ലോഹഗഡ് കോട്ടയിലെ കൊലപാതകം: തെളിവെടുപ്പിനായി പ്രതി സിയ ഗോയലിനെ സംഭവസ്ഥലത്തെത്തിച്ചു; ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ച സിസിടിവി ദൃശ്യം
Pune, 28 ജൂണ് (H.S.) പൂനെ: പൂനെയിലെ പ്രമുഖ വ്യവസായിയായ കേതൻ അഗർവാളിനെ (25) കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയും കാമുകിയുമായ സിയ ഗോയലുമായി (20) പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഞായറാഴ്ച
ലോഹഗഡ് കോട്ടയിലെ കൊലപാതകം: തെളിവെടുപ്പിനായി പ്രതി സിയ ഗോയലിനെ സംഭവസ്ഥലത്തെത്തിച്ചു; ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ച സിസിടിവി ദൃശ്യം


Pune, 28 ജൂണ് (H.S.)

പൂനെ: പൂനെയിലെ പ്രമുഖ വ്യവസായിയായ കേതൻ അഗർവാളിനെ (25) കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയും കാമുകിയുമായ സിയ ഗോയലുമായി (20) പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഞായറാഴ്ച പൂനെ റൂറൽ പോലീസ് സിയയെ ലോഹഗഡ് കോട്ടയിലെത്തിച്ച് ക്രൈം സീൻ പുനരാവിഷ്കരിച്ചത് (Reconstruction of crime scene). കേസിലെ രണ്ടാം പ്രതിയും സിയയുടെ കാമുകനുമായ ചേതൻ ചൗധരിയെ (22) മറ്റൊരു സമയത്ത് കോട്ടയിലെത്തിച്ച് തെളിവെടുക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജൂൺ 18-നായിരുന്നു പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഡയറക്ടറായ കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിലെ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് മരിക്കുന്നത്. കേതൻ ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് ഒപ്പമുണ്ടായിരുന്ന പ്രതി സിയ ആദ്യം പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ കേതൻ ഒരു പ്രൊഫഷണൽ ട്രെക്കർ കൂടിയാണെന്നിരിക്കെ ഇത്തരമൊരു വീഴ്ച സംഭവിച്ചതിൽ കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

അന്വേഷണത്തിൽ വഴിത്തിരിവായത് ജൂൺ മാസത്തിലെ ആ 'ഹൂഡി'

തുടക്കത്തിൽ ഇതൊരു അപകടമരണമായിട്ടാണ് പോലീസ് രേഖപ്പെടുത്തിയിരുന്നതെങ്കിലും കോട്ടയിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കഥ മാറി. ജൂൺ മാസത്തിലെ 33 ഡിഗ്രി കടുത്ത ചൂടിൽ, മുഖം പൂർണ്ണമായും മറയുന്ന രീതിയിൽ കട്ടിയുള്ള 'ഹൂഡി' (Hoodie jacket) ധരിച്ച ഒരു യുവാവ് കേതനെയും സിയയെയും പിന്തുടരുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ അസ്വാഭാവിക ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സിയയുടെ കാമുകനായ ചേതൻ ചൗധരിയിലേക്ക് പോലീസിനെ എത്തിച്ചത്.

തുടർന്ന് നടത്തിയ ഡിജിറ്റൽ പരിശോധനകളിൽ കൊലപാതകം നടന്ന ദിവസം ചേതൻ തന്റെ മൊബൈൽ ഫോൺ ജോലിസ്ഥലത്ത് തന്നെ ഉപേക്ഷിച്ചതായും ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ തന്റെ ജീവനക്കാരന്റെ ഫോൺ കൈക്കലാക്കിയതായും കണ്ടെത്തി. കൂടാതെ അന്ന് പകൽ മുഴുവൻ ഇയാൾ ഇന്റർനെറ്റ് സേവനങ്ങളും ഓഫ് ചെയ്തു വെച്ചിരുന്നു. സിയയുടെയും ചേതന്റെയും കോൾ റെക്കോർഡുകളും സംശയകരമായ നീക്കങ്ങളും പിടിക്കപ്പെട്ടതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സുദീർഘമായ ചോദ്യം ചെയ്യലിനൊടുവിൽ തങ്ങൾ രണ്ടുപേരും ചേർന്ന് കേതനെ മലമുകളിൽ നിന്ന് തള്ളിയിട്ടു കൊന്നതാണെന്ന് പ്രതികൾ സമ്മതിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം

ഈ വർഷം ഫെബ്രുവരിയിലായിരുന്നു കേതൻ അഗർവാളും സിയ ഗോയലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. വരും മാസങ്ങളിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് കോടികൾ ചിലവഴിച്ച് അതിഗംഭീരമായി വിവാഹം നടത്താനായിരുന്നു ഇരു കുടുംബങ്ങളും തീരുമാനിച്ചിരുന്നത്. എന്നാൽ സിയയ്ക്ക് ഈ വിവാഹത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു. അവൾ ചേതൻ ചൗധരിയുമായി പ്രണയത്തിലായിരുന്നു. വിവാഹം മുടക്കിയാൽ കുടുംബത്തിന് വലിയ നാണക്കേടുണ്ടാകുമെന്ന് ഭയന്നാണ്, കേതനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കാമുകനുമായി ചേർന്ന് അവൾ ക്രൂരമായ കെണിയൊരുക്കിയത്.

കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി ജൂൺ 17-ന് ഇരുവരും പൂനെയിലെ ഒരു കഫേയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുൻപ് കേതന്റെ പാസ്പോർട്ട് ഒളിപ്പിച്ചു വെച്ച് ഇവരുടെ പ്രീ-വെഡ്ഡിങ് ഷൂട്ട് സിയ മുടക്കിയിരുന്നു. ഒടുവിൽ ജൂൺ 18-ന് ട്രെക്കിങ് എന്ന വ്യാജേന കേതനെ ലോഹഗഡ് കോട്ടയിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോവുകയും, മലമുകളിലെ വിജനമായ സ്ഥലത്തെത്തിയപ്പോൾ സിയ നൽകിയ രഹസ്യ സിഗ്നലിന്റെ അടിസ്ഥാനത്തിൽ ചേതൻ പിന്നിൽ നിന്നെത്തി കേതനെ താഴേക്ക് തള്ളിയിടുകയുമായിരുന്നു. നിലവിൽ പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News