Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ജൂണ് (H.S.)
നയപ്രഖ്യാപന പ്രസംഗം ദിശാബോധമില്ലാത്ത തട്ടിക്കൂട്ട് രേഖയെന്ന് ബി ജെ പി എം എൽ എ ബി ബി ഗോപകുമാർ . അഴിമതി, ശബരിമല, ആത്മീയ പൈതൃകം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുന്നുവെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്കും ജനങ്ങളുടെ ആശങ്കകൾക്കും മറുപടി നൽകുന്നതിൽ പൂർണമായും പരാജയപ്പെട്ടതായി ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. ഗോപകുമാർ നിയമസഭയിൽ വിമർശിച്ചു.
പ്രതിപക്ഷത്തിരുന്ന കാലത്ത് ശബരിമല വിഷയത്തിലും സ്വർണക്കടത്ത് കേസിലും ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്ന യുഡിഎഫ് , അധികാരത്തിലെത്തിയ ശേഷം ആ വിഷയങ്ങളിൽ സമ്പൂർണ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ നടുക്കിയ സ്വർണക്കടത്ത് കേസിനെക്കുറിച്ചോ ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ വികാരത്തെ വേദനിപ്പിച്ച ശബരിമല പ്രക്ഷോഭ വിഷയത്തെക്കുറിച്ചോ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു പരാമർശം പോലും ഇല്ലാത്തത് സർക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ വാചാലമാകുന്ന സർക്കാർ, സി.എം.ആർ.എൽ ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതര ആരോപണങ്ങളിൽ വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലപാടുകളുടെ രാജകുമാരൻ എന്ന വിശേഷണം സ്വീകരിക്കുന്ന മുഖ്യമന്ത്രി ഈ വിഷയത്തിലും തന്റെ നിലപാട് കേരള ജനതയുടെ മുന്നിൽ വ്യക്തമാക്കാൻ തയ്യാറാകണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിനും സാംസ്കാരിക മൂല്യങ്ങൾക്കും നയപ്രഖ്യാപന പ്രസംഗത്തിൽ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ദേവസ്വം മേഖലയെ കേവലം തീർത്ഥാടന സർക്യൂട്ടുകളുടെ പരിധിയിൽ മാത്രം ഒതുക്കിക്കാണുന്നത് ഭാരതത്തിന്റെ ആധ്യാത്മിക അടിത്തറയെ അവഗണിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വന്ദേ മാതരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരാമർശിച്ച അദ്ദേഹം, പത്ത് കൈകളിൽ ആയുധമേന്തിയ ദുർഗ്ഗ നീയാണ്, താമരപ്പൂവിൽ വിഹരിക്കുന്ന ലക്ഷ്മി നീയാണ്, വിദ്യ നൽകുന്ന സരസ്വതിയും നീയാണ്, നിന്നെ ഞാൻ വന്ദിക്കുന്നു എന്ന വരികളിൽ എവിടെയാണ് വർഗീയതയുള്ളതെന്ന് ചോദിച്ചു. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെയും സാംസ്കാരിക ബോധത്തിന്റെയും പ്രതിഫലനമാണ് ഈ ആശയങ്ങളെന്നും അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതിയും സാമ്പത്തിക വളർച്ചയും സംബന്ധിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാർ, യാഥാർത്ഥ്യത്തിൽ കേരളം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് മറുപടി നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 63 ആണോ വലുത്, 22 ആണോ വലുത് എന്ന് സ്കൂൾ വിദ്യാർത്ഥികൾ വരെ ചോദിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ കേരളത്തിലെ ജനങ്ങളിലെത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ കൂടുതൽ ആത്മാർത്ഥത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതികൾ മോദിയുടെ ഗ്യാരണ്ടി എന്ന നിലയിൽ രാജ്യത്താകെ ഫലപ്രദമായി നടപ്പിലാകുമ്പോൾ, കേരളത്തിലും കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികളുടെ പ്രാധാന്യം അംഗീകരിക്കുന്നതിന് പകരം അവയ്ക്ക് പുതിയ പേരുകൾ നൽകി രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ രാഷ്ട്രീയ പ്രസ്താവനകളും,പൊള്ളയായ വാഗ്ദാനങ്ങളും മാത്രമായി മാറിയിരിക്കുന്ന ഈ നയപ്രഖ്യാപന പ്രസംഗം കേരളത്തിന്റെ ഭാവിക്ക് ദിശാബോധം നൽകുന്നതിൽ പരാജയപ്പെട്ട ഒരു തട്ടിക്കൂട്ട് രേഖ മാത്രമാണെന്ന് ബി.ബി. ഗോപകുമാർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR