Enter your Email Address to subscribe to our newsletters

Kozhikode ,28 ജൂണ് (H.S.)
ആനക്കാംപൊയിൽ സമീപം പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാണാതായ മലപ്പുറം കിഴിശേരി സ്വദേശി ടൂറിസ്റ്റ് ഗൈഡ് ഷിബിലിനായുള്ള തിരച്ചിൽ താൽക്കാലികമായി നിര്ത്തിവെച്ചു. ഫയർഫോഴ്സിൻ്റെ സ്കൂബ ഡൈവിംഗ് സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
രാവിലെ മുതൽ ശക്തമായ മഴ തുടരുകയും പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും ചെയ്തതോടെയാണ് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നത്. പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിനിടെ ഏറെ പണിപ്പെട്ടാണ് സ്കൂബ സംഘം പുഴയിൽ നിന്ന് കരയിലേക്ക് എത്തിയത്. നിലവിലെ കാലാവസ്ഥാ സാഹചര്യം തിരച്ചിലിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
റാഫ്റ്റിങ് ഉദ്ഘാടനം വിവാദത്തിൽ
അതേസമയം ഷിബിലിനായി ഒരു ഭാഗത്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ പതങ്കയത്തിന് താഴെ നടന്ന കയാക്കിങ്റാ ഫ്റ്റിങ് ഉദ്ഘാടന ചടങ്ങിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങളുടെ ഭാഗമായി സ്വകാര്യ സംഘം സംഘടിപ്പിച്ച റാഫ്റ്റിങ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ പങ്കെടുത്തത്.
യുവാവിനായുള്ള തിരച്ചിൽ നടക്കുന്നതിനോട് ചേർന്ന പ്രദേശത്ത് ആഘോഷപരമായി പരിപാടി നടത്തിയതിനെതിരെ ജനങ്ങളുടെ വികാരം കണക്കിലെടുത്തില്ലെന്ന വിമർശനമാണ് ഉയരുന്നത്. ഇരുവഞ്ഞിപ്പുഴയിൽ കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്. ശക്തമായ മഴയും പുഴയിലെ ഒഴുക്കും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയായി തുടരുന്നുണ്ട്.
ആനക്കാംപൊയിൽ സമീപം പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതാവുകയായിരുന്നു. പന്നീടാണ് ഇത് മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലാണ് എന്ന് മനസ്സിലാവുന്നത്. ബെംഗളൂരുവിൽ നിന്ന് പതിനൊന്ന് അംഗസംഘമാണ് പതങ്കയത്ത് സന്ദർശനത്തിന് എത്തിയത്. ഇവരെ കൊണ്ടുവന്ന ഗൈഡായിരുന്നു ഷിബിൽ.
ടൂറിന് എത്തിയ സംഘം പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായി. അതോടെ ഇവർ ഒഴുക്കിൽപ്പെട്ടു. ഈ സമയം ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിന് ഷിബിൽ കുലംകുത്തി ഒഴുകുന്ന പുഴയിലേക്ക് ഇറങ്ങി. അതിനിടയിൽഇവരുടെ ബഹളം കേട്ട് പ്രദേശവാസികളും ഓടിയെത്തി. ഇവരുടെ സഹായത്തോടെ പുഴയിൽ അകപ്പെട്ടവരെ എല്ലാം കരയ്ക്ക് എത്തിച്ചു. എന്നാൽ ഷിബിലിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
നേരത്തെയും നിരവധി തവണയാണ് ഇവിടെ വിനോദസഞ്ചാരികൾ ഒഴുക്കിൽ പെട്ടത്. ഏറെനീണ്ട തിരച്ചിലിന് ഒടുവിലാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചത്. എന്നാൽ ഒഴുക്കിൽപ്പെട്ട ചിലരുടെ മൃതദേഹം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷവും ഒരു വിദ്യാർഥിയെ ഇതിന് സമീപത്ത് ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം ഏറെ ദൂരെ നിന്നും പുഴയിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR