Enter your Email Address to subscribe to our newsletters

Newdelhi , 27 ജൂണ് (H.S.)
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ വീണ്ടും തെറ്റുതിരുത്തൽ രേഖയുമായി സിപിഎം കേന്ദ്ര നേതൃത്വം. പാർട്ടിയിലുണ്ടായ സംഘടനാപരമായ വലിയ ദൗർബല്യങ്ങളാണ് സംസ്ഥാനത്തെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് പോളിറ്റ് ബ്യൂറോയുടെ (പി.ബി) വിലയിരുത്തൽ. അടുത്ത മാസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യാനുള്ള തെറ്റുതിരുത്തൽ രേഖയുടെ കരട് രൂപത്തിനാണ് ന്യൂഡൽഹിയിൽ ചേർന്ന പി.ബി യോഗം അന്തിമ രൂപം നൽകിയത്.
പത്തുവർഷത്തെ ഭരണം പാർലമെന്ററി വ്യാമോഹം കൂട്ടി
കേരളത്തിൽ പത്തുവർഷമായി തുടരുന്ന ഭരണം മുതിർന്ന നേതാക്കൾക്കിടയിൽ പോലും പാർലമെന്ററി വ്യാമോഹം വർദ്ധിക്കാൻ ഇടയാക്കിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി വാർത്താ ചാനലിനോട് പ്രതികരിച്ചു. പാർട്ടിയുടെ പല തട്ടുകളിലുള്ള നേതൃത്വത്തിലും ഇത്തരം തെറ്റായ പ്രവണതകൾ കടന്നുകൂടിയിട്ടുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന പലരും മറ്റ് മുന്നണികളുടെയും രാഷ്ട്രീയ ശക്തികളുടെയും സഹായത്തോടെ മത്സരിക്കാനും ജയിക്കാനും വരെ ഒരുമ്പെട്ടിറങ്ങിയത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി. സുധാകരൻ, ടി.കെ ഗോവിന്ദൻ, വി. കുഞ്ഞിക്കൃഷ്ണൻ തുടങ്ങിയ മുൻ പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതും, കുടുംബാംഗങ്ങൾക്ക് അടക്കം സീറ്റ് ഉറപ്പാക്കാൻ നേതാക്കൾ നടത്തിയ നീക്കങ്ങളും തെറ്റുതിരുത്തൽ രേഖയിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്.
സംസ്ഥാന സമിതി റിപ്പോർട്ട് അതേപടി അംഗീകരിക്കാതെ പി.ബി
തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേരള സംസ്ഥാന സമിതി സമർപ്പിച്ച അവലോകന റിപ്പോർട്ട് അതേപടി അംഗീകരിക്കാൻ പോളിറ്റ് ബ്യൂറോ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെയോ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയോ വ്യക്തിപരമായി വിമർശിക്കാതെ, പൊതുവായ രീതിയിലുള്ള വിലയിരുത്തലായിരുന്നു സംസ്ഥാന സമിതിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, പിണറായി വിജയനും എം.വി ഗോവിന്ദനും നേതൃത്വത്തിൽ തുടരുന്നതിനെതിരെ താഴേത്തട്ടിൽ നിന്ന് മുതൽ പി.ബിയിൽ വരെ ശക്തമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ നേതൃമാറ്റം സംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും പി.ബിയിൽ നടന്നിട്ടില്ല.
പി.ബി യോഗത്തിൽ ഉയർന്നുവന്ന കടുത്ത നിർദ്ദേശങ്ങളും തിരുത്തലുകളും കൂടി ഉൾപ്പെടുത്തി പുതുതായി തയ്യാറാക്കുന്ന കരട് രേഖയായിരിക്കും വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കുക. നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ ചോദ്യങ്ങൾ ഉയരുമ്പോൾ, പാർട്ടി വിട്ടുപോയവരുടെ പാർലമെന്ററി വ്യാമോഹങ്ങളെക്കുറിച്ച് മാത്രം സംസാരിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യവും വരും ദിവസങ്ങളിൽ സിപിഎമ്മിനുള്ളിൽ ശക്തമാകാൻ സാധ്യതയുണ്ട്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ദേശീയ തലത്തിൽ പാർട്ടിയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം വീണ്ടും ഒരു തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് ഔദ്യോഗികമായി തുടക്കമിടുന്നത്.
---------------
Hindusthan Samachar / Roshith K