Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 ജൂണ് (H.S.)
തിരുവനന്തപുരം കോർപറേഷനിലെ യു ഡി എഫിൻ്റെ അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് കോർപറേഷൻ മേയർ വിവി രാജേഷ്. ഇത്തരത്തിലുള്ള അവിശ്വാസ പ്രമേയങ്ങള് തങ്ങള് നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യത്തില് ഇത്തരം കാര്യങ്ങള് നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
101-ല് 50 സീറ്റിലാണ് ബിജെപി ജയിച്ചത്. ഭരണത്തില് എത്തിയപ്പോള്ത്തന്നെ ആറുമാസത്തിലൊരിക്കല് ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങള് ഞങ്ങള് പ്രതീക്ഷിച്ചതാണ്. എന്തായാലും യുഡിഎഫ് നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. എന്നാല് സി പി എമ്മിനെ സഹായിക്കാനാണ് കോണ്ഗ്രസ് മുന്നോട്ടു പോകുന്നത് എന്നുണ്ടെങ്കില് ജനങ്ങള് അതിന് മറുപടി നല്കുക തന്നെ ചെയ്യുമെന്നും മേയർ പറഞ്ഞു. പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവിശ്വാസ പ്രമേയത്തിന് യു ഡി എഫിന് എല് ഡി എഫ് പിന്തുണ നല്കും എന്ന ചർച്ചകള് കാണുമ്പോള് പഴയൊരു സിനിമ രംഗമാണ് ഓർമ വരുന്നത്. ശബരിനാഥ് പൂന്തോട്ടത്തില് നിന്ന് ഒരു ആന്തോറിയം പൂവ് പറിച്ച് അങ്ങോട്ട് കൊടുക്കുമ്പോള് ദീപക് അടുക്കളയില് നിന്ന് ഒരു അവലോസ് ഉണ്ട ഇങ്ങോട്ട് കൊടുക്കും. അതുകൊണ്ട് ഇവർ തമ്മില് ആദ്യം ഒരു തീരുമാനം എത്തട്ടെ, എന്നാല് ഞങ്ങളുടെ അടുത്ത പദ്ധതി വിശദീകരിക്കാമായിരുന്നു.
സി പി എമ്മിനെ സഹായിക്കാനാണ് കോണ്ഗ്രസ് മുന്നോട്ടു പോകുന്നത് എന്നുണ്ടെങ്കില് ജനങ്ങള് അതിന് മറുപടി പറയും. ഞങ്ങള് ജനങ്ങള്ക്ക് വേണ്ടി ജനങ്ങളുടെ ഇടയില് പ്രവർത്തിക്കുകയാണ്. ഞങ്ങള് ശക്തമായിട്ട് മുന്നോട്ടു പോകും. കോർപറേഷൻ ഭരണസമിതിക്കുള്ള ജനപിന്തുണ ഓരോ ദിവസവും കൂടിയിട്ടേ ഉള്ളൂ. ഞങ്ങളും മനുഷ്യരാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള് വേണമെന്നുണ്ടെങ്കില് ഞങ്ങള് തിരുത്താൻ തയ്യാറാണ്. പ്രതിപക്ഷം പറഞ്ഞാലും അവരെ അംഗീകരിക്കാൻ തയ്യാറാണ്.
ഇത്രത്തോളം മുഴുവൻ കൗണ്സിലർമാരെയും ഉള്ക്കൊണ്ടുകൊണ്ടുപോയ ഒരു ഭരണസമിതി തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തില് ഉണ്ടായിട്ടില്ല. അഞ്ചു വർഷം പൂർത്തിയാക്കി ജനങ്ങളെ നേരിടുമ്പോഴേക്കും കൂടുതല് മധുരമായ വിജയം ജനങ്ങള് സമ്മാനിക്കും. 2047ല് ലോകത്തിന് ഭാരതം നേതൃത്വം കൊടുക്കുമ്പോള് ,ലോകത്തില് ഏറ്റവും വലിയ സാമ്പത്തിക ശക്തി ആകുമ്പോള് അതിന് ഏറ്റവും കൂടുതല് സംഭാവന ചെയ്യുന്ന കോർപ്പറേഷനുകളില് ഒന്ന് തിരുവനന്തപുരം കോർപ്പറേഷൻ ആയിരിക്കും. അതിനുള്ള അടിത്തറയാണ് ഞങ്ങള് ഒരുക്കികൊണ്ടിരിക്കുന്നത്', വി വി രാജേഷ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR