Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ജൂണ് (H.S.)
തിരുവനന്തപുരം: തലസ്ഥാന നഗരിയെയും കേരളത്തെയും മുഴുവൻ മുൾമുനയിൽ നിർത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കൊച്ചിയിലെത്തിയ അന്വേഷണ സംഘം ഇ.ഡി ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തങ്ങൾക്ക് നേരെ നടന്നത് പെട്ടെന്നുണ്ടായ ഒരു ആക്രമണമല്ലെന്നും, കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും ഇ.ഡി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നാല് എസ്.എച്ച്.ഓമാർ ഉൾപ്പെടുന്ന വിപുലമായ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിയ സംഘം അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡ്ഡി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ആരംഭിച്ച മൊഴിയെടുപ്പ് രാത്രി വൈകിയാണ് അവസാനിച്ചത്.
പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകളും (CDR) മൊബൈൽ സന്ദേശങ്ങളും വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കോളുകളോ സന്ദേശങ്ങളോ ആരെങ്കിലും അയച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ എത്ര ഉന്നതരായ നേതാക്കളായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന സൂചന.
കൂടുതൽ പ്രതികൾക്കായി തിരച്ചിൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീട് സെർച്ച് ചെയ്യാനുള്ള കോടതി വാറണ്ട് അടക്കമുള്ള നിർണായക രേഖകളും പോലീസ് സംഘം ഇ.ഡിയിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെയാണ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. മൊത്തം 46 പേരെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും എസ്.ഐ.ടി അറിയിച്ചു.
---------------
Hindusthan Samachar / Roshith K