ജില്ലാ കളക്ടറോട് വിശേഷങ്ങൾ ചോദിച്ച് കുട്ടികൾ; ‘ഇൻസ്പയർ വെഡ്നസ്ഡേ’ക്ക് ഹൃദ്യമായ തുടക്കം
KOCHI,03 ജൂണ് (H.S.) ജില്ലാ കളക്ടറോട് വിശേഷങ്ങൾ ചോദിച്ച് കുട്ടികൾ; ‘ഇൻസ്പയർ വെഡ്നസ്ഡേ’ക്ക് ഹൃദ്യമായ തുടക്കം.ഗൗരവമേറിയ ചർച്ചകളും ഫയൽ നീക്കങ്ങളും നടക്കാറുള്ള ജില്ലാ കളക്ടറുടെ ചേംബറിലേക്ക് ഇന്ന് (ജൂൺ 3) മൂന്ന് മണിയോടെ എത്തിയത് ഒരുപറ്റം വിദ്യാർഥിനികള
ജി പ്രിയങ്ക


KOCHI,03 ജൂണ് (H.S.)

ജില്ലാ കളക്ടറോട് വിശേഷങ്ങൾ ചോദിച്ച് കുട്ടികൾ; ‘ഇൻസ്പയർ വെഡ്നസ്ഡേ’ക്ക് ഹൃദ്യമായ തുടക്കം.ഗൗരവമേറിയ ചർച്ചകളും ഫയൽ നീക്കങ്ങളും നടക്കാറുള്ള ജില്ലാ കളക്ടറുടെ ചേംബറിലേക്ക് ഇന്ന് (ജൂൺ 3) മൂന്ന് മണിയോടെ എത്തിയത് ഒരുപറ്റം വിദ്യാർഥിനികളാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ തിരക്കുകൾക്കിടയിലും അവരെ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജി പ്രിയങ്ക കാത്തിരിപ്പുണ്ടായിരുന്നു.

ജില്ലാ കളക്ടറുടെ വിദ്യാർത്ഥി സമ്പർക്ക പരിപാടിയായ 'ഇൻസ്പയർ വെഡ്നസ്ഡേ' ക്ക് ഇന്ന് തുടക്കം കുറിച്ചു.

അധ്യാപകരില്ലാത്ത ചേംബർ; കൗതുകം നിറഞ്ഞ ചോദ്യങ്ങളും.

ഒപ്പം വന്ന അധ്യാപകരോട് ഒന്നു പുറത്തിറങ്ങാമോ കുറച്ചുസമയത്തേക്ക് എന്നുപറഞ്ഞ് കുട്ടികൾക്ക് മാത്രമായി സംഭാഷണത്തിന് അവസരമൊരുക്കുകയായിരുന്നു ജില്ലാ കളക്ടർ. അതുകൊണ്ട് തന്നെ പേടിയോ മടിയോ കൂടാതെ കുട്ടികൾ കളക്ടറോട് മനസ്സ് തുറന്നു. അതിനിടയിലാണ് ഒരു മിടുക്കിയുടെ കൗതുകമുണർത്തിയ ചോദ്യം വന്നത്:

മഴ വന്നല്ലോ മേം, അവധി തരുമോ ?

കുട്ടികളുടെ സുരക്ഷക്കാണ് എപ്പോഴും മുൻഗണനയെന്നും, അതുകൊണ്ട് തന്നെ മഴ നോക്കി, മുന്നറിയിപ്പുകൾ നോക്കി കൃത്യമായി അവധി തരാമെന്ന് കളക്ടർ മറുപടി നൽകിയപ്പോൾ കുട്ടികൾ അത് കയ്യടിയോടെ സ്വീകരിച്ചു.

സ്വപ്നങ്ങളിലേക്ക് വഴിതുറന്ന് 'ഗോൾ സെറ്റിങ്'

തങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും, അവ എങ്ങനെ നേടിയെടുക്കാൻ പദ്ധതിയിടുന്നു എന്നും കുട്ടികൾ 'ഇൻസ്പയർ വെഡ്നസ്ഡേ' ഫോമുകളിൽ കുറിച്ചിട്ടു. കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ വ്യക്തമായ ലക്ഷ്യബോധം വളർത്തിയെടുക്കാൻ ഇതിലൂടെ കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ആരോഗ്യ പാഠങ്ങളുമായി ബിന്ദു ചേച്ചി

സംവാദത്തിന് മുന്നോടിയായി കുട്ടികളുടെ വ്യക്തിശുചിത്വത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവബോധം നൽകുന്ന ക്ലാസും സംഘടിപ്പിച്ചിരുന്നു. 'ഇ-ഉന്നതി' എൻ .ജി. ഒയിൽ നിന്നുള്ള ഡോ. ബിന്ദു സത്യജിത് കുട്ടികളോട് സംസാരിക്കുകയും, അവർക്കായി പേഴ്സണൽ ഹൈജീൻ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

വിദ്യാർത്ഥി സമ്പർക്ക പരിപാടിയുടെ ആദ്യ എഡിഷനിൽ തെങ്ങോട് ഗവ. ഹൈസ്കൂളിൽ നിന്നുള്ള 25 വിദ്യാർഥിനികളാണ് എത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ബസ് സൗകര്യവും ഒരുക്കിയിരുന്നു. എല്ലാ ബുധനാഴ്ചകളിലും ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കാൻ 'ഇൻസ്പയർ വെഡ്നെസ്ഡേ'യിലൂടെ

അവസരമൊരുങ്ങും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News