ഇന്ത്യ-സീഷെൽസ് ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ നിർണ്ണായക ചർച്ചകൾ; സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
Victoria , 28 ജൂണ് (H.S.) വിക്ടോറിയ (സീഷെൽസ്): ഭാരതവും പ്രമുഖ ദ്വീപ് രാഷ്ട്രമായ സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയും തമ്മ
ഇന്ത്യ-സീഷെൽസ് ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ നിർണ്ണായക ചർച്ചകൾ


Victoria , 28 ജൂണ് (H.S.)

വിക്ടോറിയ (സീഷെൽസ്): ഭാരതവും പ്രമുഖ ദ്വീപ് രാഷ്ട്രമായ സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയും തമ്മിൽ വിക്ടോറിയയിൽ വച്ച് പ്രതിനിധിതല ചർച്ചകൾ നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സീഷെൽസിൽ എത്തിയ പ്രധാനമന്ത്രിക്ക് തലസ്ഥാനമായ വിക്ടോറിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. സീഷെൽസിന്റെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി (50-ാം സ്വാതന്ത്ര്യദിന) ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്തിയത്.

ഇന്ത്യയും സീഷെൽസും തമ്മിലുള്ള സൌഹൃദം എന്നും സുസ്ഥിരവും ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന ഔദ്യോഗിക വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് വികസനത്തിന്റെ പുതിയ കുതിപ്പ് നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രതിരോധ-സമുദ്ര സുരക്ഷാ മേഖലകളിൽ സഹകരണം ഉറപ്പാക്കി

ഇരുരാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ പ്രതിരോധം, സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കാൻ തീരുമാനമായി. ഇന്ത്യൻ സമുദ്രമേഖലയുടെ സുരക്ഷയിൽ സീഷെൽസ് വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

സീഷെൽസിന്റെ സമുദ്ര സുരക്ഷാ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിൽ നിർമ്മിച്ച അത്യാധുനിക ഫാസ്റ്റ് പട്രോൾ വെസ്സൽ (Fast Patrol Vessel) 'ലെസ്പ്വാർ' (Lespwar - ക്രിയോൾ ഭാഷയിൽ 'പ്രതീക്ഷ' എന്നാണ് ഈ വാക്കിന്റെ അർത്ഥം) പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനമായി കൈമാറി. ഇതിനുപുറമെ 10 യൂട്ടിലിറ്റി വാഹനങ്ങൾ, 5 ലേസർ റേഡിയൽ ബോട്ടുകൾ, 6 ആംബുലൻസുകൾ എന്നിവയും ഇന്ത്യ സീഷെൽസിന് കൈമാറിയിട്ടുണ്ട്.

പരിസ്ഥിതി സൌഹൃദ പാരമ്പര്യം പുതുക്കി നേതാക്കൾ

ഔദ്യോഗിക ചർച്ചകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഹെർമിനിയും ഒന്നിച്ച് സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ സന്ദർശനം നടത്തി. ഇന്ത്യയുടെ 'ഏക് പേഡ് മാ കേ നാം' (അമ്മയുടെ പേരിൽ ഒരു തൈ) പദ്ധതിയുടെയും സീഷെൽസിന്റെ സ്വാതന്ത്ര്യദിന ഹരിതവൽക്കരണ യജ്ഞത്തിന്റെയും ഭാഗമായി അപൂർവ്വ ഇനത്തിൽപ്പെട്ട 'കോക്കോ ഡി മെർ' പനയുടെ തൈ ഇരുനേതാക്കളും ചേർന്ന് നട്ടുപിടിപ്പിച്ചു. സുസ്ഥിര വികസനത്തിനായുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൌഹൃദത്തിന്റെ പ്രതീകം: ബൊട്ടാണിക്കൽ ഗാർഡനിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആമ വർഗ്ഗങ്ങളിൽ ഒന്നായ 'അൽദാബ്ര ഭീമൻ ആമകളെയും' (Aldabra Tortoise) ഇരുനേതാക്കളും ചേർന്ന് നിരീക്ഷിച്ചു. മുൻപ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക സൌഹൃദത്തിന്റെ അടയാളമായി സീഷെൽസ് ഇന്ത്യയ്ക്ക് ഇത്തരം ആമകളെ സമ്മാനമായി നൽകിയിരുന്നു.

ഇന്ത്യൻ പ്രവാസികൾക്ക് നന്ദി പറഞ്ഞ് സീഷെൽസ് പ്രസിഡന്റ്

പ്രസിഡന്റ് പാട്രിക് ഹെർമിനി ഭാരതത്തെ സീഷെൽസിന്റെ ഏറ്റവും വിശ്വസ്തനായ ഒരു സുഹൃത്തായിട്ടാണ് വിശേഷിപ്പിച്ചത്. സീഷെൽസിന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹവും പ്രവാസികളും നൽകുന്ന സംഭാവനകളെ അദ്ദേഹം ഏറെ പ്രശംസിച്ചു. 1976-ൽ നയതന്ത്ര ബന്ധം ആരംഭിച്ചതുമുതൽ ഇന്ത്യ എന്നും തങ്ങളുടെ വികസന പങ്കാളിയായി കൂടെയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ പ്രസിഡന്റ് ഓർമ്മിപ്പിച്ചു.

സീഷെൽസിന്റെ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രതിരോധ സേനയുടെ പ്രത്യേക സംഘവും രണ്ട് ഇന്ത്യൻ നാവികസേനാ കപ്പലുകളും നിലവിൽ സീഷെൽസിൽ എത്തിയിട്ടുണ്ട്. സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

---------------

Hindusthan Samachar / Roshith K


Latest News