പര്യത്തുകാവ് കോളനി നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമി വീതം അളന്നു തിരിച്ചു; സർവ്വേ സ്കെച്ച് 29-ന് ഹൈക്കോടതിയിൽ സമർപ്പിക്കും
Kochi , 27 ജൂണ് (H.S.) പര്യത്തുകാവ് കോളനി നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമി വീതം അളന്നു തിരിച്ചു. സർവ്വേ സ്കെച്ച് 29-ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പര്യത്തുകാവ് ഉന്നതി നിവാസികളുടെ പുനരധിവാസത്തിനായി അഞ്ച് സെന്റ് ഭൂമി വീതം അളന്ന് സർവ്വേ സ്കെച്ച് തയ
പര്യത്തുകാവ്


Kochi , 27 ജൂണ് (H.S.)

പര്യത്തുകാവ് കോളനി നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമി വീതം അളന്നു തിരിച്ചു. സർവ്വേ സ്കെച്ച് 29-ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

പര്യത്തുകാവ് ഉന്നതി നിവാസികളുടെ പുനരധിവാസത്തിനായി അഞ്ച് സെന്റ് ഭൂമി വീതം അളന്ന് സർവ്വേ സ്കെച്ച് തയ്യാറാക്കി.

സർവ്വേ സ്കെച്ച് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി അഡ്വക്കേറ്റ് ജനറലിന് കൈമാറിയതായി ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.

തിങ്കളാഴ്ചയോടെ( ജൂൺ29) സർവ്വേ സ്കെച്ച് പ്രദേശവാസികൾക്ക് വിതരണം ചെയ്യും. അന്ന് തന്നെ സ്കെച്ച് ഹൈക്കോടതിയിൽ സമർപ്പിക്കും.

പര്യത്തുകാവിൽ അടിയന്തരമായി സർവ്വേ നടപടികൾ പൂർത്തിയാക്കാൻ പ്രയത്നിച്ച ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കുന്നത്തുനാട് എം.എ.എൽ വി.പി. സജീന്ദ്രൻ അഭിനന്ദിച്ചു. പ്രശ്നപരിഹാരത്തിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരോട് അദ്ദേഹം നന്ദി അറിയിച്ചു.

ജില്ലാ വികസന സമിതി (ഡി.ഡി.സി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം ഗവൺമെന്റ് എൽ.പി സ്കൂളിന്റെ ക്ലാസ് മുറികളും സ്ഥലവും നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത സാഹചര്യത്തിൽ, സ്കൂൾ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ ഫണ്ട് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, എൽ.എ ഡെപ്യൂട്ടി കളക്ടർക്കും നിർദ്ദേശം നൽകി.

സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിൽ ജില്ലയ്ക്കായി അനുവദിച്ച വിവിധ പദ്ധതികളുടെ തുടർനടപടികൾ വേഗത്തിലാക്കണം. വിവിധ വകുപ്പുകളിൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനായി എല്ലാ വകുപ്പുകളും തങ്ങളുടെ പ്രൊപ്പോസലുകൾ അടിയന്തരമായി സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ എംഎൽഎമാർ യോഗത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന , 'തൂഫാന്' പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡി. ഡി. സി പ്രമേയം പാസാക്കി. വി.പി. സജീന്ദ്രൻ എം.എൽ.എ അവതരിപ്പിച്ച പ്രമേയത്തെ ഉമ തോമസ് എം.എൽ.എ പിന്താങ്ങി.

ഭാവി തലമുറയുടെ സുരക്ഷയ്ക്കായി ലഹരി വിപണനം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ജയിലിലടയ്ക്കുന്നതിനും പോലീസ് നടത്തുന്ന കർശന നടപടികൾക്ക് പ്രമേയത്തിലൂടെ ഡി.ഡി.സി പൂർണ്ണ പിന്തുണ ഉറപ്പുനൽകി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ മാരായ ടി ജെ വിനോദ്, ദീപക് ജോയ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, മൂവാറ്റുപുഴ ആർഡിഒ വി.ഇ അബ്ബാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ജി ഉല്ലാസ്, മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News