Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ജൂണ് (H.S.)
കൃഷിമന്ത്രി ടി സിദ്ദിഖിൻ്റെ വാർത്താ സമ്മേളനത്തിൽ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ. പത്രപ്രവർത്തകനായിരുന്ന കെ എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ നിയമസഭയിലെ മീഡിയ റൂമിലെ ഹാളിന് പുറത്തിറങ്ങി. തുടർന്നാണ് മന്ത്രി ടി സിദ്ദിഖ് വാർത്താ സമ്മേളനം നടത്തിയത്.
നിയമസഭ സമ്മേളനത്തിനു ശേഷമാണ് മന്ത്രി ടി സിദ്ദിഖ് പത്രസമ്മേളനം നടത്തിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു. ജി ആർ അനിൽ മന്ത്രിയായിരിക്കെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുകയും തുടർന്ന് ശ്രീറാം ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ മലപ്പുറം തിരൂർ സ്വദേശി കെ എം ബഷീർ മരിക്കുന്നത്. സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെ എം ബഷീർ. മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ അപകടം ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുൻപിലായിരുന്നു അപകടം. ശ്രീറാമിനൊപ്പം ഒരു യുവതിയും കാറിലുണ്ടായിരുന്നു. തെളിവ് നശിപ്പിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളും ശ്രീറാമിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ പരിഗണനയിലാണ്. അതിനിടെയാണ് ശ്രീറാം സർവീസിൽ തിരിച്ചെത്തിയത്. ഈ കേസിനു പുറമേ മറ്റു പല ആരോപണങ്ങളും ശ്രീറാമിനെതിരെ നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ശ്രീറാം വീണ്ടും സർക്കാർ സർവീസിൽ സുപ്രധാന തസ്തികയിൽ ചുമതലയേൽക്കുന്നത്. ഐഎഎസ് ഉൾപ്പെടെയുള്ള സർവീസ് സംഘടനകൾ ശ്രീറാമിനെതിരെ രംഗത്തെത്തിയെങ്കിലും സഹായിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊണ്ടത്.
മ്യൂസിയം സ്റ്റേഷനിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരത്താണ് അപകടം നടന്നത്. നിമിഷങ്ങൾക്കകം മ്യൂസിയം ക്രൈം എസ്ഐ ജയപ്രകാശും സംഘവും സ്ഥലത്തെത്തി. ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ ശ്രീറാം, ബഷീറിനെ റോഡിലേക്കു മാറ്റിക്കിടത്തിയെന്നും ആ സമയത്തു മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികൾ പിന്നീടു പൊലീസിനു മൊഴി നൽകി. ചോദ്യം ചെയ്യലിനു മുതിർന്ന പൊലീസിനോടു ശ്രീറാം താൻ ആരാണെന്നു വ്യക്തമാക്കിയതോടെ അവരുടെ സമീപനം മാറി. ഒപ്പമുണ്ടായിരുന്ന വഫയെ ഉടൻ പൊലീസ് വീട്ടിലേക്കു പറഞ്ഞയച്ചു. ശ്രീറാമിനെ പൊലീസ് ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരുക്കില്ലെങ്കിലും മെഡിക്കൽ കോളജിലേക്കു തന്നെ മാറ്റണമെന്നു ഡോക്ടറായ ശ്രീറാം തന്നെ നിർദേശിച്ചു.
എന്നാൽ ഡ്യൂട്ടി ഡോക്ടർ ശ്രീറാമിനു മദ്യത്തിൻ്റെ മണമുണ്ടായിരുന്നു എന്നു രേഖകളിൽ കുറിച്ചു. പ്രതി മദ്യപിച്ചതായി സംശയമുണ്ടായാൽ ശ്വാസപരിശോധനയും രക്തപരിശോധനയും നടത്തണമെന്ന ചട്ടമുണ്ടെങ്കിലും അതിനായി ഡോക്ടറോട് ആവശ്യപ്പെടാതെ പൊലീസ് ശ്രീറാമിനെ അവിടെ നിന്നു വിട്ടയച്ചു. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാതെ സുഹൃത്തിനൊപ്പം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കാണു പോയത്. അവിടെയും ഐഎഎസ് സംഘം ഇടപെട്ടതോടെ രക്തപരിശോധന നടന്നില്ല. മൊഴി രേഖപ്പെടുത്തൽ പൊലീസ് മന:പൂർവം വൈകിച്ചു. മാധ്യമ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്നാണു വഫയെ വീട്ടിൽ നിന്നു വിളിച്ചു വരുത്തി പിന്നീടു വൈദ്യപരിശോധന നടത്തിയത്.
ബഷീറിൻ്റെ മരണം നടന്ന ദിവസം തന്നെ കേസ് വഴി തിരിച്ചു വിടാൻ ശ്രമം നടന്നിരുന്നു. രാവിലെ ബഷീറിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുമ്പോഴാണു ശ്രീറാം വെങ്കിട്ടരാമൻ്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്ന വിവരം പുറത്തായത്. അപ്പോഴേക്കും അപകടം നടന്ന് ഒൻപതു മണിക്കൂർ പിന്നിട്ടിരുന്നു. രാവിലെ പത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ കൂട്ടി പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തി ശ്രീറാമിൻ്റെ രക്തസാംപിൾ എടുത്തെങ്കിലും മണിക്കൂറുകൾ വൈകിയുള്ള പരിശോധനയിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായില്ല. തൻ്റെ പേരിലുള്ള കെഎൽ 01-ബി എം 360 നമ്പർ വോക്സ്വാഗൺ കാർ സംഭവസമയത്ത് ഓടിച്ചിരുന്നതു ശ്രീറാം ആണെന്നു വഫ മൊഴി നൽകി. മാധ്യമ ഇടപെടലിനെ തുടർന്നാണു വഫയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. വൈകിട്ട് ശ്രീറാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വാഹനമോടിച്ചത് ആരാണെന്ന് അറിയില്ലെന്നാണു പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. നിസ്സാര വകുപ്പുകളിട്ടായിരുന്നു കേസെടുത്തിരുന്നത്. പിന്നീടു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അഡീഷനൽ റിപ്പോർട്ടിലാണു ജാമ്യമില്ലാ വകുപ്പു ചുമത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR