സമുദായ നേതാക്കള് ഏത് ഗുഹയിലാണ്? നാവുകള്ക്ക് ഖാളിമാര് പൂട്ടിട്ടോ; ചോദ്യങ്ങളുമായി കെടി ജലീല്
Malappuram , 28 ജൂണ് (H.S.) യുഡിഎഫ് സര്ക്കാരിനും മുസ്ലിം ലീഗിനുമെതിരെ കടുത്ത വിമര്ശനവുമായി കെടി ജലീല്. പിഎം ശ്രീ, മദ്യത്തിന്റെ നികുതി കുറയ്ക്കല്, മോദിയുടെ ചിത്രം വീടിന് മുന്നില് തൂക്കല് തുടങ്ങിയ വിഷയങ്ങള് ചൂണ്ടിക്കാട്ടിയാണ് വിമര്ശനം. തന്റെ പഴയ സഹ
K T Jaleel


Malappuram , 28 ജൂണ് (H.S.)

യുഡിഎഫ് സര്ക്കാരിനും മുസ്ലിം ലീഗിനുമെതിരെ കടുത്ത വിമര്ശനവുമായി കെടി ജലീല്. പിഎം ശ്രീ, മദ്യത്തിന്റെ നികുതി കുറയ്ക്കല്, മോദിയുടെ ചിത്രം വീടിന് മുന്നില് തൂക്കല് തുടങ്ങിയ വിഷയങ്ങള് ചൂണ്ടിക്കാട്ടിയാണ് വിമര്ശനം.

തന്റെ പഴയ സഹപ്രവര്ത്തകര് കൂടിയായ കെഎം ഷാജി, എന് ഷംസുദ്ദീന് എന്നിവരുടെ ചങ്കൂറ്റം ചോര്ന്ന് പോയോ എന്നാണ് ജലീലിന്റെ ചോദ്യം.

കെ സുരേന്ദ്രന് മുഖേന കള്ളപ്പണ ഇടപാടില് നിന്ന് രക്ഷപ്പെടാന് എന്തെങ്കിലും ഡീല് മുസ്ലിം ലീഗ് ഉണ്ടാക്കിയിട്ടുണ്ടോ. ഇത്രയും കാര്യങ്ങള് നടക്കുമ്പോള് മന്ത്രിമാരോട് രാജിവെച്ച് പാണക്കാട്ടേക്ക് എത്താന് പറയുകയല്ലേ സാദിഖലി തങ്ങള് ചെയ്യേണ്ടത്. ഇടതുപക്ഷത്തെ മുസ്ലിം വിരുദ്ധത ആരോപിച്ച് വിമര്ശിച്ചിരുന്ന സമുദായ നേതാക്കള് ഏത് ഗുഹയിലാണ് ഒളിച്ചിരിക്കുന്നത് എന്നും ജലീല് ചോദിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഖാഇദെമില്ലത്തിൻ്റെ 'ഈമാൻ' വേണ്ട, സുധീരൻ്റെതെങ്കിലും വേണ്ടേ ലീഗേ?

കേന്ദ്ര സർക്കാരിൻ്റെ പി.എം.എ.വൈ ഭവന പദ്ധതിയില് മന്ത്രി ഷാജിയും പി.എം ശ്രീയില് മന്ത്രി ഷംസുദ്ദീനും നടത്തിയ പ്രസ്താവനകള് അഭിമാന ബോധമുള്ളവരെയും മതേതരവാദികളെയും വല്ലാതെ വേദനിപ്പിച്ചു. ഇരുവരും എൻ്റെ പഴയ സഹപ്രവർത്തകരാണ്. അവർക്കെന്താണ് പറ്റിയത്? യുവതുർക്കികള് ശവതുർക്കികളാവുകയാണോ? ഡോ: മുനീർ പ്രസിഡണ്ടും ഞാൻ ജനറല് സെക്രട്ടറിയുമായ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയില് ഷാജി ട്രഷററും, ഷംസുദ്ദീൻ മലപ്പുറം ജില്ലാ ജനറല് സെക്രട്ടറിയും സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പറുമായിരുന്നു. ഞങ്ങളുടെ കമ്മിറ്റിയില് ആദ്യം മുനീറും രണ്ടാമത് ഞാനും മൂന്നാമത് ഷാജിയും ഷംസുവും സംസ്ഥാന മന്ത്രിസഭയില് അംഗങ്ങളായി. ഏറെ അഭിമാനം തോന്നിയ നിമിഷങ്ങള്.

കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും തദ്ദേശ സ്ഥാപനങ്ങള് 2 ലക്ഷം രൂപയും നല്കി പണിയുന്ന വീടിൻ്റെ മുന്നില് നരേന്ദ്രമോദിയുടെ ഫോട്ടോ വെക്കണമെന്ന കേന്ദ്ര സർക്കാറിൻ്റെ വ്യവസ്ഥ അംഗീകരിക്കുന്നതില് തെറ്റില്ലെന്ന ഷാജിയുടെ അഭിപ്രായം അങ്ങേയറ്റം പ്രതിഷേധാർഹണ്. പിണറായി സർക്കാർ ആ വ്യവസ്ഥ അംഗീകരിച്ചുള്ള പണം വേണ്ടെന്നുവെച്ച് 4 ലക്ഷം രൂപ വീതം വീടൊന്നിന് കടമെടുത്ത് അതിൻ്റെ പലിശ സർക്കാരും വർഷങ്ങള് എടുത്ത് മുതല് സംഖ്യ തദ്ദേശ സ്ഥാപനങ്ങളും നല്കി 5 ലക്ഷം വീടുകളാണ് 10 കൊല്ലം കൊണ്ട് പണി കഴിപ്പിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങള്ക്ക് സമ്മാനിച്ചത്. അടച്ചുറപ്പുള്ള ഭവനങ്ങളില് അവർ പാർത്തത് അണിനെയാണ്. ആ അഞ്ചു ലക്ഷം വീടുകളുടെ മുന്നില് ഒരു ബോർഡും ഫോട്ടോയും വെക്കാൻ പിണറായി ഉത്തരവിട്ടില്ലെന്ന് മാത്രമല്ല ഒരു ഭരണ കർത്താവിൻ്റെയും ചിത്രം പതിക്കരുതെന്ന് കട്ടായം പറയുകയും ചെയ്തു. ഓരോ വീടും അവരവർക്ക് സ്വന്തമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആ വീട്ടുകാർക്ക് വേണ്ടപ്പെട്ട അവരുടെ കാരണവൻമാരുടെ ഫോട്ടോകളാണ് ഓരോരുത്തരും തങ്ങള്ക്കു കിട്ടിയ വീടുകളുടെ മുൻവശത്ത് തൂക്കിയത്.

പാത്തുമ്മയുടെയും കുട്ട്യാലിയുടെയും സൈനബാത്തയുടെയും ജാനകിയുടെയും കൃഷ്ണൻ്റെയും ചക്കിയുടെയും ത്രേസ്യാമ്മയുടെയും ചാക്കോച്ചൻ്റെയും തോമാച്ചൻ്റെയും വീടുകള്ക്ക് മുമ്പില് മോദിയുടെ പടം വെക്കണമെന്ന് പറഞ്ഞാല് അത് അംഗീകരിക്കാൻ മാത്രം ഗതികെട്ടവരല്ല മലയാളികളെന്ന് തദ്ദേശ മന്ത്രി മനസ്സിലാക്കണം. മന്ത്രിക്കെന്ന പോലെ എല്ലാവർക്കും അഭിമാനമുണ്ട്. ലീഗ് ജനങ്ങളില് നിന്ന് പണം പിരിച്ചു നല്കുന്ന വീടിന് പച്ച നിറം അടിക്കുന്ന പോലെയോ ബയ്തുറഹ്മ ബോർഡ് തൂക്കുന്നത് പോലെയോ അല്ല വീടിന് കാവി നിറം അടിക്കലും മോദിയുടെ ഫോട്ടോ സഹിതമുള്ള സ്റ്റിക്കർ ഒട്ടിക്കുന്നതും.

ED പ്പേടിയാണ് ലീഗിനെ ഇത് പറയിപ്പിക്കുന്നതെങ്കില് ചന്ദ്രിക പത്രത്തിൻ്റെ ബോർഡിനു മുകളിലും കള്ളപ്പണ ഇടപാടില് അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടിനു മുന്നിലും മോദിയുടെ ഫോട്ടോ പതിച്ച് സായൂജ്യമടഞ്ഞാല് പോരെ? എന്തിന് പാവപ്പെട്ടവൻ്റെ മുഖത്ത് ചാണകം വാരി എറിയണം?

