Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ജൂണ് (H.S.)
ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടന്നത് തടയാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റിൻ്റെ ജാമ്യാപേക്ഷ തള്ളി. വിജയ് വിമലിൻ്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പ്രാഥമിക ഘട്ടത്തിൽ തന്നെ ഇത്തരം കുറ്റങ്ങൾക്ക് ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും വിദ്യാർഥികൾക്ക് സമാനമായ പ്രവർത്തികൾ ചെയ്യാൻ ഉത്സാഹം ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിജയ് വിമൽ സംഘർഷത്തിൽ ഉണ്ടായിരുന്നിട്ടില്ല എന്നാണ് പ്രതിഭാഗ വാദം. എന്നാൽ ഇയാൾ സംഘർഷ മേഖലയിൽ ഉണ്ടായിരുന്നെന്നും ഇതിന് തെളിവ് ഉണ്ടെന്നും പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ഒഫീഷ്യൽ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സമയം, ഇത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പ്രതി ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
കേസിലെ മുൻ കോടതി നടപടികൾ
നേരത്തെ അന്വേഷണ ഏജൻസിക്ക് നേരെയുണ്ടായ ആക്രമണം ഗൗരവം ഉള്ളതാണെന്ന നിരീക്ഷണത്തോടെ കേസിലുൾപ്പെട്ട എല്ലാ സിപിഎം പ്രവർത്തകരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജില്ലാ പ്രസിഡൻ്റിൻ്റെ ജാമ്യാപേക്ഷയും തള്ളിയിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആയുധം ഉപയോഗിച്ച് അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾക്ക് ഒരു തരത്തിലും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
കോടതിയിൽ ഉദ്യോഗസ്ഥര് അവരുടെ ഔദ്യോഗിക കൃത്യനിര്വ്വഹണത്തിന് ഉപയോഗിച്ച വാഹനം പൊതുമുതലായാണ് നിയമത്തില് കണക്കാക്കുന്നതെന്നും പ്രോസിക്യൂട്ടര് കോടതിയെ അറിയിച്ചു. അതേസമയം അറസ്റ്റ് ചട്ടങ്ങള് പാലിച്ചില്ല, ഉദ്യോഗസ്ഥര് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ സമയം കൊണ്ട് തന്നെ ഔദ്യോഗിക കൃത്യനിര്വ്വഹണം തടസപ്പെട്ടില്ല, സ്വകാര്യ വാഹനം ആയത് കൊണ്ട് തന്നെ പൊതുമുതല് നശിപ്പിക്കപ്പെട്ടില്ല എന്നിവയായിരുന്നു പ്രതിഭാഗം വാദം.
കേസിൻ്റെ പശ്ചാത്തലം
മുന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെത്തുടർന്നാണ് ഇഡിയുടെ വാഹനം സിപിഎം പ്രവര്ത്തകര് അടിച്ചുതകര്ത്തത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയൻ്റെ വാടക വീട്ടിൽ നിന്നും മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ കല്ല്, ഇഷ്ടിക, വടി എന്നിവ ഉപയോഗിച്ച് ആക്രമണം ഉണ്ടായി. പൊലീസും കേന്ദ്ര സേനയും കാവലുണ്ടായിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം വലിയ തരത്തിലുള്ള സുരക്ഷാ വീഴ്ചയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR