കുവൈറ്റ് ആകാശപരിധി അടിയന്തരമായി അടച്ചതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് റദ്ദാക്കി
Ernakulam,03 ജൂണ് (H.S.) കുവൈറ്റ് ആകാശപരിധി അടിയന്തരമായി അടച്ചതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് റദ്ദാക്കി. കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ IX 439 നമ
Cochin International Airport


Ernakulam,03 ജൂണ് (H.S.)

കുവൈറ്റ് ആകാശപരിധി അടിയന്തരമായി അടച്ചതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് റദ്ദാക്കി. കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ IX 439 നമ്പർ വിമാനമാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് 11:45-ന് നെടുമ്പാശ്ശേരിയിൽ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ട രീതിയിലായിരുന്നു ഈ വിമാനത്തിൻ്റെ സമയം ക്രമീകിച്ചിരുന്നത്. ഇതനുസരിച്ച് പ്രവാസി മലയാളികൾ അടക്കമുള്ള യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരുകയും ബോർഡിങ് ഉൾപ്പെടെയുള്ള മുഴുവൻ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, കുവൈറ്റ് വ്യോമപാത പെട്ടെന്ന് അടച്ചതായി കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ചതോടെ സർവീസ് അടിയന്തരമായി റദ്ദാക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.

വിമാനത്തിൽ കയറാൻ തയാറായിരുന്ന 119 യാത്രക്കാരെയും തുടർന്ന് വിമാനത്താവളത്തിൽ തന്നെ ഓഫ്ലോഡ് ചെയ്തു. അപ്രതീക്ഷിതമായി സര്വീസ് മുടങ്ങിയതോടെ വിമാനത്താവളത്തിൽ മണിക്കൂറുകളോളം ആശങ്കാജനകമായ അന്തരീക്ഷമാണ് നിലനിന്നത്. തുടർന്ന് കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങള് പ്രത്യേകമായി ഇടപെട്ട് യാത്രക്കാരുടെ ഇമിഗ്രേഷന് നടപടികൾ റദ്ദാക്കുകയും ലഗേജുകൾ തിരികെ നൽകുകയും ചെയ്തു. ശേഷം യാത്രക്കാരെ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച് നാട്ടിലേക്ക് മടക്കി അയച്ചു.

കാരണം പശ്ചിമേഷ്യയിലെ മിസൈൽ ആക്രമണങ്ങൾ

പശ്ചിമേഷ്യൻ മേഖലയിൽ ഇറാനും മറ്റ് അയൽരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും ശക്തമായതാണ് വ്യോമപാത പെട്ടെന്ന് അടയ്ക്കാൻ കാരണം. ബഹ്റൈനിലെ ചില തന്ത്രപ്രധാന മേഖലകളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും എന്നാൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഇവ വിജയകരമായി പ്രതിരോധിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സുരക്ഷ മുൻനിർത്തിയാണ് സിവിൽ ഏവിയേഷൻ അധികൃതർ വിമാന സർവീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

പ്രവാസികൾ പ്രതിസന്ധിയിൽ

പെരുന്നാൾ-വേനലവധി ഉൾപ്പെടെയുള്ള അവധി ദിവസങ്ങൾ കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസി മലയാളികളാണ് ഈ അടിയന്തര തീരുമാനത്തോടെ വലിയ ദുരിതത്തിലായത്. പലരുടെയും വിസ കാലാവധിയും ജോലിയെ ബാധിക്കുന്ന സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ യാത്രക്കാർ വലിയ ആശങ്കയിലാണ്.

ടിക്കറ്റ് തുക തിരികെ നല്കുമെന്ന് സിയാല്

റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് പകരമുള്ള മറ്റ് സർവീസുകൾ ഒരുക്കുന്നതിനെക്കുറിച്ചും ടിക്കറ്റ് തുക റീഫണ്ട് ചെയ്യുന്നതിനെക്കുറിച്ചും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പിന്നീട് വ്യക്തമായ അറിയിപ്പ് നൽകുമെന്ന് സിയാൽ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News