Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ജൂണ് (H.S.)
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തരുടെ വികാരമായ ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT). മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താമെന്ന് എസ്ഐടി വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർണായകമായ അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ (തിങ്കളാഴ്ച) കേരള ഹൈക്കോടതിയിൽ സമർപ്പിക്കും.
2025-ൽ ശബരിമല സന്നിധാനത്തുനിന്നും സ്വർണപ്പാളികൾ വീണ്ടും മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട ഇടപാടിലാണ് ദേവസ്വം ബോർഡിനെ പ്രതിചേർത്ത് പുതിയ കേസെടുക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നത്.
കൊള്ളയുടെ തുടർച്ചയെന്ന് എസ്ഐടി; നടപടിക്രമങ്ങൾ അട്ടിമറിച്ചു
2019-ൽ ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന വലിയ സ്വർണക്കൊള്ളയുടെ നേരിട്ടുള്ള തുടർച്ചയായിരുന്നു 2025-ലെ ഇടപാടുകളെന്നാണ് എസ്ഐടിയുടെ പ്രധാന വാദം. പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് രണ്ടാമത്തെ ഇടപാട് നടക്കുന്നത്.
കേസിലെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബോർഡിലെ ഉന്നതർ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണപ്പാളികൾ വീണ്ടും കൊടുത്തുവിടുന്നതിനായി ദേവസ്വം ബോർഡിന്റെ നിലവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഔദ്യോഗിക നടപടിക്രമങ്ങളും അട്ടിമറിക്കപ്പെട്ടു.
അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ: ഹൈക്കോടതിയെയോ സ്പെഷ്യൽ കമ്മീഷണറെയോ അറിയിക്കാതെ അതീവ രഹസ്യമായാണ് പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത്. ഭരണസമിതി അംഗങ്ങളുടെ പൂർണ്ണമായ അറിവോടും അനുമതിയോടും കൂടിയാണ് ഈ അട്ടിമറി നടന്നതെന്നാണ് എസ്ഐടിയുടെ നിഗമനം. ഈ രീതിയിൽ സ്വർണപ്പാളികൾ പുറത്തു കൊണ്ടുപോയി വലിയ തോതിൽ സ്വർണം തട്ടിയെടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ആദ്യ കേസുകളിൽ അന്വേഷണം പൂർത്തിയായി
അതേസമയം, 2019-ൽ നടന്ന ആദ്യഘട്ട സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായ വിവരം എസ്ഐടി നാളെ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ, ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ എന്നിവയിൽ നിന്ന് സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അന്വേഷണം അവസാന ഘട്ടത്തിലെത്തിനിൽക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഈ കേസുകളിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി കേസിൽ ജാമ്യത്തിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ എട്ട് മണിക്കൂറിലധികം വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡിനെതിരെ മൂന്നാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാൻ എസ്ഐടി ഒരുങ്ങുന്നത്. ഇതോടെ പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ള മുൻ ഭരണസമിതി അംഗങ്ങൾ കേസിൽ പ്രതികളാകുമെന്നുറപ്പായി.
---------------
Hindusthan Samachar / Roshith K