Enter your Email Address to subscribe to our newsletters

Kolkota, 28 ജൂണ് (H.S.)
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് (യു.സി.സി) ബിൽ ഉടൻ തന്നെ പാസാക്കുമെന്ന് പശ്ചിമ ബംഗാൾ മന്ത്രി ദിലീപ് ഘോഷ്. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ഇതിനകം തന്നെ ഈ നിയമം പാസാക്കിയിട്ടുണ്ടെന്നും ബംഗാളിലും ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബിൽ എപ്പോൾ സഭയിൽ അവതരിപ്പിക്കണമെന്നും തുടർന്നുള്ള കാര്യങ്ങൾ എങ്ങനെ വേണമെന്നും സർക്കാർ ഉടൻ തീരുമാനിക്കുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. ഗുജറാത്ത്, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങൾ സ്വീകരിച്ച മാതൃക പിന്തുടർന്ന് പശ്ചിമ ബംഗാളിലും യു.സി.സി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിലവിലുള്ള ഒരു അന്വേഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ബിൽ ജൂൺ 29-ന് സഭയിൽ എത്തും; വാഗ്ദാനം പാലിച്ച് സർക്കാർ
ഏകീകൃത സിവിൽ കോഡ് ബിൽ ജൂൺ 29 തിങ്കളാഴ്ച തന്നെ ബംഗാൾ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പശ്ചിമ ബംഗാൾ മന്ത്രി ജഗന്നാഥ് ചതോപാധ്യായ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ യു.സി.സി നിയമമാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് പശ്ചിമ ബംഗാളും ഔദ്യോഗികമായി കടക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
മന്ത്രി ജഗന്നാഥ് ചതോപാധ്യായയുടെ വാക്കുകൾ: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ തന്നെ യു.സി.സി സംബന്ധിച്ച ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ജനങ്ങൾക്ക് നൽകിയ ആ വാഗ്ദാനം ഞങ്ങൾ പാലിക്കുകയാണ്. ജൂൺ 29-ന് ബംഗാൾ നിയമസഭയിൽ യു.സി.സി ബിൽ അവതരിപ്പിക്കുകയും അത് പാസാക്കുകയും ചെയ്യും.
294 അംഗങ്ങളുള്ള ബംഗാൾ നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ഈ പ്രഖ്യാപനങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സർക്കാർ നീക്കങ്ങൾ.
മറ്റ് സംസ്ഥാനങ്ങളിലെ യു.സി.സി നടപ്പാക്കൽ
രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത് ഉത്തരാഖണ്ഡാണ് (2024 ഫെബ്രുവരിയിൽ). ഇതിന് പിന്നാലെ 2026 മാർച്ചിൽ ഗുജറാത്തും, 2026 മേയ് മാസത്തിൽ അസമും ഈ നിയമം പാസാക്കി. വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പദ്ധതിയിടുന്നുണ്ട്. മഹാരാഷ്ട്രയിൽ യു.സി.സി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കാനും നീക്കമുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പശ്ചിമ ബംഗാളും ചരിത്രപരമായ ഈ നിയമനിർമാണത്തിലേക്ക് നീങ്ങുന്നത്.
---------------
Hindusthan Samachar / Roshith K