ഇടതുപക്ഷ സർക്കാർ ആദ്യം ഒപ്പിടുകയും അപകടം തിരിച്ചറിഞ്ഞപ്പോള് മരവിപ്പിക്കുകയും ചെയ്ത പി.എം ശ്രീ കേരളത്തില് നടപ്പിലാക്കാൻ കച്ചകെട്ടി ഇങ്ങിയിരിക്കുകയാണ് എൻ്റെ പഴയ സഹപ്രവർത്തകൻ ഷംസുദ്ദീൻ. UDF വന്നാല് പി.എം ശ്രീ അറബിക്കടലില് എറിയുമെന്നാണ് ലീഗ് ഭരണം കിട്ടാൻ വേണ്ടി പറഞ്ഞത്. LDF മരവിപ്പിച്ച പി.എം ശ്രീ ലീഗിൻ്റെ മന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ച് നടപ്പിലാക്കും എന്ന് വെല്ലുവിളിച്ചത് ബി.ജെ.പി പ്രസിഡണ്ട് സുരേന്ദ്രനാണ്. ലീഗുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള് അന്വേഷിക്കാതിരിക്കാൻ ബി.ജെ.പിയുമായി വല്ല ഡീലും സുരേന്ദ്രൻ മുഖേന ലീഗ് ഉണ്ടാക്കിയിട്ടുണ്ടോ?

വീര്യംകുറഞ്ഞ മദ്യത്തിൻ്റെ നികുതി 251 ശതമാനത്തില് നിന്ന് 120 ശതമാനമാക്കി കുറച്ച് മദ്യപാനം സാർവത്രികമാക്കാൻ 5 ലീഗ് മന്ത്രിമാരുള്ള സർക്കാർ തീരുമാനിച്ചതിനെതിരെ സാദിഖലി തങ്ങള് ചന്ദ്രിക പത്രത്തില് ലേഖനമെഴുതുകയല്ല ചെയ്യേണ്ടത്. തൻ്റെ മൊബൈല് ഫോണില് മുഖ്യമന്ത്രിയെ വിളിച്ച് UDF സർക്കാരില് ലീഗ് വേണമെങ്കില് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് പിൻവലിക്കണമെന്നാണ് ദൃഢസ്വരത്തില് പറയേണ്ടത്. അതിന് വടശ്ശേരി ദാമോദര മേനോൻ സതീശൻ വിസമ്മതിച്ചാല് കുഞ്ഞാലിക്കുട്ടിയോടും മറ്റു നാല് മന്ത്രിമാരോടും രാജിവെച്ച് ഉടൻ പാണക്കാട്ടെത്തണമെന്നാണ് കൊടപ്പനക്കല് തറവാട്ടിലെ പ്രിയപ്പെട്ട തങ്ങള് കല്പ്പിക്കേണ്ടത്.

വീര്യം കുറഞ്ഞ മദ്യത്തിനും, മോദിയുടെ ചിത്രം വീടിനു മുന്നില് തൂക്കുന്നതിനും, പി.എം ശ്രീക്കും, ഹലാല് സർട്ടിഫിക്കറ്റ് നല്കാനാണ് ലീഗിൻ്റെ പുറപ്പാടെങ്കില് ബഹുജനങ്ങളെ തെരുവില് അണിനിരത്തി പ്രതിപക്ഷം ആ ''സാക്ഷ്യപത്രങ്ങള് കീറിയെറിയും. ഇടതുപക്ഷെത്തെ ഇതിൻ്റെയൊക്കെ പേരില് മുസ്ലിം വിരുദ്ധത ആരോപിച്ചിരുന്ന സമുദായ നേതാക്കള് ഏത് ഗുഹയിലാണ് ഒളിച്ചിരിക്കുന്നത്? അവരുടെ നാവുകള്ക്ക് ഏതെങ്കിലും ഖാളിമാർ പൂട്ടിട്ടിട്ടുണ്ടോ?

ഖാഇദെമില്ലത്തിൻ്റെ ഈമാൻ (വിശ്വാസം) വേണമെന്ന് ലീഗ് നേതാക്കളോട് പറയുന്നത് അതിരുകടന്ന കയ്യാണെന്ന് അറിയാം. എന്നാല് വി.എം. സുധീരൻ്റെ ഈമാനെങ്കിലും സമുദായത്തിൻ്റെ അട്ടിപ്പേറവകാശം സ്വന്തം കീശയിലാണെന്ന് ഉറച്ചു കരുതുന്ന ലീഗു നേതാക്കളേ നിങ്ങള്ക്കു വേണ്ടെ?''

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News