ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യ: ഭർത്താവ് അതുൽ അറസ്റ്റിൽ; ശരീരത്തിൽ 13 പുതിയ മുറിവുകൾ, ഇൻക്വസ്റ്റിൽ തെളിഞ്ഞത് ക്രൂര പീഡനം
Thiruvananthapuram, 28 ജൂണ് (H.S.) തിരുവനന്തപുരം: ആറ്റുകാൽ ചിറമുക്കിലെ വാടകവീട്ടിൽ വർക്കല സ്വദേശിനി ആരതി (27) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ അറസ്റ്റ് ഫോർട്ട് പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്ന
ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യ: ഭർത്താവ് അതുൽ അറസ്റ്റിൽ; ശരീരത്തിൽ 13 പുതിയ മുറിവുകൾ, ഇൻക്വസ്റ്റിൽ തെളിഞ്ഞത് ക്രൂര പീഡനം


Thiruvananthapuram, 28 ജൂണ് (H.S.)

തിരുവനന്തപുരം: ആറ്റുകാൽ ചിറമുക്കിലെ വാടകവീട്ടിൽ വർക്കല സ്വദേശിനി ആരതി (27) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ അറസ്റ്റ് ഫോർട്ട് പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഭരതന്നൂർ സ്വദേശിയായ അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ താൻ ആരതിയെ മർദിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

ഇൻക്വസ്റ്റിൽ തെളിഞ്ഞത് ക്രൂരത; ശരീരത്തിൽ 13 പുതിയ മുറിവുകൾ

വെള്ളിയാഴ്ച വൈകീട്ടാണ് ആരതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഇൻക്വസ്റ്റ് നടപടികളിലാണ് അതുലിന്റെ ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആരതിയുടെ ശരീരത്തിൽ പരിക്കേറ്റ 13 പുതിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ശരീരത്തിൽ പഴക്കമുള്ള നിരവധി അടയാളങ്ങളും മുറിവുകളും ഇൻക്വസ്റ്റിൽ വ്യക്തമായി. നഖം കൊണ്ട് പോറിയ പാടുകളും നീർവീക്കവും ശരീരത്തിലുണ്ടായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലുണ്ടായിരുന്ന അതുലിന്റെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

പണവും സ്വർണവും തർക്കത്തിന് കാരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

ഒന്നര വർഷം മുൻപായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം നടന്നത്. ആറുമാസം മുൻപാണ് ഇവർ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ അതുൽ പല കാരണങ്ങൾ പറഞ്ഞ് ആരതിയെ ക്രൂരമായി ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു.

വിവാഹസമയത്ത് നൽകിയ അമ്പത് പവനിലധികം വരുന്ന സ്വർണം അതുൽ പണയം വെച്ചിരുന്നു. ഈ പണവും സ്വർണ്ണവും വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന് പുറമെ അതുലിന് മറ്റു ചില സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധവും തർക്കങ്ങൾക്ക് കാരണമായി. മരണത്തിന് മുൻപ് ആരതി എഴുതിയ ആത്മഹത്യാക്കുറിപ്പും വ്യക്തിപരമായ ഡയറിയും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. അതുൽ തന്നെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും ഇയാളോടൊപ്പം ഒന്നിച്ച് ജീവിക്കാൻ ഇനി സാധിക്കില്ലെന്നും ആരതി ഡയറിയിൽ കുറിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

അമ്മയ്ക്ക് ചിത്രങ്ങൾ അയച്ചു; രക്ഷിക്കാൻ ശ്രമിക്കാതെ ഭർത്താവ്

വ്യാഴം, വെള്ളി ദിവസങ്ങളിൽ അതുലുമായി കടുത്ത വഴക്കുണ്ടായതിന് പിന്നാലെ താൻ നേരിട്ട ക്രൂരമർദനങ്ങളുടെയും ശരീരത്തിൽ മുറിവേറ്റതിന്റെയും ചിത്രങ്ങൾ ആരതി വാട്സാപ്പിൽ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച ജീവനൊടുക്കുന്നതിന് തൊട്ടുമുൻപും ഭർത്താവ് മർദിച്ച വിവരം കരഞ്ഞുകൊണ്ട് ആരതി അമ്മയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.

ആരതി മുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയാണെന്ന് മനസ്സിലാക്കിയിട്ടും അതുൽ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. വീട്ടിൽ ഉണ്ടായിരുന്ന അതുൽ ഉടനടി വാതിൽ പൊളിക്കാൻ ശ്രമിക്കാതെ, ഏറെ വൈകി സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് മുറി തുറന്നത്.

മൃതദേഹം സംസ്കരിച്ചു; വനിതാ കമ്മീഷൻ കേസെടുത്തു

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകീട്ടോടെ ആരതിയുടെ മൃതദേഹം വർക്കല വടശ്ശേരിക്കോണത്തുള്ള സ്വന്തം വീട്ടിലെത്തിച്ചു. തുടർന്ന് വൻ ജനവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വിദേശത്തായിരുന്ന പിതാവ് ബൈജു മകളുടെ മരണവാർത്ത അറിഞ്ഞ് ശനിയാഴ്ച നാട്ടിലെത്തിയിരുന്നു.

സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസിൽ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ദാമ്പത്യ ജീവിതത്തിലുണ്ടായ കടുത്ത സാമ്പത്തിക ചൂഷണവും ശാരീരിക പീഡനവുമാണ് ഒരു യുവതിയുടെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്ന ഗൗരവത്തോടെയാണ് പൊലീസ് ഈ കേസിനെ കാണുന്നത്.

---------------

Hindusthan Samachar / Roshith K


Latest News