Enter your Email Address to subscribe to our newsletters

Kozhikode , 28 ജൂണ് (H.S.)
ദേശീയപാതയിൽ പന്തീരാങ്കാവിന് സമീപം ഇരിങ്ങല്ലൂരിലെ ടോൾ പ്ലാസയിൽ സംഘർഷം. ടോള് നൽകാതെ പോയ കാറ് തടയാൻ ശ്രമിച്ച ജിവനക്കാരനെ ഇടിച്ച് തെറിപ്പിക്കാൻ കാർ ഡ്രൈവറുടെ ശ്രമം. കാറിന് മുന്നിൽ കുടുങ്ങിയ ജീവനക്കാരനെയും വഹിച്ച് കാർ ഏറെ ദൂരെ മുന്നോട്ട് പോയ ശേഷം നിർത്തി. ടോള് ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്.
ഇരിങ്ങല്ലൂർ സ്വദേശിയായ മമ്മിളിത്തടത്തിൽ മേത്തൽ ജിതേഷി നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. ടോൾ പ്ലാസയിൽ എത്തിയ കാർ ടോൾ നൽകാതെ പെട്ടെന്ന് കടന്നു പോകാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടയിൽ കാർ പെട്ടെന്ന് മുന്നോട്ട് എടുത്തു. അതിനിടയിൽ ജീവനക്കാരൻ കാറിൻ്റെ ബോണറ്റിന് മുൻപിൽ കുടുങ്ങുകയായിരുന്നു. പിന്നീട് അൽപ്പദൂരം ജീവനക്കാരനെയും വലിച്ചിഴച്ചാണ് കാർ മുന്നോട്ട് നീങ്ങിയത്.
ഈ സമയത്ത് ടോൾ പ്ലാസയിലെ മറ്റ് ജീവനക്കാർ കൂടി ഓടിയെത്തി കാർ തടഞ്ഞു. ഇതോടെ കാർ യാത്രക്കാരും ജീവനക്കാരും തമ്മിൽ കയ്യാങ്കളിയായി. കാറിൻ്റെ ബോണറ്റിന് കേടുപാടുകള് വന്നുവെന്നും, തടയാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ജീവനക്കാരനെ കാറിൽ നിന്നിറങ്ങിയ ഡ്രൈവർ വീണ്ടും മർദിക്കുകയും ചെയ്തു.
അതിനിടയിൽ പന്തീരാങ്കാവ് ടോൾപ്ലാസയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ സ്ഥലത്തെത്തിരണ്ടു കൂട്ടരേയും അവിടുന്ന് മാറ്റി. സംഭവത്തെ തുടർന്ന് കാർയാത്രക്കാർ പന്തിരങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാറിന് കേടുപാടുകൾ സംഭവിച്ചു എന്ന പരാതിയാണ് പൊലീസിൽ നൽകിയത്.
കൂടാതെ ടോൾ പ്ലാസ അധികൃതരും പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജീവനക്കാരനെ മനപ്പൂർവ്വം അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയാണ് ടോൾ പ്ലാസ അധികൃതർ നൽകിയത്. ഇരു പരാതികളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.
പരിക്കേറ്റ ജിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പന്തീരാങ്കാവ് ടോൾ പ്ലാസയിൽ അടിക്കടി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാറുണ്ട്. പലപ്പോഴും ടോൾ നൽകുന്നതും ആയി ബന്ധപ്പെട്ട തർക്കങ്ങളാണ് വാഹന യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിലുള്ള വാക്കേറ്റങ്ങൾക്കും കയ്യാങ്കളിയിലേക്കും വഴിവെക്കുന്നത്.
ടോൾ പ്ലാസയിൽ പൊലീസുകാരെ സ്ഥിരമായി ഡ്യൂട്ടിക്ക് ഇടാറുണ്ടെങ്കിലും തർക്കങ്ങൾ അവർക്കൊന്നും പരിഹരിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാക്കാറുള്ളത്. തിരക്കുള്ള സമയങ്ങളിൽ ഇത്തരം തർക്കങ്ങൾ മുറുകുന്നതോടെ ടോൾ പ്ലാസയിൽ വലിയ ഗതാഗത കുരുക്കും പതിവ് സംഭവമാണ്.ഇന്നലെ ടോൾ പ്ലാസയിൽ നടന്ന ജീവനക്കാരനെ കാറിനും മുൻപിൽവലിച്ചിഴച്ച് കൊണ്ടുപോയ സംഭവം ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR