കാലവർഷത്തിന് കേരളത്തിൽ പ്രവേശിക്കാൻ ഭീഷണിയായ ചക്രവാത ചുഴി കർണാടക തീരത്തേക്ക് മാറിയതോടെ കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് (മൺസൂൺ കാറ്റ് ) വീശി തുടങ്ങി.
Kasaragod , 03 ജൂണ് (H.S.) കാലവർഷത്തിന് കേരളത്തിൽ പ്രവേശിക്കാൻ ഭീഷണിയായ ചക്രവാത ചുഴി കർണാടക തീരത്തേക്ക് മാറിയതോടെ കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് (മൺസൂൺ കാറ്റ് ) വീശി തുടങ്ങി. കാലവർഷത്തിന് മുന്നോടിയായുള്ള മേഘപ്പാളി ഇന്ന് വൈകിട്ട് രൂപപ്പെടുന്നതോടെ മേഘ ര
Weather update


Kasaragod , 03 ജൂണ് (H.S.)

കാലവർഷത്തിന് കേരളത്തിൽ പ്രവേശിക്കാൻ ഭീഷണിയായ ചക്രവാത ചുഴി കർണാടക തീരത്തേക്ക് മാറിയതോടെ കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് (മൺസൂൺ കാറ്റ് ) വീശി തുടങ്ങി. കാലവർഷത്തിന് മുന്നോടിയായുള്ള മേഘപ്പാളി ഇന്ന് വൈകിട്ട് രൂപപ്പെടുന്നതോടെ മേഘ രൂപീകരണം നടക്കും. രാത്രിയോടെ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നും ഇത് തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മുതൽ പല സ്ഥലങ്ങളിലും മഴ പെയ്യുകയാണ്.

4,5,6 തീയതികളിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വരുന്ന 24 മണിക്കൂറിൽ കേരളത്തിൽ തെക്കുപടിഞ്ഞാറൻ ഭാഗത്ത് എല്ലാ ജില്ലകളിലും കാലവർഷം ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഇന്ന് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. 11 ജില്ലകളിലും യെലോ അലർട്ട് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, പീരുമേട്, കുന്നമംഗലം, എന്നീ സ്ഥലങ്ങളിൽ അതി ശക്തമായ മഴ ലഭിച്ചു.

അതേസമയം, രാജ്യത്ത് കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ നേരത്തെ അറിയിച്ചിരുന്നു. സാധാരണയേക്കാൾ കുറഞ്ഞ മഴയ്ക്കാണ് സാധ്യത. രാജ്യത്താകെ ഈ മൺസൂൺ കാലയളവിൽ ലഭിക്കാൻ സാധ്യതയുള്ള മഴ സാധാരണ ലഭിക്കാറുള്ളതിൻ്റെ (LPA) 90% മാത്രമായിരിക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി.

ഉഷ്ണ തരംഗത്തിനും സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിലെ 'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ' നിലവിൽ സാധാരണ (Neutral) അവസ്ഥയിലാണ്. മൺസൂൺ കാലത്തുടനീളം ഇത് ഈ രീതിയിൽ തുടരാനാണ് സാധ്യത. ജൂൺ മാസത്തിൽ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും മഹാരാഷ്ട്ര, തെലങ്കാന, ഹിമാചൽ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ദിവസം ഉഷ്ണതരംഗം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. എന്നാൽ രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യത കുറവാണ്.

കഴിഞ്ഞ വർഷങ്ങളിലെ പ്രവചനങ്ങൾ

2020 ൽ ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്നാണ് പ്രവചനം എങ്കിലും ജൂൺ ഒന്നിന് തന്നെ കാലവർഷമെത്തി. 2021ൽ മെയ് 31ന് കാലവർഷം എത്തും എന്ന് പ്രവചനം ഉണ്ടായെങ്കിലും ജൂൺ 3 ലാണ് കാലവർഷം എത്തിയത്. 2022ൽ മെയ് 27ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചെങ്കിലും 29 ഓടെയാണ് കാലവർഷം കേരളത്തിൽ എത്തിയത്. 2023ൽ ജൂൺ നാലിന് കാലവർഷം എത്തും എന്ന് പ്രതീക്ഷിച്ചെങ്കിലും ജൂൺ എട്ടിനാണ് കാലവർഷം എത്തിയത്. 2024 മെയ് 31ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചെങ്കിലും മുപ്പതിന് കാലവർഷമെത്തി. 2025 മെയ് 27ന് കാലവർഷം എത്തുമെന്ന് പ്രവചനം ഉണ്ടായെങ്കിലും മെയ് 24ന് തന്നെ കേരളത്തിൽ കാലവർഷം എത്തി 16 വർഷത്തെ ഇടവേളക്ക് ശേഷം ആയിരുന്നു ഇത്രയും നേരത്തെ കാലവർഷം കേരളത്തിൽ എത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News