Enter your Email Address to subscribe to our newsletters

Kozhikode , 28 ജൂണ് (H.S.)
കേന്ദ്ര സർക്കാരുമായി അനാവശ്യമായ തർക്കങ്ങളിലേക്ക് പോകാതെ സഹവർത്തിത്വത്തോടെ മുന്നോട്ട് പോകുക എന്നതാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി. കോഴിക്കോട്ടെ സ്വന്തം വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ രാഷ്ട്രീയ വിവാദങ്ങൾ കാരണം ഇല്ലാതാകാൻ പാടില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പി എം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്യാബിനറ്റ് ഉപസമിതിയുടെ റിപ്പോർട്ട് വന്ന ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി എം എ വൈ ലോഗോ വിവാദം; കപട ആദർശം പാവപ്പെട്ടവരോട് വേണ്ട
പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിയുടെ ബ്രാൻഡിംഗുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടി നൽകി. പി എം എ വൈ പദ്ധതിയിൽ കേന്ദ്രസർക്കാരിൻ്റെ ലോഗോ മാത്രമേയുള്ളൂ, അല്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം അതിൽ വെച്ചിട്ടില്ല. ലൈഫ് പദ്ധതി പ്രകാരം നൽകിയ വീടുകളിൽ കേന്ദ്രസഹായം കൈപ്പറ്റിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ 2023-ലെ സർക്കുലർ അനുസരിച്ച് അതിൽ ലോഗോ പ്രദർശിപ്പിക്കണം എന്ന നിഷ്കർഷയുണ്ട്, മന്ത്രി പറഞ്ഞു.
എംബ്ലത്തിൻ്റെ പേരിൽ പാവപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ലഭിക്കേണ്ട വീടുകൾ മുടക്കേണ്ട ആവശ്യമില്ല. മുൻപ് ചിലർ കപട ആദർശം പറഞ്ഞാണ് പാവപ്പെട്ടവർക്ക് വീട് ലഭിക്കുന്നതിനെ എതിർത്തത്. സംസ്ഥാന വിഹിതം കൃത്യമായി കൊടുക്കാൻ കഴിയാത്തതിനാലാണ് പലരും ഇത്തരം കപട നിലപാടുകൾ സ്വീകരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു. ഇ എം എസ് ഭവന പദ്ധതി നടത്തുന്നവർക്ക് എങ്ങനെയാണ് പി എം എ വൈ പദ്ധതിയെ വിമർശിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിൽ നിന്നോ സംസ്ഥാനത്ത് നിന്നോ ലഭിക്കുന്ന പണം ഏതെങ്കിലും വ്യക്തിയുടെ സ്വന്തം പണമല്ല. അത് ജനങ്ങളുടെ നികുതിപ്പണമാണ്. ആ പണം കൃത്യമായി അർഹരായ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഉത്തരവാദിത്തം. അദ്ദേഹം പറഞ്ഞു
ലൈഫ് മിഷൻ നേട്ടങ്ങളും മദ്യനയവും
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,62,000 വീടുകൾ നൽകാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ കണക്കുകൾ സഹിതം വ്യക്തമാക്കി. ഇതിൽ 1,08,000 വീടുകൾ അർബൻ (നഗര) മേഖലകളിലും 36,000 വീടുകൾ റൂറൽ (ഗ്രാമ) മേഖലകളിലുമാണ് നൽകിയിട്ടുള്ളത്. വീടുകളിൽ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വ്യക്തിപരമായ ചിത്രങ്ങൾ വയ്ക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എന്നാൽ സർക്കാരിൻ്റെ ഔദ്യോഗിക നിർദ്ദേശപ്രകാരമുള്ള ലോഗോ നിർബന്ധമായും വെക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സർക്കാരിൻ്റെ പുതിയ മദ്യനയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മുൻപ് വ്യക്തമാക്കിയ നിലപാടുകളിൽ നിന്ന് മറ്റൊന്നും ഇപ്പോൾ പറയാനില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
എ കെ ബാലൻ തമാശക്കാരൻ; ഉദ്യോഗസ്ഥ നിയമനത്തിൽ അപാകതയില്ല
സി പി എം നേതാവ് എകെ ബാലൻ്റെ വിമർശനങ്ങൾക്ക് മറുപടിയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബാലേട്ടൻ ഒരു തമാശക്കാരനാണ് എന്നായിരുന്നു മന്ത്രിയുടെ ലഘുവായ പ്രതികരണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെയും മന്ത്രി തള്ളിപ്പറഞ്ഞു. നിയമനത്തിൽ യാതൊരുവിധ അപാകതകളുമില്ല. കേവലം ഒരു വിശ്വാസിയായതുകൊണ്ട് മാത്രം ആരെയും 'ആർ എസ്എസ്' ചാപ്പ കുത്തേണ്ടതില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കടുത്ത ഭാഷയിൽ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR