Enter your Email Address to subscribe to our newsletters

Ponnani , 28 ജൂണ് (H.S.)
പൊന്നാനി: ചമ്രവട്ടം പാലം വഴിയുള്ള യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു. ഇനിമുതൽ ദീർഘനേരത്തെ കാത്തിരിപ്പില്ലാതെ യാത്രക്കാർക്ക് ചമ്രവട്ടം പാലം വഴി സുഗമമായി യാത്ര തുടരാം. റൂട്ടിൽ അനുവദിച്ച പുതിയ ബസുകളുടെ സർവീസ് ഉദ്ഘാടനവും ഫ്ലാഗ് ഓഫും ചമ്രവട്ടത്തും പൊന്നാനിയിലുമായി പ്രമുഖ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി നടന്നു. നരിപ്പറമ്പിൽ നടന്ന ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ പുതിയ സർവീസുകളുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു. പൊന്നാനി ഡിപ്പോയിൽ നടന്ന ചടങ്ങിൽ കെ.പി. നൗഷാദ് അലി എം.എൽ.എയും ബസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് നാടിന് സമർപ്പിച്ചു.
ഗുരുവായൂർ – പൊന്നാനി – ചമ്രവട്ടം പാലം വഴി കോഴിക്കോട് റൂട്ടിൽ പുതുതായി 18 പ്രിയദർശിനി സർവീസുകളാണ് അധികമായി സർവീസ് നടത്തുക. ഇത് മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറും. ചമ്രവട്ടം റൂട്ടിലെ രൂക്ഷമായ യാത്രാക്ലേശവും ജനങ്ങളുടെ ദുരിതവും മുൻനിർത്തി ‘മലയാള മനോരമ’ പത്രം ‘ചമ്രവട്ടത്തെ വട്ടംകറക്കി’ എന്ന പേരിൽ പ്രത്യേക പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അധികൃതരുടെ കണ്ണുതുറപ്പിക്കാൻ പോന്ന രീതിയിൽ ജനങ്ങളുടെ യാത്രാദുരിതം ചർച്ചയാക്കിയ ഈ പരമ്പരയെ തുടർന്നാണ് ഇപ്പോൾ ദ്രുതഗതിയിലുള്ള പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്.
യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി പുതിയ ബസുകൾ അനുവദിച്ചതിന് പുറമേ, ആവശ്യത്തിന് ജീവനക്കാരെയും ഈ റൂട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. പൊന്നാനി ഡിപ്പോയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പുതിയ 10 ജീവനക്കാരെ കൂടി അടിയന്തരമായി നിയമിച്ചതായും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഈ റൂട്ടിൽ ആരംഭിക്കുമെന്ന ശുഭവാർത്തയും കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതരിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ചമ്രവട്ടം പാലം യാഥാർത്ഥ്യമായതോടെ ദൂരക്കുറവ് കാരണം നിരവധി ആളുകളാണ് ഈ റൂട്ടിനെ ആശ്രയിക്കുന്നത്. എന്നാൽ ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്തത് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഉൾപ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ 18 സർവീസുകൾ കൂടി എത്തുന്നതോടെ ചമ്രവട്ടം വഴിയുള്ള ഗതാഗത മേഖലയ്ക്ക് വലിയൊരു ഉണർവാകും ലഭിക്കുക. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് പുതിയ ബസുകളെ വിവിധ കേന്ദ്രങ്ങളിൽ വരവേറ്റത്. പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ മുൻകൈ എടുത്ത ജനപ്രതിനിധികൾക്കും വാർത്ത പ്രാധാന്യത്തോടെ നൽകിയ മാധ്യമങ്ങൾക്കും നാട്ടുകാർ നന്ദി അറിയിച്ചു.
---------------
Hindusthan Samachar / Roshith K