എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ഊർജിതം.
Thiruvananthapuram , 03 ജൂണ് (H.S.) പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ഊർജിതം. തലസ്ഥാനത്ത് നടന്ന സംഭവത്തിലെ ഗ
Ed


Thiruvananthapuram , 03 ജൂണ് (H.S.)

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ഊർജിതം. തലസ്ഥാനത്ത് നടന്ന സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താൻ പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കേസ് അന്വേഷിക്കുന്നത്.

അറസ്റ്റിലായ പ്രതികളുടെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇവരുടെ മൊബൈൽ സന്ദേശങ്ങൾ സൈബർ സെല്ലിൻ്റെ സഹായത്തോടെ എസ്ഐടി വിദഗ്ധമായി പരിശോധിക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പ്രേരിപ്പിച്ച കോളുകളുടെയും സന്ദേശങ്ങളുടെയും യഥാർഥ ഉറവിടം കണ്ടെത്താനാണ് പൊലീസിൻ്റെ നീക്കം. അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരോ ഗൂഢാലോചന നടത്തിയവരോ ആരായാലും കർശന നടപടിയുണ്ടാകുമെന്ന് എസ്ഐടി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഇതിൽ പങ്കുണ്ടോ എന്ന് വിശദമായി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ 27നാണ് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് തടിച്ചുകൂടിയവർ വീടിന് പുറത്തുവച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് 30 അംഗ എസ്ഐടി രൂപീകരിച്ച് ഉത്തരവിറക്കിയത്. മുഖ്യമന്ത്രി വിഡി സതീശൻ്റെ കർശന നിർദേശത്തെ തുടർന്നാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

ചുമതലയേറ്റെടുത്ത എസ്ഐടി സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്താൻ ഉപയോഗിച്ച സേർച്ച് വാറൻ്റ് ഉൾപ്പെടെയുള്ള നിർണായക രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. അസിസ്റ്റൻ്റ് ഡയറക്ടർ സനിത് റെഡ്ഡി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. വീണയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ്റെ മൊഴിയും ഇതിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് തങ്ങൾക്ക് നേരെ നടന്നത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമുള്ള ആസൂത്രിത ആക്രമണമാണെന്ന് ഇഡി ഉദ്യോഗസ്ഥർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ ആരോപിച്ചു. ഏതെങ്കിലും സംഘടനകൾക്ക് ഈ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന കാര്യവും രഹസ്യാന്വേഷണ വിഭാഗം ആദ്യഘട്ടത്തിൽ പരിശോധിച്ചു. എന്നാൽ ഇതുവരെ യാതൊരു സ്ഥിരീകരണവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരിട്ട് അക്രമത്തിൽ പങ്കെടുത്തവരാണ് ഇവർ എല്ലാം. സംഭവസ്ഥലത്തെ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് മാത്രം 46 പേരെ എസ്ഐടി തിരിച്ചറിഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് എസ്ഐടി നൽകുന്ന സൂചന. രാഷ്ട്രീയ ഭേദമന്യേ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനാണ് വിഡി സതീശൻ പൊലീസിന് നൽകിയിട്ടുള്ള പ്രത്യേക നിർദേശം. അതിനാൽ അന്വേഷണം ഉന്നതരിലേക്കും നീളാൻ വലിയ സാധ്യതയുണ്ട്.

വാട്സാപ്പ്, ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം നൽകിയവരെയും സൈബർ പൊലീസ് തിരയുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ ഉൾപ്പെട്ട ഫോണുകൾ പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പരിശോധനാ വിധേയമാക്കുന്നുണ്ട്. റെയ്ഡ് വിവരമറിഞ്ഞ് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്നും സിറ്റി പൊലീസ് കമ്മിഷണർ വിലയിരുത്തും. ഇഡി ഉദ്യോഗസ്ഥർ നൽകിയ സുപ്രധാന മൊഴിയുടെ അടിസ്ഥാനത്തിൽ വൈകാതെ ഡിജിപിക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News