ക് മീറ്റ് അസോസിയേഷൻ്റെയും പിഗ് ഫാർമേഴ്സ് അസോസിയേഷൻ്റെയും ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ജില്ലയിൽ പ്രവർത്തിക്കുന്ന നൂറിലധികം പന്നിയിറച്ചി സ്റ്റാളുകളിൽ ജൂലൈ ഒന്ന് മുതൽ ഏകീകൃത വില പ്രാബല്യത്തിൽ വരും. ഉത്പാദകരുടെയും വ്യാപാരികളുടെയും താത്പര്യം സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്കും ഒരേ വിലയിൽ പന്നിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
ജില്ലയിൽ പന്നിയിറച്ചി വില ഏകീകരിച്ചതോടെ വ്യാപാര മേഖലയിലെ ആശയക്കുഴപ്പം ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും കർഷകരും. വില വർധനയുടെ പശ്ചാത്തലത്തിലും സ്ഥിരതയുള്ള വിപണി ഉറപ്പാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഉത്പാദനച്ചെലവിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ വില വീണ്ടും പുനഃപരിശോധിക്കാനും സാധ്യതയുണ്ട്.
വില ഏകീകരിക്കാതിരുന്നത് ജില്ലയില് വിവിധ പ്രശ്നങ്ങള്ക്കും വിവാദങ്ങള്ക്കും ഇടവരുത്തിയിരുന്നു. ജില്ലയില് നൂറോളം സ്റ്റാളുകളാണ് നിലവിലുള്ളത്. വില വിവിധ സ്ഥലങ്ങളില് മാറിയതോടെ ചില ഇടങ്ങളില് കച്ചവടം കുറവും മറ്റിടങ്ങളില് കച്ചവടം കൂടുന്നതിനും കാരണമായി. വില ഏകീകരിച്ചതോടെ മാംസ കര്ഷകര്ക്കും ഉപഭോക്താക്കള്ക്കും ഇത് ആശ്വാസമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR