Enter your Email Address to subscribe to our newsletters

Ayodhya, 27 ജൂണ് (H.S.)
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന കാണിക്കപ്പണം കവർച്ച ചെയ്ത കേസിൽ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ പങ്കിനെതിരെ കടുത്ത സംശയങ്ങളുന്നയിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ക്ഷേത്രത്തിൽ നടന്ന വൻ കവർച്ചയിൽ ചമ്പത് റായിയുടെ ഭാഗത്തുനിന്ന് ബോധപൂർവമായ വീഴ്ചകളും പരാതികൾ അവഗണിച്ച സംഭവങ്ങളും ഉണ്ടായതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ തന്റെ അടുത്ത അനുയായികൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ ദിവസം ചമ്പത് റായ് ട്രസ്റ്റ് ഭാരവാഹിത്വം രാജിവെച്ചിരുന്നു.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 40 ദിവസത്തിനിടയിൽ എഴുപതോളം തവണയാണ് കാണിക്കപ്പണം എണ്ണുന്ന ജീവനക്കാർ പണം കവർന്നത്. ഈ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികളെയും കാണിക്ക എണ്ണുന്ന ജോലിയിൽ നിയമിച്ചത് ചമ്പത് റായിയുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും ശുപാർശ പ്രകാരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ പശ്ചാത്തല പരിശോധനകൾ നടത്താതെയാണ് അനിൽ മിശ്ര തന്റെ അടുത്ത അനുയായികളെ ഈ ജോലിയിൽ പ്രവേശിപ്പിച്ചതെന്നും ആരോപണമുണ്ട്.
പണം എണ്ണുന്നതിന്റെയും സുരക്ഷാ മേൽനോട്ടത്തിന്റെയും ഉത്തരവാദിത്തങ്ങൾ ചമ്പത് റായ് മറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. കാണിക്കപ്പണം മോഷണം പോകുന്നുവെന്ന നിരവധി പരാതികൾ ലഭിച്ചിട്ടും അവയെല്ലാം അദ്ദേഹം അവഗണിച്ചതായാണ് സൂചന. മുൻപ് സമാനമായ രീതിയിൽ പണം പിടികൂടിയിട്ടുള്ള സാഹചര്യങ്ങളിൽ പോലും പോലീസിൽ പരാതി നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ അറസ്റ്റിലായ എട്ട് പേരിൽ രണ്ടുപേർ മാത്രമാണ് ക്ഷേത്ര ട്രസ്റ്റിലെ ജീവനക്കാർ. ബാക്കിയുള്ളവർ പണം എണ്ണാൻ സഹായിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ജീവനക്കാരാണ്.
കേസിലെ മുഖ്യപ്രതിയായ രാം ശങ്കർ യാദവ് എന്ന ടിന്നു യാദവാണ് മോഷണങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്. കാണിക്ക സൂക്ഷിക്കുന്ന പെട്ടികളുടെ താക്കോൽ ഇയാളുടെ കൈവശമായിരുന്നു. ട്രസ്റ്റിൽ ആരെ ജോലിക്ക് വെക്കണം, പണം എണ്ണാൻ ആരെ നിയോഗിക്കണം, ക്ഷേത്രത്തിനുള്ളിൽ പോലീസുകാരെ എവിടെയൊക്കെ വിന്യസിക്കണം എന്നതിൽ വരെ ഇയാൾക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.
സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ക്യാമറകളുടെ പരിധിയിൽ വരാത്ത ഭാഗങ്ങളെക്കുറിച്ചും (ബ്ലൈൻഡ് സ്പോട്ടുകൾ) കൃത്യമായ ധാരണയുള്ള പ്രതികൾ, മോഷണം നടത്തുന്ന സമയങ്ങളിൽ ക്യാമറകൾ അണച്ചിടുകയോ അവയുടെ കാഴ്ച മറയ്ക്കുകയോ ചെയ്തിരുന്നു. എന്നാൽ, പണം എണ്ണുന്ന മുറിക്കുള്ളിൽ ആരുമറിയാതെ സ്ഥാപിച്ചിരുന്ന രഹസ്യ നിരീക്ഷണ ക്യാമറയെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നില്ല. ഈ രഹസ്യ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഒടുവിൽ പ്രതികളെ കുടുക്കാനും അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകാനും സഹായിച്ചത്. അതേസമയം, അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങളോട് ചമ്പത് റായിയോ അനിൽ മിശ്രയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
---------------
Hindusthan Samachar / Roshith K