Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ജൂണ് (H.S.)
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. കെ.എം ഷാജിയുടെ രാഷ്ട്രീയ നിലപാടുകളിൽ അടുത്ത കാലത്തായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും, എന്നാൽ ഈ മാറ്റങ്ങൾ യുഡിഎഫിനോ എൽഡിഎഫിനോ അല്ല, മറിച്ച് ബിജെപിക്കാണ് ഗുണം ചെയ്യുന്നതെന്നും എ.കെ ബാലൻ പരിഹസിച്ചു. കേന്ദ്ര സർക്കാരിനെതിരെയോ അവരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയോ ഒരു വാക്ക് പോലും ഉച്ചരിക്കാൻ കെ.എം ഷാജിയോ യുഡിഎഫോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷാജി തന്റെ മുൻകാല തീവ്ര നിലപാടുകളിൽ ചില ഭേദഗതികൾ വരുത്തുന്നത് നല്ല കാര്യമാണെന്ന് വ്യക്തമാക്കിയ ബാലൻ, ഒരൊറ്റ കാര്യത്തിൽ കൂടി അദ്ദേഹം മാറ്റം വരുത്താൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മതമാണ് എല്ലാത്തിനും പ്രശ്നം എന്ന രീതിയിലുള്ള ചിന്താഗതി കൂടി ഷാജി തിരുത്തിയാൽ അത് കൂടുതൽ നന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാജിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റങ്ങൾ പൂർണ്ണമായും ബിജെപിക്കും നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തിനും വിധേയമാകുന്ന തരത്തിലുള്ളതാണെന്നും എ.കെ ബാലൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാറിന്റെ ആളാണെന്ന് കഴിഞ്ഞ പത്ത് വർഷമായി യുഡിഎഫ് വലിയ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് പ്രകൃതിയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷേക്സ്പിയർ കൃതികളിൽ പറയുന്ന 'നെമിസിസ്' (Nemesis) അഥവാ പ്രതികാര ദേവതയെപ്പോലെ, ചെയ്ത തെറ്റുകൾക്ക് കാലം എപ്പോഴെങ്കിലും തിരിച്ചടി നൽകുമെന്നും, ആ തിരിച്ചടിയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഡിഎഫ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും എ.കെ ബാലൻ ചൂണ്ടിക്കാണിച്ചു.
എ.കെ ബാലൻ വെറും തമാശക്കാരൻ: കെ.എം ഷാജിയുടെ മറുപടി
അതേസമയം എ.കെ ബാലന്റെ വിമർശനങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് കെ.എം ഷാജി രംഗത്തെത്തി. ബാലന്റെ വാക്കുകളെ വെറും തമാശയായി മാത്രമാണ് താൻ കാണുന്നതെന്നും അതിനെ ഗൗരവമായി എടുക്കുന്നില്ലെന്നും ഷാജി പ്രതികരിച്ചു. എ.കെ ബാലൻ എന്നും ഇങ്ങനെയുള്ള പല കാര്യങ്ങളും പറയാറുണ്ടെന്നും, തനിക്കു ലഭിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി എ.കെ ബാലൻ എന്നെ നരേന്ദ്ര മോദിയുടെ ആളാക്കാനുള്ള ശ്രമത്തിലാണ്. നാളെ അദ്ദേഹം എന്നെ മറ്റാരുടെയെങ്കിലും ആളാക്കി മാറ്റും. അദ്ദേഹം ഒരു വലിയ തമാശക്കാരനാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതില്ല, എന്നും കെ.എം ഷാജി പരിഹാസപൂർവ്വം കൂട്ടിച്ചേർത്തു. മുൻപും ലീഗ് നേതാക്കൾക്കെതിരെ എ.കെ ബാലൻ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇരു നേതാക്കളുടെയും പുതിയ വാക്പോര് വരും ദിവസങ്ങളിലും രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയാകുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K