ഗാസ വിഷയത്തിൽ സോണിയാ ഗാന്ധിയുടെ ലേഖനം; കോൺഗ്രസ് - ബിജെപി വാക്പോര് ശക്തം
Newdelhi , 27 ജൂണ് (H.S.) ന്യൂഡൽഹി: ഗാസയിലെ ഇസ്രായേൽ നടപടികളിലും മോദി സർക്കാരിന്റെ വിദേശനയത്തിലും കടുത്ത വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തിയതോടെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു. ഗാസ
ഗാസ വിഷയത്തിൽ സോണിയാ ഗാന്ധിയുടെ ലേഖനം; കോൺഗ്രസ് - ബിജെപി വാക്പോര് ശക്തം


Newdelhi , 27 ജൂണ് (H.S.)

ന്യൂഡൽഹി: ഗാസയിലെ ഇസ്രായേൽ നടപടികളിലും മോദി സർക്കാരിന്റെ വിദേശനയത്തിലും കടുത്ത വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തിയതോടെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്നത് 'വംശഹത്യ'യാണെന്ന് ആരോപിച്ചും ഇന്ത്യ പുലർത്തുന്ന നിശ്ശബ്ദതയെ ചോദ്യം ചെയ്തും ഒരു പ്രമുഖ ദേശീയ മാധ്യമത്തിൽ സോണിയ എഴുതിയ ലേഖനമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

പലസ്തീൻ ജനതയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കാനാണ് ബെഞ്ചമിൻ നെതന്യാഹുവും കൂട്ടരും ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധി ലേഖനത്തിൽ ആരോപിച്ചു. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യ പുലർത്തുന്ന നിശ്ശബ്ദത ദേശീയ താല്പര്യങ്ങൾക്ക് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.

മോദി സർക്കാരിനെതിരെ സോണിയയുടെ രൂക്ഷവിമർശനം

ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകൾ ഉദ്ധരിച്ചായിരുന്നു സോണിയാ ഗാന്ധിയുടെ വിമർശനം. ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ 20,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയും 44,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും ഇന്ത്യ നിശ്ശബ്ദതയുടെ ഏക സ്വരമായി തുടരുകയാണെന്ന് അവർ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തുക്കളായ പലസ്തീൻ, ഇറാൻ എന്നിവരുൾപ്പെടുന്ന മിഡിൽ ഈസ്റ്റിൽ നിന്നും രാജ്യം ഇന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ തന്ത്രപരമായ വീഴ്ച കാരണം, ഇന്ത്യക്ക് സ്വാഭാവിക അവകാശമുണ്ടായിരുന്ന മധ്യസ്ഥന്റെ റോളിലേക്ക് പാകിസ്ഥാൻ കടന്നുവരാൻ മോദി സർക്കാർ അവസരമൊരുക്കിയെന്നും സോണിയ എഴുതി.

ലോകം ഇസ്രായേലിൽ നിന്ന് അകന്നുപോകുന്ന ഈ സാഹചര്യത്തിൽ, ഇന്ത്യ കൂടുതൽ കൂടുതൽ ഇസ്രായേലിന്റെ തന്ത്രപ്രധാന വലയത്തിലേക്ക് നീങ്ങുകയാണ്. ഇസ്രായേൽ ഇറാനുമായി യുദ്ധം പ്രഖ്യാപിക്കുന്നതിനും അവിടുത്തെ മുൻനിര രാഷ്ട്രീയ നേതൃത്വത്തെ വധിക്കുന്നതിനും തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രായേൽ സന്ദർശനം, ചരിത്രത്തിലെ തന്നെ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന തന്ത്രപരമായ തീരുമാനമായി രേഖപ്പെടുത്തപ്പെടും. - സോണിയാ ഗാന്ധി ലേഖനത്തിൽ വ്യക്തമാക്കി.

ആഞ്ഞടിച്ച് ബിജെപി; 'പ്രീണന രാഷ്ട്രീയം' എന്ന് വിമർശനം

സോണിയാ ഗാന്ധിയുടെ ലേഖനം പുറത്തുവന്നതിന് പിന്നാലെ കടുത്ത ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന സ്വന്തം പാർട്ടിയെക്കുറിച്ച് സോണിയാ ഗാന്ധി ആദ്യം ആത്മപരിശോധന നടത്തണമെന്നും ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാൻ പരിഹസിച്ചു.

ബിജെപി നേതാവ് ടി.ആർ. ശ്രീനിവാസും സോണിയക്കെതിരെ രംഗത്തുവന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള മുസ്ലിം പ്രീണന തന്ത്രമാണ് ഈ ലേഖനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ സർക്കാരിന് കീഴിൽ ഇന്ത്യ എപ്പോഴും സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും, ഏത് പ്രശ്നവും ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ശക്തമായ നിലപാടമെന്നും ബിജെപി വ്യക്തമാക്കി.

സോണിയയ്ക്ക് പിന്തുണയുമായി രാഹുലും ഖാർഗെയും

വിവാദങ്ങൾക്കിടയിലും സോണിയാ ഗാന്ധിക്ക് പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഗാസയിലെ ഇസ്രായേൽ ക്രൂരതകൾക്കെതിരെ നിശ്ശബ്ദത പാലിക്കുന്നതിലൂടെ ആഗോള പൊതുവികാരത്തിൽ നിന്നും ഇന്ത്യ ഒറ്റപ്പെട്ടിരിക്കുകയാണെന്ന സോണിയയുടെ നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവർത്തിച്ചു.

ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം വീണ്ടെടുക്കാനും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വേണ്ടിയാണ് സോണിയാ ഗാന്ധി സംസാരിച്ചതെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയതാ ബോധം പലസ്തീന് വേണ്ടി ശബ്ദമുയർത്താൻ ആവശ്യപ്പെടുന്നുണ്ടെന്നും എക്സ് (X) പ്ലാറ്റ്ഫോമിലൂടെ രാഹുൽ കൂട്ടിച്ചേർത്തു. ഗാസ വിഷയത്തിലെ വിദേശനയത്തെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ തർക്കം വരും ദിവസങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിൽ കനത്ത ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News