ബിജെപി നേതൃത്വത്തിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരാനിരിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് .
Thiruvananthapuram , 28 ജൂണ് (H.S.) ബിജെപി നേതൃത്വത്തിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരാനിരിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് . നിലവിലെ സാഹചര്യത്തിൽ യുഡിഎഫിൻ്റെ നീക്കത്തിനൊപ്പം ചേരാൻ കഴിയില്ലെ
Thiruvananthapuram Corporation


Thiruvananthapuram , 28 ജൂണ് (H.S.)

ബിജെപി നേതൃത്വത്തിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരാനിരിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് . നിലവിലെ സാഹചര്യത്തിൽ യുഡിഎഫിൻ്റെ നീക്കത്തിനൊപ്പം ചേരാൻ കഴിയില്ലെന്നും ഇത് നയപരമായ തീരുമാനമാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു.

“ഇപ്പോൾ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ ഞങ്ങൾക്ക് പങ്കുചേരാൻ കഴിയില്ല. ഇത് നയപരമായ വിഷയമാണ്. നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ല,” വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ എല്ലായ്പ്പോഴും ഒരുപോലെ തുടരില്ലെന്നും ഭാവിയിൽ വിഷയങ്ങൾ പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി. വർക്കല എംഎൽഎ കൂടിയായ വി ജോയിയുടെ പ്രതികരണം ഭാവിയിൽ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകാമെന്ന സാധ്യതയ്ക്കും വഴിവെച്ചിട്ടുണ്ട്.

യുഡിഎഫിൻ്റെ പ്രതീക്ഷ

എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവിശ്വാസ പ്രമേയത്തിന് ഇടതുപക്ഷം പിന്നീട് പിന്തുണ നൽകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് പ്രകടിപ്പിക്കുന്നത്.

പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് കെ എസ് ശബരീനാഥൻ പറഞ്ഞു. ആറുമാസം പൂർത്തിയായിട്ടും കോർപ്പറേഷൻ ഭരണത്തിൽ നിലവിലുള്ള പദ്ധതികൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ അവിശ്വാസ പ്രമേയം വഴി ലഭിക്കുന്ന ചർച്ച പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നതിനേക്കാൾ ക്രിയാത്മകമായ ചർച്ച നടത്തുന്നതാണ് ഉചിതമെന്നും ശബരീനാഥൻ വിമർശിച്ചു.

ഭരണസമിതിക്കെതിരെ യുഡിഎഫിൻ്റെ ആരോപണം

ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ഭരണസ്തംഭനമാണ് യുഡിഎഫ് ഉയർത്തുന്ന പ്രധാന ആരോപണം. മാലിന്യസംസ്കരണം, തെരുവുനായ ശല്യം, കുടിവെള്ള പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ജൂൺ 29ന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താനും തുടർന്ന് അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാനുമാണ് യുഡിഎഫിൻ്റെ തീരുമാനം.

അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അവകാശമുണ്ടെന്ന് മേയർ

പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അവകാശമുണ്ടെന്ന് മേയർ വി വി രാജേഷ് പറഞ്ഞു. ആറ് മാസത്തിലൊരിക്കൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും കോൺഗ്രസും ഒടുവിൽ ഒരുമിച്ച് ബിജെപി ഭരണത്തിനെതിരെ നീങ്ങുമെന്ന് ബിജെപി നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്നും നിശ്ചയിച്ച കാര്യപരിപാടികൾ പ്രകാരം യോഗം നടക്കുമെന്നും മേയർ അറിയിച്ചു.

101 അംഗ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് 50 കൗൺസിലർമാരും ഒരു സ്വതന്ത്ര അംഗത്തിൻ്റെ പിന്തുണയുമുണ്ട്. എൽഡിഎഫിന് 29 അംഗങ്ങളും യുഡിഎഫിന് 20 അംഗങ്ങളുമാണ് നിലവിലുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News